'മത്സരത്തിനിടെ പാക് താരങ്ങള്‍ പലതവണ വാക്കുകള്‍ കൊണ്ട് പ്രകോപിപ്പിച്ചു; വിജയംവരെ ക്രീസില്‍ തുടരാനായിരുന്നു ശ്രമിച്ചത്; ഞാന്‍ പ്രതിനിധീകരിച്ചത് 140 കോടി ജനങ്ങളെയാണ്'; ഏഷ്യാ കപ്പ് വിജയത്തെ 'ഓപ്പറേഷന്‍ തിലക്' എന്ന് വിശേഷിപ്പക്കരുതെന്ന് തിലക് വര്‍മ
ഏഷ്യാ കപ്പ് വിജയത്തെ 'ഓപ്പറേഷന്‍ തിലക്' എന്ന് വിശേഷിപ്പക്കരുതെന്ന് തിലക് വര്‍മ
ഹൈദരാബാദ്: ഏഷ്യാ കപ്പിലെ ഇന്ത്യയുടെ കിരീട വിജയത്തില്‍ നിര്‍ണായകമായത് തിലക് വര്‍മയുടെ ഇന്നിങ്സായിരുന്നു. ഒരു ഘട്ടത്തില്‍ മൂന്നിന് 20 റണ്‍സെന്ന നിലയില്‍ തകര്‍ച്ചയെ മുന്നില്‍ക്കണ്ട ഇന്ത്യയെ 53 പന്തില്‍നിന്ന് 69 റണ്‍സെടുത്ത തിലക് ആണ് കാത്തത്. നാല് സിക്സും മൂന്ന് ഫോറും ഉള്‍പ്പെടുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്. ഇന്ത്യയുടെ മിന്നുന്ന വിജയത്തിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ ഇന്ത്യയുടെ 'ഓപ്പറേഷന്‍ തിലക്' എന്ന വിശേഷണം വൈറലാവുകയും ചെയ്തു. എന്നാല്‍ ഏഷ്യാ കപ്പില്‍ പാകിസ്ഥാനെ വീഴ്ത്തി ഇന്ത്യ കിരീടം നേടിയതിനെ ഓപ്പറേഷന്‍ തിലക് എന്ന് വിശേഷിപ്പിക്കരുതെന്ന് അഭ്യര്‍ത്ഥിക്കുകയാണ് തിലക് വര്‍മ. കിരീട നേട്ടത്തിനുശേഷം ഹൈദരാബാദിലെത്തി മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു തിലകിന്റെ പ്രതികരണം.
പഹല്‍ഹാം ഭീകരാക്രമണത്തെത്തുടര്‍ന്ന് ഇന്ത്യ നടത്തിയ സൈനിക നടപടിയെ പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരുന്നു ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന് വിശേഷിപ്പിച്ചത്. ഇക്കാര്യം ചൂണ്ടിക്കാട്ടിയായിരുന്നു തിലകിന്റെ പ്രതികരണം. 'പ്രധാനമന്ത്രിയാണ് ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന് ആദ്യം പ്രയോഗിച്ചത്. പക്ഷെ ഇന്ത്യന്‍ വിജയത്തെ ഓപ്പറേഷന്‍ തിലക് എന്ന് വിളിക്കുന്നത് വലിയൊരു കാര്യമാണ്. സ്‌പോര്‍ട്‌സില്‍ ഞങ്ങള്‍ രാജ്യത്തെയാണ് പ്രതിനിധീകരിക്കുന്നത്. ശരിയായ സമയത്ത് ശരിയായ അവസരം എനിക്ക് കിട്ടിയെന്നേയുള്ളു. രാജ്യത്തിനുവേണ്ടി എന്തെങ്കിലും ചെയ്യാനായതില്‍ എനിക്ക് സന്തോഷമുണ്ട്', തിലക് പറയുന്നു.
