'റിട്ടയര്‍ഡ് ഹര്‍ട്ടില്‍'നിന്ന് 'ക്ലാസിക്' സെഞ്ചറിയുമായി കെ എല്‍ രാഹുല്‍; മൂന്നക്കം കടന്ന് സായ് സുദര്‍ശനും; ഓസീസിന്റെ റണ്‍മല അനായാസം മറികടന്നു; രണ്ട് ടെസ്റ്റുകളുടെ പരമ്പര സ്വന്തമാക്കി ഇന്ത്യ എ ടീം
ഓസീസിന്റെ റണ്‍മല അനായാസം മറികടന്ന് ഇന്ത്യ എ
ലക്‌നൗ: ഓസ്‌ട്രേലിയ എക്കെതിരായ രണ്ടാം അനൗദ്യോഗിക ടെസ്റ്റില്‍ അഞ്ച് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയത്തോടെ പരമ്പര സ്വന്തമാക്കി ഇന്ത്യ എ ടീം. ഓസ്‌ട്രേലിയ ഉയര്‍ത്തിയ 412 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം ഓപ്പണര്‍ കെ എല്‍ രാഹുലിന്റെ അപരാജിത സെഞ്ചുറി കരുത്തില്‍ ഇന്ത്യ അനായാസം മറികടന്നു. 176 റണ്‍സുമായി കെ എല്‍ രാഹുലും 16 റണ്‍സുമായി നിതീഷ് കുമാര്‍ റെഡ്ഡിയും പുറത്താകാതെ നിന്നു. സായ് സുദര്‍ശന്‍ 100 റണ്‍സെടുത്ത് പുറത്തായി. ക്യാപ്റ്റന്‍ ധ്രുവ് ജുറെല്‍ 56 റണ്‍സ് നേടി ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായക സംഭാവന നല്‍കി. ജയത്തോടെ രണ്ട് മത്സര പരമ്പര ഇന്ത്യ 1-0ന് സ്വന്തമാക്കി. ആദ്യ ടെസ്റ്റ് സമനിലയായിരുന്നു.
ആദ്യ ഇന്നിംഗ്‌സില്‍ 420 റണ്‍സടിച്ച ഓസ്‌ട്രേലിയ എക്കെതിരെ ഇന്ത്യ എ 194 റണ്‍സിന് പുറത്തായിരുന്നു. 226 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ് നേടിയിട്ടും ഇന്ത്യ എയെ ഫോളോ ഓണ്‍ ചെയ്യിക്കാതെ രണ്ടാം ഇന്നിംഗ്‌സ് ബാറ്റിംഗിന് ഇറങ്ങിയ ഓസ്‌ട്രേലിയ എക്ക് പക്ഷെ അടിതെറ്റി. 185 റണ്‍സിന് ഓള്‍ ഔട്ടായ ഓസ്‌ട്രേലിയ എ ഇന്ത്യ എക്ക് മുന്നില്‍ 412 റണ്‍സിന്റെ വിജയലക്ഷ്യം മുന്നോട്ടുവെച്ചു.
ഇന്നലെ മൂന്നാം ദിനം 169-2 എന്ന സ്‌കോറില്‍ ക്രീസ് വിട്ട ഇന്ത്യക്ക് അവസാന ദിനം തുടക്കത്തിലെ മാനവ് സുതാറിനെ(5) നഷ്ടമായിരുന്നു. ഇന്നലെ 74 റണ്‍സെടുത്ത് നില്‍ക്കെ പരിക്കുമൂലം റിട്ടയേര്‍ഡ് ഹര്‍ട്ടായി ക്രീസ് വിട്ട രാഹുല്‍ സുതാര്‍ പുറത്തായതോടെ ക്രീസിലെത്തിയത്. സായ് സുദര്‍ശനൊപ്പം മികച്ച കൂട്ടുകെട്ടുണ്ടാക്കിയ രാഹുല്‍ 135 പന്തില്‍ സെഞ്ചുറിയിലെത്തി. ഇന്നലെ 44 റണ്‍സുമായി ക്രീസലുണ്ടായിരുന്ന സായ് സുദര്‍ശന്‍ ലഞ്ചിന് തൊട്ടുപിന്നാലെ സെഞ്ചുറി പൂര്‍ത്തിയാക്കി.
സെഞ്ചുറി തികച്ച സുദര്‍ശന്‍ പുറത്തായെങ്കിലും ക്യാപ്റ്റന്‍ ധ്രൂവ് ജുറെലും രാഹുലും ചേര്‍ന്ന് 115 റണ്‍സ് കൂട്ടുകെട്ടിലൂടെ ഇന്ത്യ എയെ വിജയത്തോട് അടുപ്പിച്ചു. സ്‌കോര്‍ 382ല്‍ നില്‍ക്കെ 66 പന്തില്‍ 56 റണ്‍സടിച്ച ധ്രൂവ് ജുറെല്‍ പുറത്തായെങ്കിലും നിതീഷ് കുമാര്‍ റെഡ്ഡിയെ കൂട്ടുപിടിച്ച് രാഹുല്‍ ഇന്ത്യയെ വിജയവര കടത്തി. 210 പന്ത് നേരിട്ട രാഹുല്‍ 16 ബൗണ്ടറിയും നാലു സിക്‌സും പറത്തിയാണ് 176 റണ്‍സുമായി പുറത്താകാതെ നിന്നത്. ഓസ്‌ട്രേലിയ എ ക്കായി ടോഡ് മര്‍ഫി മൂന്ന് വിക്കറ്റെടുത്തു.
രാഹുലിന്റെ തിരിച്ചുവരവ്
ഇന്നലെ 'റിട്ടയര്‍ ഹര്‍ട്ട്' ആയി ഡഗൗട്ടിലേക്ക് മടങ്ങിയ കെ.എല്‍.രാഹുല്‍ ഇന്നു ക്രിസീലേക്ക് തിരിച്ചെത്തിയത് വര്‍ധിത ഊര്‍ജത്തോടെയാണ്. ആ പോരാട്ടവീര്യത്തില്‍ രാഹുല്‍ ബാറ്റു വീശിയപ്പോള്‍ ഇന്ത്യയ്ക്കു മുന്നില്‍ കീഴടങ്ങിയത് ഓസ്‌ട്രേലിയ പടുത്തുയര്‍ത്തിയ റണ്‍മലയും. നാലാം വിക്കറ്റില്‍ ഒന്നിച്ച രാഹുലും സുദര്‍ശനും ഇന്ത്യയെ വിജയത്തിലേക്കു നയിച്ചു. നാല് സിക്‌സും 16 ഫോറും അടങ്ങുന്നതായിരുന്നു രാഹുലിന്റെ 'ക്ലാസിക്' ഇന്നിങ്‌സ്. ആദ്യ ഇന്നിങ്‌സില്‍ 24 പന്തില്‍ 11 റണ്‍സ് മാത്രമെടുത്തു പുറത്തായതിന്റെ 'ക്ഷീണം' എല്ലാ രീതിയിലും മാറ്റുന്നതായിരുന്നു രാഹുലിന്റെ ബാറ്റിങ്.