വൈഭവ് സൂര്യവംശിയെ നേരിട്ടു കാണണം; ഒപ്പം നിന്ന് ഒരു ഫോട്ടോ എടുക്കണം; ആറ് മണിക്കൂര്‍ വാഹനമോടിച്ചെത്തി യുകെയിലെ ആരാധികമാര്‍; അതിവേഗ സെഞ്ചുറിയടക്കം ഇംഗ്ലണ്ടിലെ മിന്നും പ്രകടനത്തോടെ താരപ്രഭയില്‍ പതിനാലുകാരന്‍

Update: 2025-07-10 13:45 GMT

ലണ്ടന്‍: ഐപിഎല്ലിലെ മിന്നും പ്രകടനത്തിന് പിന്നാലെ ഇന്ത്യ അണ്ടര്‍ 19 ടീമിനായും ബാറ്റിംഗ് വിസ്മയം തീര്‍ത്തതോടെ വൈഭവ് സൂര്യവംശി എന്ന പതിന്നാലുകാരന്റെ താരപ്രഭ കുതിച്ചുയരുകയാണ്. ഇംഗ്ലണ്ട് അണ്ടര്‍ 19 ടീമിനെതിരായ പരമ്പരയില്‍ അതിവേഗ സെഞ്ചുറി കുറിച്ച വൈഭവ് റെക്കോഡുകള്‍ തിരുത്തിയെഴുതിയിരുന്നു. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യന്‍ കൗമാരപ്പട സ്വന്തമാക്കുകയും ചെയ്തു. തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ ഇംഗ്ലണ്ടിലും തരംഗമാവുകയാണ് വൈഭവ്. വൈഭവിനെ കാണാനായി ഒട്ടേറെ ആരാധകരാണ് സ്റ്റേഡിയത്തിലെത്തുന്നത്. കഴിഞ്ഞ ദിവസം രണ്ട് ആരാധികമാര്‍ വൈഭവിനെ കാണാനായി ഇംഗ്ലണ്ടിലെ സ്റ്റേഡിയത്തിലെത്തി. മണിക്കൂറുകളോളം യാത്രചെയ്താണ് ഇവര്‍ താരത്തെ കാണാനായെത്തിയത്.

വൈഭവിനെ കാണുന്നതിനും ഒപ്പംനിന്ന് ഫോട്ടോയെടുക്കുന്നതിനുമായി ആറു മണിക്കൂര്‍ യാത്ര ചെയ്‌തെത്തിയ ആരാധകരുടെ ചിത്രങ്ങള്‍ ഐപിഎല്‍ ടീമായ രാജസ്ഥാന്‍ റോയല്‍സാണു പുറത്തുവിട്ടത്. വൈഭവ് കളിക്കുന്ന രാജസ്ഥാന്‍ റോയല്‍സിന്റെ ജഴ്‌സി ധരിച്ചാണ് രണ്ടു പെണ്‍കുട്ടികള്‍ എത്തിയത്. ആന്യ, റിവ എന്നിവര്‍ക്ക് വൈഭവിനെപ്പോലെ 14 വയസ്സാണു പ്രായമെന്നും രാജസ്ഥാന്‍ റോയല്‍സ് എക്‌സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചു. രാജസ്ഥാന്‍ റോയല്‍സിന്റെ ജേഴ്സിയണിഞ്ഞ ഇരുവരും വൈഭവിനൊപ്പം ചിത്രമെടുക്കുകയും ചെയ്തു. രാജസ്ഥാന്‍ റോയല്‍സ് ഈ ചിത്രം അവരുടെ സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുമുണ്ട്.

