അവസാന മത്സരത്തില്‍ ഫോം വീണ്ടെടുത്ത് ധോണിയുടെ ബാറ്റിംഗ് നിര; അര്‍ധ സെഞ്ചുറിയുമായി ബ്രെവിസും കോണ്‍വേയും; മികവ് തെളിയിച്ച് ആയുഷ് മാത്രെയും ഉര്‍വില്‍ പട്ടേലും; റണ്‍മല തീര്‍ത്ത് മഞ്ഞപ്പട; ഗുജറാത്തിന് വിജയലക്ഷ്യം 231 റണ്‍സ്
റണ്‍മല തീര്‍ത്ത് മഞ്ഞപ്പട; ഗുജറാത്തിന് വിജയലക്ഷ്യം 231 റണ്‍സ്
അഹമ്മദാബാദ്: പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തണമെന്ന ഗുജറാത്ത് ടൈറ്റന്‍സിന്റെ മോഹങ്ങള്‍ക്ക് തിരിച്ചടി നല്‍കി കൂറ്റന്‍ വിജയലക്ഷ്യം ഉയര്‍ത്തി ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. അവസാന ലീഗ് മത്സരത്തിനിറങ്ങിയ ചെന്നൈ ബാറ്റിംഗ് നിര ഫോം വീണ്ടെടുത്തതോടെ 231 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യമാണ് ഗുജറാത്തിന് മുന്നില്‍ ഉയര്‍ത്തിയത്. പ്ലേഓഫ് ഉറപ്പിച്ച ടീമുകളെ പുറത്തായ ടീമുകള്‍ തോല്‍പ്പിക്കുന്ന പതിവ് തുടര്‍ച്ചയായ നാലാം മത്സരത്തിലും തുടരുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരും അവസാന സ്ഥാനക്കാരും നേര്‍ക്കുനേര്‍ എത്തിയ പോരാട്ടത്തില്‍, ഒന്നാമന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സിനു മുന്നില്‍ പടുകൂറ്റന്‍ വിജയലക്ഷ്യമാണ് ചെന്നൈ ഉയര്‍ത്തിയത്. ഗുജറാത്തിന്റെ തട്ടകത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ചെന്നൈ, നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 230 റണ്‍സെടുത്തത്.
ബാറ്റെടുത്തവരെല്ലാം ഒരുപോലെ തിളങ്ങിയതാണ് അവസാന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് കരുത്തായത്. അര്‍ധസെഞ്ചറി നേടിയ യുവതാരം ഡിയെവാള്‍ഡ് ബ്രെവിസാണ് ചെന്നൈയുടെ ടോപ് സ്‌കോറര്‍. അവസാന ഓവറുകളില്‍ ബൗണ്ടറി മഴ പെയ്യിച്ച ബ്രെവിസ്, 23 പന്തില്‍ അഞ്ച് സിക്‌സും നാലു ഫോറും സഹിതം 57 റണ്‍സെടുത്ത് അവസാന പന്തില്‍ പുറത്തായി. ഓപ്പണര്‍ ഡിവോണ്‍ കോണ്‍വെയും അര്‍ധസെഞ്ചറി നേടി. 35 പന്തില്‍ ആറു ഫോറും രണ്ടു സിക്‌സും സഹിതം 52 റണ്‍സെടുത്താണ് കോണ്‍വേ മടങ്ങിയത്.
ചെന്നൈയ്ക്ക് മിന്നുന്ന തുടക്കം സമ്മാനിച്ച യുവ ഓപ്പണര്‍ ആയുഷ് മാത്രെ 17 പന്തില്‍ മൂന്നു വീതം സിക്‌സും ഫോറും സഹിതം 34 റണ്‍സെടുത്തു. യുവതാരം ഉര്‍വില്‍ പട്ടേല്‍ 19 പന്തില്‍ 37 റണ്‍സ് നേടി. ശിവം ദുബെ എട്ടു പന്തില്‍ രണ്ടു സിക്‌സറുകളുടെ അകമ്പടിയോടെ 17 റണ്‍സെടുത്തു. രവീന്ദ്ര ജഡേജ 18 പന്തില്‍ ഓരോ സിക്‌സും ഫോറും സഹിതം 21 റണ്‍സോടെ പുറത്താകാതെ നിന്നു.
