ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഒരു മത്സരത്തിലും കളിച്ചില്ല; ഏകദിന ടീമില്‍നിന്നും ഋഷഭ് പന്ത് പുറത്തേക്ക്; സഞ്ജുവിനെയും പരിഗണിക്കില്ല; പകരക്കാരന്‍ ഇഷാന്‍ കിഷന്‍; ശ്രേയസ് അയ്യരും മടങ്ങിയെത്തും; നിര്‍ണായക നീക്കവുമായി സെലക്ഷന്‍ കമ്മിറ്റി
മുംബൈ: ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടംപിടിച്ചതിന് പിന്നാലെ ഏകദിന ടീമിലേക്കും യുവതാരം ഇഷാന്‍ കിഷന്‍ തിരിച്ചെത്തുന്നു. ന്യൂസീലന്‍ഡിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ ഇഷാന്‍ കിഷന്‍ ഇടംപിടിച്ചേക്കും. വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്കു ഋഷഭ് പന്തിനെ പരിഗണിച്ചേക്കില്ല. പന്തിനു പകരം ഇഷാന്‍ കിഷനെ ഏകദിന ടീമിലേക്കു തിരികെക്കൊണ്ടുവരാനാണ് ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് ആലോചിക്കുന്നത്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ ടോപ് സ്‌കോററായ ഇഷാന്‍ കിഷന്‍ ജാര്‍ഖണ്ഡിനെ കിരീടത്തിലെത്തിച്ചിരുന്നു. കൂടാതെ വിജയ് ഹസാരെ ട്രോഫി ഏകദിന ടൂര്‍ണമെന്റില്‍ കര്‍ണാടകയ്‌ക്കെതിരെ താരം 33 പന്തില്‍ സെഞ്ചറി നേടിയിരുന്നു.
ഇതോടെയാണ് ഇഷാനെ ഏകദിന ടീമിലേക്കു വീണ്ടും പരിഗണിക്കാന്‍ ആലോചനകള്‍ തുടരുന്നത്. ട്വന്റി20 ലോകകപ്പിനും ന്യൂസീലന്‍ഡിനെതിരായ ട്വന്റി20 പരമ്പരയിലും ഇഷാന്‍ കിഷനാണ് ടീമിന്റെ രണ്ടാം വിക്കറ്റ് കീപ്പര്‍. 2023ല്‍ അഫ്ഗാനിസ്ഥാനെതിരെയാണ് ഇഷാന്‍ അവസാനമായി ഇന്ത്യയ്ക്കു വേണ്ടി ഏകദിനം കളിച്ചത്. ഇന്ത്യന്‍ ജഴ്‌സിയില്‍ 27 മത്സരങ്ങള്‍ കളിച്ചിട്ടുള്ള താരം ഒരു ഡബിള്‍ സെഞ്ചറിയും ഒരു സെഞ്ചറിയും ഏഴ് അര്‍ധ സെഞ്ചറികളും നേടിയിരുന്നു.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ ക്യാപ്റ്റന്‍ കെ.എല്‍. രാഹുലായിരുന്നു ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍. ഋഷഭ് പന്തും ധ്രുവ് ജുറേലും വിക്കറ്റ് കീപ്പറായി ഈ ടീമിലുണ്ടായിരുന്നെങ്കിലും പന്തിന് മൂന്നു മത്സരങ്ങളിലും അവസരം ലഭിച്ചിരുന്നില്ല. ഇഷാന്‍ കിഷന്‍ ഏകദിന ടീമിലെത്തിയാലും കെ.എല്‍. രാഹുല്‍ തന്നെയായിരിക്കും ടീമിന്റെ പ്രധാന വിക്കറ്റ് കീപ്പര്‍. മധ്യനിര താരം ശ്രേയസ് അയ്യര്‍ ഏകദിന ടീമിലേക്കു തിരിച്ചെത്തിയേക്കും. ഇതോടെ പന്തും ജുറേലും ടീമിന് പുറത്താകാനാണ് സാധ്യത.
