ബാറ്റിങ്ങില്‍ മാത്രമല്ല, ബൗളിംഗിലും ചെന്നൈ 'സൂപ്പര്‍ കിങ്‌സ്'; അവസാന മത്സരത്തില്‍ 83 റണ്‍സിന്റെ ആശ്വാസ ജയം; ഒന്നാമനെങ്കിലും ഗുജറാത്തിന്റെ ക്വാളിഫയര്‍ മോഹങ്ങള്‍ തുലാസില്‍; പഞ്ചാബിനും ആര്‍സിബിക്കും പ്രതീക്ഷ

ഗുജറാത്തിന്റെ ക്വാളിഫയര്‍ മോഹങ്ങള്‍ തുലാസില്‍

Update: 2025-05-25 14:08 GMT

അഹമ്മദാബാദ്: സീസണിലെ അവസാന മത്സരത്തില്‍ ഏറ്റവും മികച്ച പ്രകടനത്തോടെ 83 റണ്‍സിന്റെ ആശ്വാസ ജയം നേടി ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് മടക്കം. ഐപിഎല്‍ പതിനെട്ടാം സീസണിലെ അവസാന ലീഗ് മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ മിന്നുന്ന ജയമാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് സ്വന്തമാക്കിയത്. പ്ലേഓഫില്‍ കടന്നവരെ പ്ലേഓഫ് കാണാതെ പുറത്തായവര്‍ തോല്‍പ്പിക്കുന്ന പതിവിന് തുടര്‍ച്ചയായ നാലാം മത്സരത്തിലും തുടര്‍ച്ചയുണ്ടായപ്പോള്‍ 231 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഗുജറാത്തിന് 147 റണ്‍സ് നേടാനെ സാധിച്ചുള്ളൂ.

പ്ലേഓഫ് ഉറപ്പിച്ച ശേഷമുള്ള തുടര്‍ച്ചയായ രണ്ടാം മത്സരവും തോറ്റതോടെ, ആദ്യ രണ്ടു സ്ഥാനങ്ങളില്‍ ഒന്നു സ്വന്തമാക്കാനുള്ള ഗുജറാത്തിന്റെ സ്വപ്നത്തിനും മങ്ങലേറ്റു. ഗുജറാത്തിന്റെ ലീഗ് ഘട്ടത്തിലെ മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍, 17 പോയിന്റ് വീതമുള്ള റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനും പഞ്ചാബ് കിങ്‌സിനും ഇനിയും ഓരോ മത്സരം ബാക്കിയാണ്. 16 പോയിന്റുമായി നാലാം സ്ഥാനത്തുള്ള മുംബൈ ഇന്ത്യന്‍സിനു പോലും അവസാന മത്സരം ജയിച്ചാല്‍ ഗുജറാത്തിനെ മറികടന്ന് ഒന്നാം സ്ഥാനത്തേക്കു മുന്നേറാം.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ചെന്നൈ നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ അടിച്ചുകൂട്ടിയത് 230 റണ്‍സ്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഗുജറാത്തിനെ 9 പന്തുകള്‍ ബാക്കിനില്‍ക്കെ വെറും 147 റണ്‍സില്‍ ചെന്നൈ എറിഞ്ഞിട്ടു. ഈ സീസണില്‍ ചെന്നൈയുടെ ഉയര്‍ന്ന സ്‌കോറാണ് അവസാന മത്സരത്തിലെ 230 റണ്‍സ്. ഈ മത്സരത്തില്‍ ചെന്നൈ താരങ്ങള്‍ അടിച്ചുകൂട്ടിയ 15 സിക്‌സറുകളും ഈ സീസണില്‍ അവരുടെ ഏറ്റവും മികച്ച പ്രകടനമാണ്. ജയിച്ചെങ്കിലും ചെന്നൈ എട്ടു പോയിന്റുമായി അവസാന സ്ഥാനക്കാരായാണ് മടങ്ങുന്നത്.