ചെന്നൈ നിരയില്‍ രണ്ട് അര്‍ധസെഞ്ചറി കൂട്ടുകെട്ടുകളുണ്ട്. രണ്ടാം വിക്കറ്റില്‍ കോണ്‍വേ ഉര്‍വില്‍ പട്ടേല്‍ സഖ്യം 34 പന്തില്‍ 63 റണ്‍സെടുത്തു. അഞ്ചാം വിക്കറ്റില്‍ ബ്രെവിസ് ജഡേജ സഖ്യം 39 പന്തില്‍ 74 റണ്‍സ് കൂട്ടിച്ചേര്‍ത്താണ് ചെന്നൈയ്ക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. ഓപ്പണിങ് വിക്കറ്റില്‍ മാത്രെ കോണ്‍വെ സഖ്യം വെറും 22 പന്തില്‍ അടിച്ചെടുത്ത 44 റണ്‍സും നിര്‍ണായകമായി.
മികച്ച കൂട്ടുകെട്ടുകള്‍
പവര്‍ പ്ലേയില്‍ മികച്ച തുടക്കമാണ് ആയുഷ് മാഹ്‌ത്രെ - ഡെവോണ്‍ കോണ്‍വെ സഖ്യം ചെന്നൈയ്ക്ക് നല്‍കിയത്. രണ്ടാം ഓവറില്‍ അര്‍ഷാദ് ഖാനെതിരെ 3 ,സിക്‌സറുകളും 2 ബൗണ്ടറികളും സഹിതം 28 റണ്‍സാണ് മാഹ്‌ത്രെ അടിച്ചുകൂട്ടിയത്. 17 പന്തുകള്‍ നേരിട്ട മാഹ്‌ത്രെ 34 റണ്‍സ് നേടിയാണ് മടങ്ങിയത്. പിന്നാലെയെത്തിയ ഉര്‍വില്‍ പട്ടേലും വേഗത്തില്‍ സ്‌കോര്‍ ചെയ്തതോടെ ചെന്നൈ കുതിച്ചു. 7-ാം ഓവറില്‍ ജെറാള്‍ഡ് കോട്‌സിയയെ ഉര്‍വില്‍ പട്ടേലും കോണ്‍വെയും കടന്നാക്രമിച്ചു. മൂന്ന് ബൗണ്ടറികളാണ് കോട്‌സിയ വഴങ്ങിയത്.
8-ാം ഓവറില്‍ സ്പിന്‍ കെണിയൊരുക്കാനായി സായ് കിഷോറിനെ നായകന്‍ ശുഭ്മാന്‍ ഗില്‍ പന്തേല്‍പ്പിച്ചു. ഒരു ബൗണ്ടറി സഹിതം 9 റണ്‍സ് നേടാന്‍ ചെന്നൈ ബൈറ്റര്‍മാര്‍ക്ക് കഴിഞ്ഞു. 8.5 ഓവറില്‍ ചെന്നൈയുടെ സ്‌കോര്‍ മൂന്നക്കത്തിലെത്തി. 10-ാം ഓവറിന്റെ രണ്ടാം പന്തില്‍ ഉര്‍വില്‍ പട്ടേലിനെ മടക്കിയയച്ച് സായ് കിഷോര്‍ ഗുജറാത്തിനെ മത്സരത്തിലേയ്ക്ക് തിരിച്ചെത്തിച്ചു. 19 പന്തില്‍ 37 റണ്‍സ് നേടിയാണ് ഉര്‍വില്‍ പട്ടേല്‍ മടങ്ങിയത്. ഇതോടെ, ക്രീസിലൊന്നിച്ച ശിവം ദുബെ - ഡെവോണ്‍ കോണ്‍വെ സഖ്യം ഇന്നിംഗ്‌സ് മുന്നോട്ടുകൊണ്ടുപോയി.