ഇംഗ്ലണ്ടിനെതിരായ നാലാം ഏകദിനത്തിലാണ് വൈഭവ് സെഞ്ചുറിയുമായി തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തത്. 78 പന്തില്‍ നിന്ന് 143 റണ്‍സെടുത്താണ് താരം പുറത്തായത്. 13 ഫോറുകളും 10 സിക്സറുകളുമടങ്ങുന്നതായിരുന്നു വൈഭവിന്റെ ഇന്നിങ്സ്. സെഞ്ചുറി പ്രകടനത്തിന് പിന്നാലെ പതിന്നാലുകാരന്‍ പുതുചരിത്രമെഴുതി. യൂത്ത് ഏകദിന ചരിത്രത്തില്‍ ഏറ്റവും വേഗത്തില്‍ സെഞ്ചുറി നേടുന്ന താരമെന്ന ചരിത്രനേട്ടവും വൈഭവ് സ്വന്തമാക്കി. 52 പന്തില്‍ മൂന്നക്കം തൊട്ട താരം പാക് താരമായ കമ്രാന്‍ ഖുലാമിന്റെ റെക്കോഡാണ് മറികടന്നത്. 2013-ല്‍ ഖുലാം 53-പന്തിലാണ് സെഞ്ചുറി തികച്ചത്. ഇംഗ്ലണ്ട് അണ്ടര്‍ 19 ടീമിനെതിരേയാണ് അന്ന് പാക് കൗമാരതാരം സെഞ്ചുറി തികച്ചത്.

വോഴ്‌സെസ്റ്ററിലും നോര്‍ത്താംപ്ടനിലുമായി നടന്ന പരമ്പര 32ന് ഇന്ത്യ സ്വന്തമാക്കി. വെടിക്കെട്ട് ബാറ്റിങ്ങാണ് ഏകദിന പോരാട്ടങ്ങളില്‍ വൈഭവ് പുറത്തെടുത്തത്. 48, 45, 86, 143, 33 എന്നിങ്ങനെയാണ് അഞ്ച് മത്സരങ്ങളില്‍ വൈഭവ് നേടിയ സ്‌കോറുകള്‍. ക്യാപ്റ്റന്‍ ആയുഷ് മാത്രെ ബാറ്റിങ്ങില്‍ തുടര്‍ച്ചയായി പരാജയപ്പെട്ടപ്പോള്‍, ട്വന്റി20 സ്‌റ്റൈലില്‍ ബാറ്റു വീശിയ വൈഭവാണ് ഇന്ത്യന്‍ ഇന്നിങ്‌സിനെ തോളിലേറ്റിയത്.

14 വയസ്സുകാരനായ വൈഭവ് കഴിഞ്ഞ വര്‍ഷമാണ് ഐപിഎലില്‍ അരങ്ങേറിയത്. ഐപിഎല്‍ കളിക്കുന്ന പ്രായം കുറഞ്ഞ താരം, ഐപിഎല്‍ സെഞ്ചറി നേടിയ പ്രായം കുറഞ്ഞ താരം എന്നീ റെക്കോര്‍ഡുകളും വൈഭവിന്റെ പേരിലാണ്. അടുത്ത സീസണിലും വൈഭവ് രാജസ്ഥാന്‍ റോയല്‍സില്‍ കളിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ആഭ്യന്തര ക്രിക്കറ്റില്‍ ബിഹാറിനു വേണ്ടിയാണു താരം കളിക്കുന്നത്.

ഇംഗ്ലണ്ട് അണ്ടര്‍ 19 ടീമിനെതിരായ മൂന്നാം ഏകദിനത്തില്‍ വെടിക്കെട്ട് നടത്തിയ വൈഭവ് അതിവേഗ അര്‍ധസെഞ്ചുറി തികച്ചിരുന്നു. 20 പന്തില്‍ നിന്ന് താരം അര്‍ധസെഞ്ചുറിയും നേടിയതോടെ അണ്ടര്‍ 19 ഏകദിനത്തില്‍ ഇന്ത്യക്കായി അതിവേഗ അര്‍ധസെഞ്ചുറി നേടുന്ന രണ്ടാമത്തെ താരമായും മാറി. ഋഷഭ് പന്താണ് അണ്ടര്‍ 19 ഏകദിനത്തില്‍ ഏറ്റവും വേഗം അര്‍ധസെഞ്ചുറി തികച്ച ഇന്ത്യന്‍ താരം. 2016-ല്‍ നേപ്പാളിനെതിരേ 18 പന്തില്‍ നിന്ന് താരം അര്‍ധസഞ്ചുറി നേടിയിരുന്നു.

Similar News