ബാറ്റര്‍മാര്‍ കൂട്ടത്തോടെ നിരാശപ്പെടുത്തിയതാണ് ചെന്നൈയ്ക്കെതിരായ മത്സരത്തില്‍ ഗുജറാത്തിന് വിനയായത്. 28 പന്തില്‍ ആറു ഫോറുകള്‍ സഹിതം 41 റണ്‍സെടുത്ത സായ് സുദര്‍ശനാണ് ഗുജറാത്തിന്റെ ടോപ് സ്‌കോറര്‍. ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ (ഒന്‍പതു പന്തില്‍ 13), ഷാറൂഖ് ഖാന്‍ (15 പന്തില്‍ 19), റാഷിദ് ഖാന്‍ (ഒന്‍പതു പന്തില്‍ 14), രാഹുല്‍ തെവാത്തിയ (10 പന്തില്‍ 14), അര്‍ഷാദ് ഖാന്‍ (14 ന്തില്‍ മൂന്നു സിക്‌സറുകള്‍ സഹിതം 20) എന്നിവരാണ് രണ്ടക്കത്തിലെത്തിയ മറ്റു ഗുജറാത്ത് താരങ്ങള്‍.

ജോസ് ബട്‌ലര്‍ (ഏഴു പന്തില്‍ അഞ്ച്), ഷെര്‍ഫെയ്ന്‍ റുഥര്‍ഫോഡ് (നാലു പന്തില്‍ 0), ജെറാള്‍ഡ് കോയെട്‌സെ (അഞ്ച് പന്തില്‍ അഞ്ച്), സായ് കിഷോര്‍ (നാലു പന്തില്‍ മൂന്ന്) എന്നിവര്‍ നിരാശപ്പെടുത്തി. ചെന്നൈയ്ക്കായി നൂര്‍ അഹമ്മദ് നാല് ഓവറില്‍ 21 റണ്‍സ് വഴങ്ങിയും അന്‍ഷുല്‍ കംബോജ് 2.3 ഓവറില്‍ 13 റണ്‍സ് വഴങ്ങിയും മൂന്നു വിക്കറ്റ് വീതം വീഴ്ത്തി. രവീന്ദ്ര ജഡേജ മൂന്ന് ഓവറില്‍ 17 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റെടുത്തു. ഖലീല്‍ അഹമ്മദ്, മതീഷ പതിരണ എന്നിവര്‍ക്ക് ഓരോ വിക്കറ്റ് ലഭിച്ചു.

231 റണ്‍സ് എന്ന കൂറ്റന്‍ വിജയലക്ഷ്യത്തിലേയ്ക്ക് ബാറ്റ് വീശിയ ഗുജറാത്തിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. പവര്‍ പ്ലേ അവസാനിക്കും മുമ്പ് തന്നെ ഗുജറാത്തിന് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായിരുന്നു. മികച്ച ഫോമിലുള്ള നായകന്‍ ശുഭ്മാന്‍ ഗില്‍ 13 റണ്‍സിന് പുറത്തായി. പിന്നാലെയെത്തിയ ജോസ് ബട്‌ലറും (5) ഷെര്‍ഫെയ്ന്‍ റൂഥര്‍ഫോര്‍ഡും (0)നിരാശപ്പെടുത്തി. ഓറഞ്ച് ക്യാപ് ലിസ്റ്റില്‍ മുന്നിലുള്ള സായ് സുദര്‍ശനും ഷാറൂഖ് ഖാനും ഗുജറാത്തിന്റെ ഇന്നിംഗ്‌സ് മുന്നോട്ടുകൊണ്ടുപോയി. 15 പന്തില്‍ 19 റണ്‍സ് നേടിയ ഷാറൂഖ് ഖാനെയും 28 പന്തില്‍ 41 റണ്‍സ് നേടിയ സായ് സുദര്‍ശനെയും ജഡേജ ഒരേ ഓവറില്‍ തന്നെ മടക്കിയയച്ചതോടെ ഗുജറാത്ത് അപകടം മണത്തു.

85ന് 6 എന്ന നിലയില്‍ തകര്‍ന്ന ഗുജറാത്തിനെ മുന്നോട്ട് കൊണ്ടുപോകാന്‍ രാഹുല്‍ തെവാതിയയും റാഷിദ് ഖാനും ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. 12 റണ്‍സ് നേടിയ റാഷിദ് ഖാനെ നൂര്‍ അഹമ്മദ് പുറതത്താക്കി. പിന്നാലെ ജെറാഡ് കോട്‌സിയയുടെ കുറ്റി പിഴുത് മതീശ പതിരണ ചെന്നൈയ്ക്ക് വിജയത്തിലേയ്ക്കുള്ള വഴി എളുപ്പമാക്കി മാറ്റി. 16-ാം ഓവറില്‍ രാഹുല്‍ തെവാതിയയെ (14) നൂര്‍ അഹമ്മദ് മടക്കിയയച്ചതോടെ ഗുജറാത്തിന്റെ പ്രതീക്ഷകള്‍ പൂര്‍ണമായി അസ്തമിച്ചു. അവസാന ഓവറുകളില്‍ അര്‍ഷാദ് ഖാന്‍ മൂന്ന് സിക്‌സറുകള്‍ നേടിയതൊഴിച്ചാല്‍ പിന്നീട് വന്നവര്‍ക്ക് കാര്യമായി ഒന്നും ചെയ്യാന്‍ സാധിച്ചില്ല. അര്‍ഷാദ് ഖാനെ നൂര്‍ അഹമ്മദും സായ് കിഷോറിനെ അന്‍ഷുല്‍ കാംബോജും പുറത്താക്കിയതോടെ ഗുജറാത്തിന്റെ പോരാട്ടം 147 റണ്‍സില്‍ അവസാനിച്ചു.