13ാം ഓവറില്‍ പാര്‍ട്ട് ടൈം ബൗളറായ ഷാറൂഖ് ഖാനെ പന്തേല്‍പ്പിച്ച ഗില്ലിന്റെ തന്ത്രം ഫലിച്ചു. അപകടകാരിയായ ശിവം ദുബെ ഒരു സിക്‌സര്‍ നേടിയെങ്കിലും തൊട്ടടുത്ത പന്തില്‍ വിക്കറ്റ് വീണു. വീണ്ടുമൊരു കൂറ്റനടിയ്ക്ക് ശ്രമിച്ച ദുബെയെ (17) ലോംഗ് ഓണ്‍ ബൗണ്ടറിയ്ക്ക് അരികെ കോട്‌സിയ പിടികൂടി. 13 ഓവറുകള്‍ പൂര്‍ത്തിയായപ്പോള്‍ ചെന്നൈയുടെ സ്‌കോര്‍ 150ല്‍ എത്തി.
പിന്നാലെ മനോഹരമായ സിക്‌സറിലൂടെ കോണ്‍വെ അര്‍ധ സെഞ്ച്വറി തികച്ചു. തൊട്ടടുത്ത പന്തില്‍ വീണ്ടുമൊരു വമ്പന്‍ ഹിറ്റിന് ശ്രമിച്ച കോണ്‍വെയുടെ കുറ്റി റാഷിദ് ഖാന്‍ തെറിപ്പിച്ചു. 35 പന്തുകള്‍ നേരിട്ട കോണ്‍വെ 52 റണ്‍സ് നേടിയാണ് മടങ്ങിയത്. അവസാന നാല് ഓവറുകളില്‍ തകര്‍ത്തടിക്കാന്‍ തന്നെയായിരുന്നു ചെന്നൈയുടെ പ്ലാന്‍. 17-ാം ഓവറില്‍ ഡെവാള്‍ഡ് ബ്രെവിസ് ഒരു സിക്‌സര്‍ നേടി. തൊട്ടടുത്ത ഓവറില്‍ അര്‍ഷാദ് ഖാനെതിരെ ജഡേജ സിക്‌സറും ബ്രെവിസ് ബൗണ്ടറിയും കണ്ടെത്തി. തുടര്‍ന്ന് 17.5 ഓവറില്‍ ടീം സ്‌കോര്‍ 200 റണ്‍സിലെത്തി.
19-ാം ഓവര്‍ എറിയാനെത്തിയ മുഹമ്മദ് സിറാജിനെ ആദ്യത്തെ രണ്ട് പന്തുകളും സിക്‌സര്‍ പറത്തിയാണ് ബ്രെവിസ് സ്വീകരിച്ചത്. മൂന്നാം പന്തില്‍ ബൗണ്ടറി കൂടി എത്തിയതോടെ ചെന്നൈയുടെ സ്‌കോര്‍ കുതിച്ചുയര്‍ന്നു. 19 പന്തില്‍ നിന്ന് ബ്രെവിസ് അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കി. 20 റണ്‍സാണ് സിറാജിന്റെ ഓവറില്‍ ചെന്നൈ ബാറ്റര്‍മാര്‍ അടിച്ചെടുത്തത്. അവസാന ഓവറില്‍ ഓവറില്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞ പ്രസിദ്ധ് കൃഷ്ണയെ അഞ്ചാം പന്തില്‍ ബ്രെവിസ് സിക്‌സറടിച്ചു. അവസാന പന്തില്‍ ബ്രെവിസിനെ (23 പന്തില്‍ 57 റണ്‍സ്) മടക്കിയയച്ച് പ്രസിദ്ധ് പകരം ചോദിക്കുകയും ചെയ്തു. സീസണിലെ അവസാന മത്സരത്തിനിറങ്ങുന്ന ചെന്നൈയ്ക്ക് വേണ്ടി ബാറ്റ് ചെയ്യാന്‍ മഹേന്ദ്ര സിംഗ് ധോണിയ്ക്ക് അവസരം ലഭിക്കാതിരുന്നത് ആരാധകരെ നിരാശരാക്കി.
ഗുജറാത്തിനായി പ്രസിദ്ധ് കൃഷ്ണ നാല് ഓവറില്‍ 22 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി. സായ് കിഷോര്‍ രണ്ട് ഓവറില്‍ 23 റണ്‍സ് വഴങ്ങിയും റാഷിദ് ഖാന്‍ നാല് ഓവറില്‍ 42 റണ്‍സ് വഴങ്ങിയും ഷാറൂഖ് ഖാന്‍ ഒരു ഓവറില്‍ 13 റണ്‍സ് വഴങ്ങിയും ഓരോ വിക്കറ്റ് വീഴ്ത്തി.