ഇന്ത്യന്‍ മണ്ണിലെ കന്നി ടെസ്റ്റ് സെഞ്ചറി 2016ല്‍; രണ്ടാം സെഞ്ചറിക്കായി വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പ്; കൃത്യമായി പറഞ്ഞാല്‍ 3211 ദിവസം; മറികടന്നത് മൊഹീന്ദര്‍ അമര്‍നാഥിനെ; വൈറലായി കെ എല്‍ രാഹുലിന്റെ സെഞ്ചുറി ആഘോഷം

Update: 2025-10-03 09:27 GMT

അഹമ്മദാബാദ്: വെസ്റ്റ് ഇന്‍ഡീസിനെതിരെ അഹമ്മദാബാദ് ടെസ്റ്റില്‍ സെഞ്ചുറി നേടിയ ശേഷമുള്ള കെ എല്‍ രാഹുലിന്റെ ആഘോഷമാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നത്. റോസ്റ്റണ്‍ ചേസിന്റെ പന്ത് മിഡ് വിക്കറ്റിലേക്ക് തട്ടിയിട്ട രാഹുല്‍ സ്പെഷ്യല്‍ ആയി തന്നെ സെഞ്ചുറി ആഘോഷിച്ചു. ഇടത് കയ്യിലെ രണ്ട് വിരലുകള്‍ വായില്‍ വച്ചാണ് രാഹുല്‍ സെഞ്ചുറി ആഘോഷിച്ചത്. എന്നാല്‍ രാഹുലിന്റെ ചേഷ്ട എന്താണെന്ന് വ്യക്തമല്ല. ഈ വര്‍ഷം മാര്‍ച്ചില്‍ ജനിച്ച പെണ്‍കുഞ്ഞിന് വേണ്ടി സമര്‍പ്പിച്ചതാവാമെന്നാണ് വിലയിരുത്തല്‍.

ഹോം ഗ്രൗണ്ടില്‍ രണ്ടാമത്തെ ടെസ്റ്റ് സെഞ്ചറിക്കു വേണ്ടിയുള്ള വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പാണ് വിന്‍ഡീസിനെതിരെ ഇന്ത്യന്‍ ഓപ്പണര്‍ കെ.എല്‍. രാഹുല്‍ ഒടുവില്‍ അവസാനിപ്പിച്ചത്. ടെസ്റ്റില്‍ 11 സെഞ്ചറികള്‍ സ്വന്തമാക്കിയിട്ടുള്ള രാഹുലിന്റെ ഇത് രണ്ടാം തവണ മാത്രമാണ് ഇന്ത്യയില്‍ ടെസ്റ്റ് സെഞ്ചറിയിലെത്തുന്നത്. 2016ല്‍ ചെന്നൈയില്‍ ഇംഗ്ലണ്ടിനെതിരെ സെഞ്ചറിയടിച്ച ശേഷം ഇന്ത്യന്‍ മണ്ണില്‍ മറ്റൊരു സെഞ്ചറിക്കു വേണ്ടി രാഹുല്‍ കാത്തിരുന്നത് 3211 ദിവസമാണ്. രണ്ടാം സെഞ്ചറിക്കു വേണ്ടി ഏറ്റവും കൂടുതല്‍ കാത്തിരുന്ന ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡും ഇതോടെ രാഹുലിന്റെ പേരിലായി. ഇന്ത്യന്‍ മണ്ണില്‍ രണ്ടാം ടെസ്റ്റ് സെഞ്ചറിക്കായി, 2886 ദിവസങ്ങള്‍ കാത്തിരുന്ന മൊഹീന്ദര്‍ അമര്‍നാഥിനെയാണു രാഹുല്‍ മറികടന്നത്.