ബെംഗളൂരുവിലെ ബിസിസിഐ 'സെന്റര്‍ ഓഫ് എക്‌സലന്‍സില്‍' ശ്രേയസ് അയ്യര്‍ പരിശീലനം തുടരുകയാണ്. ഫിറ്റ്‌നസ് പ്രശ്‌നങ്ങള്‍ കാരണം അയ്യര്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയില്‍ കളിച്ചിരുന്നില്ല. ഒക്ടോബറില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരത്തിനിടെ പരുക്കേറ്റ ശ്രേയസ് പിന്നീട് ഇന്ത്യന്‍ ടീമില്‍ കളിക്കാനിറങ്ങിയില്ല.
ഓപ്പണറായും മധ്യനിരയിലും ഒരുപോലെ തിളങ്ങാനുള്ള ഇഷാന്‍ കിഷന്റെ ബാറ്റിങ് മികവാണ് സെലക്ടര്‍മാര്‍ പരിഗണിക്കുന്നത്. ടീം മാനേജ്മെന്റ് പുതിയൊരു ശൈലി പരീക്ഷിക്കാന്‍ ഒരുങ്ങുന്ന സാഹചര്യത്തിലാണ് പന്തിന് സ്ഥാനം നഷ്ടമാകുന്നത്. വിജയ് ഹസാരെ ട്രോഫിയില്‍ കര്‍ണാടകയ്ക്കെതിരെ വെറും 33 പന്തില്‍ സെഞ്ച്വറി നേടി ഇഷാന്‍ സെലക്ടര്‍മാരുടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ലിസ്റ്റ് എ ക്രിക്കറ്റില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ രണ്ടാമത്തെ വേഗമേറിയ സെഞ്ച്വറിയാണിത്.സമീപകാലത്തെ ഏറ്റവും മികച്ച ഫോമിലാണ് ഇഷാന്‍ കിഷന്‍.
മുഷ്താക്ക് അലി ട്രോഫിയില്‍ ജാര്‍ഖണ്ഡിനെ കന്നി കിരീടത്തിലേക്ക് നയിച്ച ഇഷാന്‍, ടൂര്‍ണമെന്റിലുടനീളം 517 റണ്‍സാണ് അടിച്ചുകൂട്ടിയത്. ഫൈനലില്‍ ഹരിയാനയ്ക്കെതിരെ 45 പന്തില്‍ സെഞ്ച്വറി നേടിയിരുന്നു. ടൂര്‍ണമെന്റില്‍ അഞ്ച് സെഞ്ച്വറികള്‍ നേടിയ ഇഷാന്‍, ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറികള്‍ നേടുന്ന താരമെന്ന ആഭ്യന്തര ക്രിക്കറ്റിലെ റെക്കാര്‍ഡും അഭിഷേക് ശര്‍മ്മയ്ക്കൊപ്പം പങ്കിട്ടു. ഏകദിന ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ ഇരട്ട സെഞ്ച്വറി (126 പന്തില്‍) എന്ന റെക്കാര്‍ഡും ഇഷാന്റെ പേരിലാണ്.
അതേസമയം കഴുത്തിനേറ്റ പരിക്കിനെ തുടര്‍ന്ന് ദക്ഷിണാഫ്രിക്കന്‍ പരമ്പര നഷ്ടമായ ക്യാപ്ടന്‍ ശുഭ്മന്‍ ഗില്‍ ടീമിലേക്ക് തിരിച്ചെത്തും. ഗില്ലിന്റെ അഭാവത്തില്‍ കെ.എല്‍. രാഹുലായിരുന്നു ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ ഇന്ത്യയെ നയിച്ചിരുന്നത്. ഗില്‍ മടങ്ങിയെത്തുന്നതോടെ ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം വീണ്ടെടുക്കും. ന്യൂസിലന്‍ഡിനെതിരായ പരമ്പരയില്‍ ഇഷാന്റെ സാന്നിദ്ധ്യം ഇന്ത്യന്‍ ബാറ്റിംഗ് നിരയ്ക്ക് കൂടുതല്‍ കരുത്ത് പകരുമെന്നാണ് വിലയിരുത്തല്‍.
