ബിസിസിഐ പ്രതീക്ഷിച്ചത് ചാമ്പ്യന്‍സ് ട്രോഫിക്കു പിന്നാലെ വിരമിക്കുമെന്ന്; രോഹിതിന് നായകനായി ലോകകപ്പ് കളിക്കാന്‍ മോഹം; രണ്ട് വര്‍ഷം കാത്തിരിക്കുമോ? ഫിറ്റ്നസും ഫോമും ആശങ്ക; ക്യാപ്റ്റന്‍ സ്ഥാനം നഷ്ടമായേക്കും; പിന്‍ഗാമി ശ്രേയസ് അയ്യര്‍?
രോഹിതിന് ക്യാപ്റ്റന്‍ സ്ഥാനം നഷ്ടമായേക്കും; പിന്‍ഗാമി ശ്രേയസ് അയ്യര്‍?
ന്യൂഡല്‍ഹി: ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിച്ചതോടെ ഏകദിന ക്രിക്കറ്റിലും രോഹിത് ശര്‍മയ്ക്ക് നായക സ്ഥാനം നഷ്ടമാകുമോ? ടെസ്റ്റിലും ട്വന്റി 20യിലും രോഹിത് പടിയിറങ്ങിയതോടെ ഏകദിനത്തില്‍ മാത്രമാണ് ഇന്ത്യക്കായി കളിക്കുന്നത്. എന്നാല്‍ രോഹിത്തിന്റെ നായകസ്ഥാനവും ഭീഷണിയിലാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. 2027 ഏകദിന ലോകകപ്പില്‍ രോഹിത് നായകനായി ഉണ്ടായേക്കില്ലെന്നാണ് വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ടെസ്റ്റില്‍ രോഹിത് ശര്‍മയുടെ വിരമിക്കലിന് പിന്നാലെയാണ് ഇന്ത്യ ശുഭ്മാന്‍ ഗില്ലിനെ ടെസ്റ്റ് ടീമിന്റെ നായകനായി നിയമിച്ചത്. ഗില്ലിന്റെ വരവോടെ ഇന്ത്യക്ക് മൂന്നുഫോര്‍മാറ്റിലും മൂന്നുവ്യത്യസ്ത നായകന്മാരുമായി. എന്നാല്‍ വൈകാതെ രോഹിതിന് ഏകദിനത്തിലും നായകസ്ഥാനം നഷ്ടമായേക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സമീപകാലത്ത് മികച്ച ഫോമിലുള്ള ശ്രേയസ് അയ്യരുടെ പേര് ഇന്ത്യന്‍ ഏകദിന ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് പറഞ്ഞുകേള്‍ക്കുന്നുണ്ട്.
ചാമ്പ്യന്‍സ് ട്രോഫിക്കു പിന്നാലെ രോഹിത് ഏകദിനത്തില്‍ നിന്ന് വിരമിക്കുമെന്ന് ബിസിസിഐ പ്രതീക്ഷിച്ചിരുന്നു എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരികയാണ്. സത്യത്തില്‍ ചാമ്പ്യന്‍സ് ട്രോഫി നേടിയ ശേഷം രോഹിത് ഏകദിന ഫോര്‍മാറ്റില്‍ നിന്ന് മാറിയേക്കുമെന്ന് തങ്ങളില്‍ പലരും കരുതിയിരുന്നുവെന്ന് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസാണ് റിപ്പോര്‍ട്ട് ചെയ്തത്. അജിത്ത് അഗാര്‍ക്കറിന്റെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റിയുമായി രോഹിത് യാതൊരു ചര്‍ച്ചയും നടത്തിയിട്ടുമില്ല. ഈ പശ്ചാത്തലത്തില്‍ രോഹിത് ശര്‍മ അധികകാലം ഏകദിന നായകസ്ഥാനത്ത് തുടരില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.