ടെസ്റ്റ് ക്രിക്കറ്റില്‍ ഓപ്പണറുടെ റോളില്‍ പത്തോ അതില്‍ കൂടുതലോ സെഞ്ചറികള്‍ പൂര്‍ത്തിയാക്കുന്ന നാലാമത്തെ മാത്രം ഇന്ത്യന്‍ താരമാണ് രാഹുല്‍. രാഹുലിന്റെ 11 ടെസ്റ്റ് സെഞ്ചറികളില്‍ പത്തും നേടിയത് ഓപ്പണിങ് ബാറ്ററുടെ റോളിലാണ്. സുനില്‍ ഗാവസ്‌കര്‍ (33), വീരേന്ദര്‍ സേവാഗ് (22), മുരളി വിജയ് (12) എന്നിവര്‍ ചേരുന്ന 'എലീറ്റ് ലിസ്റ്റിലാണ്' രാഹുലും ഇടം പിടിച്ചത്. മത്സരത്തില്‍ 197 പന്തുകള്‍ നേരിട്ട രാഹുല്‍ 100 റണ്‍സടിച്ചാണു പുറത്തായത്. 197 പന്തുകള്‍ നേരിട്ട താരം 12 ബൗണ്ടറികള്‍ നേടി. ജോമല്‍ വാറികന്‍ എറിഞ്ഞ 68ാം ഓവറിലെ അഞ്ചാം പന്തില്‍ ജസ്റ്റിന്‍ ഗ്രീവ്‌സ് ക്യാച്ചെടുത്താണു രാഹുലിനെ പുറത്താക്കിയത്.

ഇന്ന് രാഹുലിന് പുറമെ ശുഭ്മാന്‍ ഗില്ലിന്റെ (50) വിക്കറ്റും ഇന്ത്യക്ക് നഷ്ടമായിരുന്നു. രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 121 എന്ന നിലയിലാണ് ഇന്ത്യ രണ്ടാം ദിനം ആരംഭിച്ചത്. എന്നാല്‍ വ്യക്തിഗത സ്‌കോറിനോട് 32 റണ്‍സ് കൂടി കൂട്ടിചേര്‍ത്ത് ഗില്‍ മടങ്ങി. രാഹുലിനൊപ്പം 98 റണ്‍സ് ചേര്‍ക്കാന്‍ ഗില്ലിന് സാധിച്ചിരുന്നു. റോസ്റ്റണ്‍ ചേസിന്റെ പന്തില്‍ ജസ്റ്റിന്‍ ഗ്രീവ്സിനായിരുന്നു ക്യാച്ച്. പിന്നാലെ സെഞ്ചുറി പൂര്‍ത്തിയാക്കിയ ഉടനെ രാഹുലും മടങ്ങി. നേരത്തെ, നല്ല തുടക്കമായിരുന്നു ഇന്ത്യക്ക്. ഒന്നാം വിക്കറ്റില്‍ യശസ്വി ജയ്‌സ്വാള്‍ (36) രാഹുല്‍ സഖ്യം 68 റണ്‍സ് ചേര്‍ത്തു.

ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത വിന്‍ഡീസിന്റെ തുടക്കവും തകര്‍ച്ചയോടെയായിരുന്നു. 20 റണ്‍സിനിടെ രണ്ട് ഓപ്പണര്‍മാരും മടങ്ങി. റണ്‍സെടുക്കും മുമ്പ് ടാഗ്നരെയ്ന്‍ ചന്ദര്‍പോള്‍, സിറാജിന്റെ പന്തില്‍ പുറത്തായി. വിക്കറ്റ് കീപ്പര്‍ ധ്രുവ് ജുറലിന് ക്യാച്ച്. പിന്നാലെ ജോണ്‍ ക്യാംപെലും (8) മടങ്ങി. ഇത്തവണ ജസ്പ്രിത് ബുമ്രയുടെ പന്തില്‍ ജുറലിന് ക്യാച്ച്. തൊട്ടുപിന്നാലെ ബ്രന്‍ഡന്‍ കിംഗിനെ (13) സിറാജ് ബൗള്‍ഡാക്കി. അടുത്തത് അലിക് അതനാസെയുടെ (12) ഊഴമായിരുന്നു. സിറാജിന്റെ തന്നെ പന്തില്‍ സ്ലിപ്പില്‍ കെ എല്‍ രാഹുലിന് ക്യാച്ച്. ഷായ് ഹോപ്പിനെ (26) കുല്‍ദീപ് ബൗള്‍ഡാക്കുക കൂടി ചെയ്തതോടെ അഞ്ചിന് 90 എന്ന നിലയിലായി വിന്‍ഡീസ്.

ശേഷിക്കുന്ന അഞ്ച് വിക്കറ്റുകള്‍ 72 റണ്‍സിനിടെ വിന്‍ഡീസിന് നഷ്ടമായി. ഗ്രീവ്‌സിന് പുറമെ റോസ്റ്റണ്‍ ചേസ് (24), ഖാരി പിയേരെ (11), ജോമല്‍ വറിക്കന്‍ (8), ജുവാന്‍ ലയ്‌നെ (1) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍.

Similar News