'ഇന്ന് താങ്കള്‍ എങ്ങനെ ആഘോഷിക്കും' എന്ന ചോദ്യം; ഈ തിരക്കുകള്‍ കഴിഞ്ഞാല്‍ ഞാന്‍ നിങ്ങളെ പ്രപ്പോസ് ചെയ്യുമെന്ന് മറുപടി; ഫൈനലിനുശേഷം ലൈവ് ചര്‍ച്ചക്കിടെ അവതാരകയെ പ്രൊപ്പോസ് ചെയ്ത് ലെജന്‍ഡ്‌സ് ചാമ്പ്യന്‍ഷിപ്പ് ടൂര്‍ണമെന്റ് ഉടമ

അവതാരകയെ പ്രൊപ്പോസ് ചെയ്ത് ലെജന്‍ഡ്‌സ് ചാമ്പ്യന്‍ഷിപ്പ് ടൂര്‍ണമെന്റ് ഉടമ

Update: 2025-08-03 13:46 GMT

ബര്‍മിങ്ങാം: ലോക ലെജന്‍ഡ്‌സ് ചാമ്പ്യന്‍ഷിപ്പില്‍ പാകിസ്ഥാന്‍ ചാമ്പ്യന്‍സിനെ തകര്‍ത്ത് ദക്ഷിണാഫ്രിക്ക ചാമ്പ്യന്‍സ് കിരീടം നേടിയതിന് പിന്നാലെ ലൈവ് ചര്‍ച്ചക്കിടെ അവതാരകയെ പ്രപ്പോസ് ചെയ്ത് ടൂര്‍ണമെന്റ് ഉടമ ഹര്‍ഷിത് ടോമര്‍. ഇന്നലെ നടന്ന ലോക ലെജന്‍ഡ്‌സ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ പാകിസ്ഥാനെ ഒമ്പത് വിക്കറ്റിന് തകര്‍ത്താണ് ദക്ഷിണാഫ്രിക്ക ചാമ്പ്യന്‍സ് കിരീടം നേടിയത്. ദക്ഷിണാഫ്രിക്ക ലെജന്‍ഡ്സ് കിരീടം നേടിയതിനു ശേഷം നടന്ന ലൈവിനിടെയായിരുന്നു സംഭവം.

ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ ചാമ്പ്യന്‍സ് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 195 റണ്‍സെടുത്തപ്പോള്‍ 60 പന്തില്‍ 120 റണ്‍സുമായി പുറത്താകാതെ നിന്ന ഡിവില്ലിയേഴ്‌സിന്റെയും 28 പന്തില്‍ 50 റണ്‍സുമായി പുറത്താകാതെ നിന്ന ജെ പി ഡുമിനിയുടെയും ബാറ്റിംഗ് മികവില്‍ ദക്ഷിണാഫ്രിക്ക ചാമ്പ്യന്‍സ് 16.5 ഓവറില്‍ ലക്ഷ്യത്തിലെത്തി. 18 റണ്‍സെടുത്ത ഹാഷിം അംലയുടെ വിക്കറ്റ് മാത്രമാണ് ദക്ഷിണാഫ്രിക്ക ചാമ്പ്യന്‍സിന് നഷ്ടമായത്.

മത്സരത്തിലെ സമ്മാനദാനച്ചടങ്ങിനുശേഷമാണ് അവതാരകയായ കരിഷ്മ കൊടാക് ടൂര്‍ണമെന്റ് ഉടമയായ ഹര്‍ഷിത് ടോമറിനോട് ഈ വിജയം എങ്ങനെയാണ് ആഘോഷിക്കാന്‍ പോകുന്നതെന്ന് ചോദിച്ചത്. എന്നാല്‍ ഹര്‍ഷിതിന്റെ മറുപടി അവകരാകയെ ഞെട്ടിച്ചു. ''ഇന്ന് താങ്കള്‍ എങ്ങനെ ആഘോഷിക്കും'' എന്നായിരുന്നു കരിഷ്മയുടെ ഹര്‍ഷിതിനോടുള്ള ചോദ്യം. ഹര്‍ഷിതിന്റെ മറുപടി പക്ഷേ അവതാരകയെ ഞെട്ടിക്കുന്നതായിരുന്നു. ''ഇത് കഴിഞ്ഞാല്‍, ഞാന്‍ നിങ്ങളോട് വിവാഹാഭ്യര്‍ഥന നടത്താന്‍ പോകുകയാണ്.'' എന്ന് മറുപടി നല്‍കിയതിനു പിന്നാലെ ഹര്‍ഷിത് മൈക്ക് കരിഷ്മയ്ക്ക് കൈമാറി പെട്ടെന്ന് നടന്നുപോയി. ഹര്‍ഷിതിന്റെ മറുപടി കേട്ട് അവതാരക ഓ മൈ ഗോഡ് എന്ന് വിളിച്ച് ആദ്യമൊന്ന് അമ്പരന്നെങ്കിലും മനസ്സാനിധ്യം വീണ്ടെടുത്ത് അവതരണം തുടര്‍ന്നു.

Tags:    

Similar News