നേരത്തെ, ഗുജറാത്തിന്റെ തട്ടകത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ചെന്നൈ, നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 230 റണ്‍സെടുത്തത്. ബാറ്റെടുത്തവരെല്ലാം ഒരുപോലെ തിളങ്ങിയതാണ് അവസാന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് കരുത്തായത്. അര്‍ധസെഞ്ചറി നേടിയ യുവതാരം ഡിയെവാള്‍ഡ് ബ്രെവിസാണ് ചെന്നൈയുടെ ടോപ് സ്‌കോറര്‍. അവസാന ഓവറുകളില്‍ ബൗണ്ടറി മഴ പെയ്യിച്ച ബ്രെവിസ്, 23 പന്തില്‍ അഞ്ച് സിക്‌സും നാലു ഫോറും സഹിതം 57 റണ്‍സെടുത്ത് അവസാന പന്തില്‍ പുറത്തായി. ഓപ്പണര്‍ ഡിവോണ്‍ കോണ്‍വെയും അര്‍ധസെഞ്ചറി നേടി. 35 പന്തില്‍ ആറു ഫോറും രണ്ടു സിക്‌സും സഹിതം 52 റണ്‍സെടുത്താണ് കോണ്‍വേ മടങ്ങിയത്.

ചെന്നൈയ്ക്ക് മിന്നുന്ന തുടക്കം സമ്മാനിച്ച യുവ ഓപ്പണര്‍ ആയുഷ് മാത്രെ 17 പന്തില്‍ മൂന്നു വീതം സിക്‌സും ഫോറും സഹിതം 34 റണ്‍സെടുത്തു. ശിവം ദുബെ എട്ടു പന്തില്‍ രണ്ടു സിക്‌സറുകളുടെ അകമ്പടിയോടെ 17 റണ്‍സെടുത്തു. രവീന്ദ്ര ജഡേജ 18 പന്തില്‍ ഓരോ സിക്‌സും ഫോറും സഹിതം 21 റണ്‍സോടെ പുറത്താകാതെ നിന്നു.

ചെന്നൈ നിരയില്‍ രണ്ട് അര്‍ധസെഞ്ചറി കൂട്ടുകെട്ടുകളുണ്ട്. രണ്ടാം വിക്കറ്റില്‍ കോണ്‍വേ ഉര്‍വില്‍ പട്ടേല്‍ സഖ്യം 34 പന്തില്‍ 63 റണ്‍സെടുത്തു. അഞ്ചാം വിക്കറ്റില്‍ ബ്രെവിസ് ജഡേജ സഖ്യം 39 പന്തില്‍ 74 റണ്‍സ് കൂട്ടിച്ചേര്‍ത്താണ് ചെന്നൈയ്ക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. ഓപ്പണിങ് വിക്കറ്റില്‍ മാത്രെ കോണ്‍വെ സഖ്യം വെറും 22 പന്തില്‍ അടിച്ചെടുത്ത 44 റണ്‍സും നിര്‍ണായകമായി. ഗുജറാത്തിനായി പ്രസിദ്ധ് കൃഷ്ണ നാല് ഓവറില്‍ 22 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി. സായ് കിഷോര്‍ രണ്ട് ഓവറില്‍ 23 റണ്‍സ് വഴങ്ങിയും റാഷിദ് ഖാന്‍ നാല് ഓവറില്‍ 42 റണ്‍സ് വഴങ്ങിയും ഷാറൂഖ് ഖാന്‍ ഒരു ഓവറില്‍ 13 റണ്‍സ് വഴങ്ങിയും ഓരോ വിക്കറ്റ് വീഴ്ത്തി.

Similar News