മത്സരത്തിനിടെ പാക് താരങ്ങള്‍ വാക്കുകള്‍ കൊണ്ട് പ്രകോപിപ്പിക്കാന്‍ ശ്രമിച്ചതായും അതോടെ അതിനുള്ള മറുപടി ബാറ്റുകൊണ്ട് നല്‍കണമെന്ന് ഉറപ്പിച്ചതായും തിലക് വ്യക്തമാക്കി. 20ാം ഓവറില്‍ വിജയ റണ്‍ കുറിച്ചശേഷം പാക് താരങ്ങള്‍ക്കു നേര്‍ക്ക് ആക്രോശിക്കുന്ന തിലകിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. മത്സരത്തിലുടനീളം തിലകിനെ പാക് താരങ്ങള്‍ ആവര്‍ത്തിച്ച് സ്ലെഡ്ജ് ചെയ്യുന്നുണ്ടായിരുന്നു. തിലക് ബാറ്റ് ചെയ്യുന്നതിനിടെ ഒരു ഘട്ടത്തില്‍ ഇത് ഇന്ത്യയല്ലെന്നും ഐപിഎല്‍ അല്ലെന്നും തിലകിനോട് പാക് വിക്കറ്റ് കീപ്പര്‍ മുഹമ്മദ് ഹാരിസ് പറയുന്നത് കേള്‍ക്കാമായിരുന്നു. പാക് താരങ്ങള്‍ തുടര്‍ച്ചയായി ബുദ്ധിമുട്ടിച്ചിരുന്നുവെന്ന് തിലക് പറഞ്ഞു. അതോടെയാണ് സംയമനം പാലിച്ച് ബാറ്റുകൊണ്ട് മറുപടി നല്‍കണമെന്ന് ഉറപ്പിച്ചതെന്നും താരം കൂട്ടിച്ചേര്‍ത്തു.
പക്ഷെ എന്റെ ശ്രദ്ധ മുഴുവന്‍ കളിയിലായിരുന്നു. അതുകൊണ്ട് തന്നെ അവരുടെ പ്രകോപനത്തിന് മറുപടി പറയാന്‍ ഞാന്‍ നിന്നില്ല. തുടക്കത്തിലെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായപ്പോള്‍ കടുത്ത സമ്മര്‍ദ്ദമുണ്ടായിരുന്നു. പക്ഷെ മോശം ഷോട്ട് കളിക്കാന്‍ ശ്രമിച്ച് ആ സമയത്ത് ഞാന്‍ പുറത്തായാല്‍ അത് രാജ്യത്തെ 140 കോടി ജനങ്ങളെ നിരാശരാക്കുന്നതിന് തുല്യമാവും. അതുകൊണ്ട് തന്നെ വിജയംവരെ ക്രീസില്‍ തുടരാനായിരുന്നു ശ്രമിച്ചത്. കളിക്കിടെ പല കാര്യങ്ങളും നടന്നിരുന്നു. പാക് താരങ്ങള്‍ പലതും പറഞ്ഞിരുന്നു. പക്ഷെ കളി ജയിച്ച് അതിനൊക്കെ മറുപടി പറയാനാണ് താന്‍ ശ്രമിച്ചതെന്നും തിലക് പറഞ്ഞു. തിലക് ബാറ്റ് ചെയ്യുമ്പോള്‍ പാക് വിക്കറ്റ് കീപ്പര്‍ മുഹമ്മദ് ഹാരിസ് ഇത് ഐപിഎല്ലോ മുംബൈയോ അല്ലെന്ന് തിലകിനോട് പറയുന്നത് സ്റ്റംപ് മൈക്ക് പിടിച്ചെടുത്തിരുന്നു.
സമ്മര്‍ദ്ദഘട്ടത്തില്‍ രാജ്യത്തിന് വേണ്ടി പിടിച്ചു നില്‍ക്കുകയായിരുന്നു ലക്ഷ്യം. രാജ്യത്തിനുവേണ്ടി ജീവന്‍ നല്‍കാനും ഞാന്‍ തയാറാണ്. അക്കാര്യം മാത്രമെ മനസിലുണ്ടായരുന്നുള്ളു. സമ്മര്‍ദ്ദങ്ങളെയെല്ലാം അതിജീവിച്ച് ശാന്തനാകാനാണ് ശ്രമിച്ചത്. കാരണം, ഞാന്‍ പ്രതിനിധീകരിക്കുന്നത് 140 കോടി ജനങ്ങളെയാണ്. അവരെ നിരാശരാക്കാന്‍ എനിക്കാവില്ല- തിലക് പറഞ്ഞു. ഫൈനലില്‍ 53 പന്തില്‍ 69 റണ്‍സെടുത്ത് പുറത്താവാതെ നിന്ന തിലക് നാലു സിക്‌സുകളും മൂന്ന് ഫോറും പറത്തി ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായക സംഭാവന നല്‍കി. ആദ്യം സഞ്ജു സാംസണൊപ്പവും പിന്നീട് ശിവം ദുബെയ്‌ക്കൊപ്പവും തിലക് അര്‍ധസെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തിയിരുന്നു.