ബുമ്രയെന്ന ക്യാപ്റ്റനെക്കാള്‍ കളിക്കാരനെയാണ് ടീമിന് ആവശ്യം; ക്യാപ്ടന്‍സിയെ കുറിച്ച് രാഹുലുമായി സംസാരിച്ചിട്ടില്ല; കോലി തന്നെയാണ് വിരമിക്കുന്നതായി അറിയിച്ചത്; ആ തീരുമാനത്തെ ബഹുമാനിക്കുകയാണ് ചെയ്തതെന്നും അജിത് അഗാര്‍ക്കര്‍
വിരാട് കോലി തന്നെയാണ് വിരമിക്കുന്നതായി അറിയിച്ചത്
മുംബൈ: നായകന്‍ രോഹിത് ശര്‍മയും സൂപ്പര്‍ താരം വിരാട് കോലിയും ടെസ്റ്റ് ക്രിക്കറ്റിനോട് വിടപറഞ്ഞ സാഹചര്യത്തില്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നായകനായി ശുഭ്മാന്‍ ഗില്ലിനെ തെരഞ്ഞെടുത്തതിനെ ന്യായീകരിച്ച് സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അജിത് അഗാര്‍ക്കര്‍. ടീമിലെ സീനിയര്‍ താരങ്ങളായ ജസ്പ്രീത് ബുമ്രയെയും കെ എല്‍ രാഹുലിനെയും എന്തുകൊണ്ടണ് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് പരിഗണിക്കാതിരുന്നതെന്ന ചോദ്യത്തിനും അഗാര്‍ക്കര്‍ മറുപടി നല്‍കി.
രോഹിത് ശര്‍മയുടെ അഭാവത്തില്‍ ജസ്പ്രീത് ബുമ്ര ഓസ്‌ട്രേലിയയില്‍ ഇന്ത്യയെ നയിച്ചിട്ടുണ്ട്. പക്ഷെ ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സര പരമ്പയിലെ മുഴുവന്‍ ടെസ്റ്റുകളിലും ബുമ്ര കളിക്കില്ല. ബുമ്രയെന്ന ക്യാപ്റ്റനെക്കാള്‍ കളിക്കാരനെയാണ് ടീമിന് ആവശ്യം. ബുമ്രയെ ക്യാപ്റ്റനാക്കുമ്പോള്‍ ടീമിലെ 15-16 കളിക്കാരെ മാനേജ് ചെയ്യേണ്ടതിന്റെ അധിക സമ്മര്‍ദ്ദം കൂടി ഏറ്റെടുക്കേണ്ടിവരും.
അത് ബുമ്രയെ കൂടുതല്‍ ബാധിക്കും. അതുകൊണ്ട് തന്നെ ബുമ്രയിലെ ബൗളറെയാണ് ടീം ആഗ്രഹിക്കുന്നതെന്ന് അജിത് അഗാര്‍ക്കര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര പോലെ വലിയൊരു പരമ്പരയില്‍ പൂര്‍ണമായും ഫിറ്റായ ബുമ്രയെ ടീമിന് ആവശ്യമുണ്ട്. ബുമ്രയുടെ കായികക്ഷമതയെക്കുറിച്ച് അദ്ദേഹത്തിന് നന്നായി അറിയാമെന്നും അഗാര്‍ക്കര്‍ പറഞ്ഞു.
കെ എല്‍ രാഹുലും മുമ്പ് ഇന്ത്യയുടെ ക്യാപ്റ്റനായിട്ടുണ്ട്. അന്ന് ഞാന്‍ സെലക്ടറായിരുന്നില്ല. ക്യാപ്ടന്‍സിയെ കുറിച്ച് രാഹുലുമായി സംസാരിച്ചിട്ടില്ല. രാഹുലിനെ സംബന്ധിച്ചിടത്തോളം മികച്ച പരമ്പരയാരിക്കുമിതെന്നാണ് പ്രതീക്ഷിക്കുന്നത്. പക്ഷെ ബുമ്രയുടെ കാര്യത്തില്‍ അദ്ദേഹം ഫിറ്റായിരിക്കുക എന്നത് ടീമിനെ സംബന്ധിച്ച് നിര്‍ണായകമാണെന്നും അഗാര്‍ക്കര്‍ പറഞ്ഞു. ശ്രേയസ് അയ്യരെ നിലവില്‍ ടെസ്റ്റ് ടീമിലേക്ക് പരിഗണിക്കാനാവില്ലെന്നും ആഭ്യന്തര ക്രിക്കറ്റില്‍ തിളങ്ങിയാല്‍ ഭാവിയില്‍ പരിഗണിക്കുമെന്നും അഗാര്‍ക്കര്‍ പറഞ്ഞു.
വിരാട് കോലിയുടെ വിരമിക്കല്‍ സംബന്ധിച്ച വിവാദങ്ങളും അഗാര്‍ക്കര്‍ തള്ളി. കോലി തന്നെയാണ് വിരമിക്കുന്നതായി അറിയിച്ചത്. ഏപ്രിലില്‍ സെലക്ടര്‍മാരെ കോലി സമീപിച്ചിരുന്നു. എപ്പോഴും 200 ശതമാനം നല്‍കുന്ന കളിക്കാരനാണ് കോലി. കോലിയുടെ തീരുമാനത്തെ ബഹുമാനിക്കുകയാണ് തങ്ങള്‍ ചെയ്തതെന്നും അഗാര്‍ക്കര്‍ പറഞ്ഞു.
ഔദ്യോഗിക പ്രഖ്യാപനത്തിന് വളരെ മുമ്പുതന്നെ കോലി തന്റെ വിരമിക്കല്‍ തീരുമാനം എടുത്തിരുന്നുവെന്ന് അഗാര്‍ക്കര്‍ സ്ഥിരീകരിച്ചു. 'ഏപ്രില്‍ ആദ്യം തന്നെ വിരാട് ബന്ധപ്പെട്ടു, ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കാന്‍ തീരുമാനിച്ചതായി പറഞ്ഞു' അഗാര്‍ക്കര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. മെയ് 12 ന് ഒരു ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് കോലി ആരാധകരെ വിരമിക്കല്‍ തീരുമാനം അറിയിച്ചത്. മുന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ വിരമിക്കല്‍ പ്രഖ്യാപനം നടത്തി ദിവസങ്ങള്‍ക്ക് ശേഷമാണ് കോലിയുടെ അപ്രതീക്ഷിത തീരമാനം പുറത്തുവന്നത്.