2025 മാര്‍ച്ച് ഒമ്പതിന് ന്യൂസിലന്‍ഡിനെതിരേ ഐസിസി ചാമ്പ്യന്‍സ് ട്രോഫി ഫൈനലിലാണ് രോഹിത് അവസാനമായി ഇന്ത്യയ്ക്കായി ഏകദിനം കളിച്ചത്. അടുത്ത ലോകകപ്പിലേക്ക് ഇനിയും രണ്ടു വര്‍ഷത്തെ ദൂരമുണ്ട്. അപ്പോഴേക്കും രോഹിത്തിന് 40 വയസ് തികയും. ഫിറ്റ്നസും സമീപകാലത്തെ ഫോമും രോഹിത്തിന് ഒട്ടും ആശ്വാസകരമല്ല. ഏകദിന ടീമില്‍ രോഹിത്തിന്റെ സ്ഥാനം പോലും ഇപ്പോള്‍ സംശയമാണ്. സൂര്യകുമാര്‍ യാദവിനെ ട്വന്റി 20 ക്യാപ്റ്റനായും ഗില്ലിനെ ടെസ്റ്റ് ക്യാപ്റ്റനായും നിയമിച്ചുകഴിഞ്ഞ ക്രിക്കറ്റ് ബോര്‍ഡ് ഏകദിനത്തിലും രോഹിത്തിന് പകരം അടുത്തുതന്നെ മറ്റൊരാളെ പരിഗണിച്ചേക്കുമെന്ന് ഉറപ്പാണ്.
ഇന്ത്യയുടെ ഏകദിന ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് ശ്രേയസ് അയ്യരെത്തുമോ എന്ന് ഉറ്റുനോക്കുകയാണ് ആരാധകര്‍. ഐപിഎല്ലില്‍ പഞ്ചാബ് കിങ്സിനെ ഫൈനലിലെത്തിച്ച പ്രകടനമടക്കം ശ്രേയസിന് കരുത്താകുമെന്നാണ് സൂചനകള്‍. വിരമിക്കല്‍ പ്രഖ്യാപിക്കാത്ത ഏകദിന ഫോമാറ്റില്‍ ആരാകും രോഹിതിന് പിന്‍ഗാമി എത്തുകയെന്ന് ചര്‍ച്ചയിലാണ് ക്രിക്കറ്റ് ലോകം. ടെസ്റ്റ് ക്യാപ്റ്റനായ ഗില്‍ തന്നെ രോഹിതിന് ശേഷം ഏകദിന ടീമിനെ നയിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടെണ്ടെങ്കിലും ഐപിഎല്ലിന് ശേഷം യുവതാരം ശ്രയേസ് അയ്യരേയും ക്യാപ്റ്റന്‍സി റോളിലേക്ക് പരിഗണിക്കുന്നുണ്ടെന്നാണ് സൂചനകള്‍.
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഏകദിന ഫോര്‍മാറ്റില്‍ സ്ഥിരതയോടെ കളിക്കുന്ന താരമാണ് ശ്രേയസ്. ഏകദിന ലോകകപ്പിലും ചാംപ്യന്‍സ് ട്രോഫിയിലും മധ്യനിരയിലെ കരുത്തായിരുന്നു ശ്രേയസ്. ഒപ്പം ഐപിഎലില്‍ പഞ്ചാബിന്റെ ക്യാപ്റ്റനായി നടത്തിയ മിന്നും പ്രകടനവും ശ്രയസിന് നേട്ടമായെന്നാണ് റിപ്പോര്‍ട്ടുകള്‍. 2027ലെ ഏകദിന ലോകകപ്പ് കളിക്കുക എന്നതാണ് രോഹിത്തിന്റെ സ്വപ്നമെങ്കിലും അത് സാധ്യമാകുമോ എന്ന് വരും നാളുകളിലെ വ്യക്തമാവൂ.
ഇംഗ്ലണ്ടിലേക്കുള്ള ടെസ്റ്റ് ടീമില്‍ ശ്രേയസ് അയ്യരെ ഒഴിവാക്കിയത് ചര്‍ച്ചയായിരുന്നു. ആഭ്യന്തര ക്രിക്കറ്റിലും ഐപിഎല്ലിലും മികച്ച ഫോം പുറത്തെടുത്ത ശ്രേയസ് ടീമിലെത്തുമെന്നാണ് ആരാധകര്‍ കരുതിയത്. എന്നാല്‍ മറിച്ചാണ് സംഭവിച്ചത്. ശ്രേയസിനെ എന്തുകൊണ്ട് ടീമിലെടുത്തില്ലെന്നതിനെ കുറിച്ച് സംസാരിക്കുകയാണിപ്പോള്‍ പരിശീകന്‍ ഗൗതം ഗംഭീര്‍. എല്ലാവരെയും ഉള്‍പ്പെടുത്താന്‍ കഴിയില്ലെന്നുമാണ് ഗംഭീര്‍ പറഞ്ഞത്.