മത്സരത്തിന്റെ തയ്യാറെടുപ്പുകള്‍ക്കിടെ കുഴഞ്ഞുവീണു; ധാക്ക ക്യാപിറ്റല്‍സ് പരിശീലകന്‍ മഹ്ബൂബ് അലി സാക്കിക്ക് ദാരുണാന്ത്യം; ദുഃഖം രേഖപ്പെടുത്തി ഷാക്കിബ് അൽ ഹസൻ
ധാക്ക: ബംഗ്ലാദേശ് പ്രീമിയർ ലീഗ് ടീമായ ധാക്ക ക്യാപിറ്റല്‍സ് പരിശീലകന്‍ മഹ്ബൂബ് അലി സാക്കിക്ക് ദാരുണാന്ത്യം. ഉദ്ഘാടന മത്സരത്തിന് തൊട്ടുമുമ്പ് സാക്കി പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. സിൽഹെറ്റ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ രാജ്ഷാഹി വാരിയേഴ്‌സിനെതിരായ മത്സരത്തിന്റെ തയ്യാറെടുപ്പുകൾക്കിടെയായിരുന്നു ദാരുണ സംഭവം.
വേദിയിലുണ്ടായിരുന്ന മെഡിക്കൽ ഉദ്യോഗസ്ഥർ അദ്ദേഹത്തിന് പ്രാഥമിക ചികിത്സ നൽകുകയും മൈതാനത്തുവെച്ച് സി.പി.ആർ. നൽകുകയും ചെയ്തു. തുടർന്ന് ആംബുലൻസിൽ അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിലെത്തിച്ച ശേഷം തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സ തുടർന്നുവെങ്കിലും, ഉച്ചയ്ക്ക് 12.30-ഓടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.
ശാന്തമായ പെരുമാറ്റത്തിന് പേരുകേട്ട സാക്കി, ടൂർണമെന്റിന് ദിവസങ്ങൾക്ക് മുമ്പ് മാധ്യമങ്ങളോട് സംസാരിക്കുകയും ടീമിന്റെ പദ്ധതികൾ വിശദീകരിക്കുകയും ചെയ്തിരുന്നു. ആദ്യ മത്സരത്തിന് മുന്നോടിയായി കളിക്കാരുമായി അടുത്ത് പ്രവർത്തിക്കുകയായിരുന്ന അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചു. അദ്ദേഹത്തിന്റെ മരണവാർത്തയറിഞ്ഞ്, ധാക്ക ക്യാപിറ്റൽസിലെയും രാജ്ഷാഹി വാരിയേഴ്‌സിലെയും കളിക്കാർ ഇന്നിംഗ്‌സ് ഇടവേളയിൽ ഒരു മിനിറ്റ് മൗനം ആചരിച്ച് ആദരാഞ്ജലികൾ അർപ്പിച്ചു.
ക്രിക്കറ്റ് സമൂഹത്തിന്റെ നാനാഭാഗത്തുനിന്നും അനുശോചനങ്ങൾ പ്രവഹിച്ചു. ബംഗ്ലാദേശ് മുൻ ഓൾറൗണ്ടർ ഷാക്കിബ് അൽ ഹസൻ സോഷ്യൽ മീഡിയയിലൂടെ ദുഃഖം രേഖപ്പെടുത്തി. "ഒരു പ്രൊഫഷണൽ ക്രിക്കറ്റ് കളിക്കാരൻ എന്ന നിലയിൽ ആദ്യകാലം മുതൽ എനിക്ക് അദ്ദേഹത്തെ അറിയാം. അദ്ദേഹത്തിന്റെ അവസാന നിമിഷങ്ങളിലും അദ്ദേഹം ഏറ്റവും ഇഷ്ടപ്പെട്ട ജോലി ചെയ്തുകൊണ്ടിരുന്നു. അദ്ദേഹത്തിന്റെ വിയോഗത്തിൽ ദുഃഖമുണ്ട്," ഷാക്കിബ് കുറിച്ചു.