ലോകകപ്പില്‍ ഇന്ത്യന്‍ ജഴ്‌സിയണിയാന്‍ മലയാളി കൗമാരതാരങ്ങള്‍; ആരോണും ഇനാനും അണ്ടര്‍ 19 ഏകദിന ലോകകപ്പ് ടീമില്‍; ആയൂഷ് മാത്രെ നയിക്കും; ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ടീമിനെ നയിക്കാന്‍ വൈഭവ് സൂര്യവംശി

Update: 2025-12-28 06:01 GMT

ന്യൂഡല്‍ഹി: ലോകകപ്പില്‍ ഇന്ത്യന്‍ ജഴ്‌സിയണിയാന്‍ മലയാളി കൗമാരതാരങ്ങള്‍. അടുത്തവര്‍ഷം സിംബാബ്വെയിലും നമീബിയയിലുമായി നടക്കുന്ന അണ്ടര്‍ 19 ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലാണ് രണ്ട് മലയാളി താരങ്ങള്‍ ഇടംപിടിച്ചത്. കോട്ടയം സ്വദേശി ആരോണ്‍ ജോര്‍ജ്, തൃശ്ശൂര്‍ സ്വദേശി മുഹമ്മദ് ഇനാന്‍ എന്നിവരാണ് ഉള്‍പ്പെട്ടത്. ആയുഷ് മാത്രെ ക്യാപ്റ്റനായ പതിനഞ്ചംഗ സ്‌ക്വാഡിനെയാണ് ഏകദിന ലോകകപ്പിനായി പ്രഖ്യാപിച്ചത്. വിയാന്‍ മല്‍ഹോത്രയാണ് വൈസ് ക്യാപ്റ്റന്‍. ലോകകപ്പ് ടീമിനൊപ്പം ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ടീമിനേയും പ്രഖ്യാപിച്ചു. മാത്രെ, മല്‍ഹോത്ര എന്നിവര്‍ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുണ്ടാവില്ല. പകരം വൈഭവ് സൂര്യവംശി ക്യാപ്റ്റനും മലയാളിതാരം ആരോണ്‍ ജോര്‍ജ് വൈസ്‌ക്യാപ്റ്റനുമാകും.

ദക്ഷിണാഫ്രിക്കയ്ക്കെതിരേ ജനുവരി മൂന്ന്, അഞ്ച്, ഏഴ് തീയതികളിലായി മൂന്ന് ഏകദിനങ്ങളാണുള്ളത്. ബെനോനിയില്‍വെച്ചാണ് മൂന്ന് മത്സരങ്ങളും നടക്കുക. പരിക്കേറ്റ് ചികിത്സാര്‍ഥം ബെംഗളൂരുവിലെ സെന്റര്‍ ഓഫ് എക്സലന്‍സില്‍ ചേരുന്നതിന്റെ ഭാഗമായാണ് മാത്രെയും മല്‍ഹോത്രയും ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍നിന്ന് വിട്ടുനില്‍ക്കുന്നത്. തുടര്‍ന്ന് ലോകകപ്പിനുള്ള ടീമിനോടൊപ്പം ചേരും. ഇരുവര്‍ക്കും വാരിയെല്ലിനാണ് പരിക്ക്.

ലോകകപ്പില്‍ 16 ടീമുകളെ നാല് ഗ്രൂപ്പുകളായി തിരിച്ചു. ഗ്രൂപ്പ് ഘട്ടം കഴിഞ്ഞാല്‍ സൂപ്പര്‍ സിക്സ്, സെമി ഫൈനലുകള്‍, ഫൈനല്‍ എന്നിങ്ങനെയായിരിക്കും മത്സരക്രമം. സിംബാബ്വെയിലെ ഹരാരെയിലാണ് ഫൈനല്‍. അഞ്ചുതവണ ലോക ചാമ്പ്യന്മാരായ ഇന്ത്യ ഗ്രൂപ്പ് ബി-യില്‍ ന്യൂസീലന്‍ഡ്, യുഎസ്എ, ബംഗ്ലാദേശ് ടീമുകള്‍ക്കൊപ്പമാണ്. ജനുവരി 15-ന് യുഎസ്എയ്ക്കെതിരേ ആദ്യമത്സരം. 17-ന് ബംഗ്ലാദേശിനെതിരേയും 24-ന് ന്യൂസീലന്‍ഡിനെതിരേയും മത്സരിക്കും.

ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ടീം: വൈഭവ് സൂര്യവംശി (ക്യാപ്റ്റന്‍), ആരോണ്‍ ജോര്‍ജ് (വൈസ് ക്യാപ്റ്റന്‍), വേദാന്ത് ത്രിവേദി, അഭിജ്ഞാന്‍ കുണ്ടു (വിക്കറ്റ് കീപ്പര്‍), ഹര്‍വന്‍ഷ് സിങ് (വിക്കറ്റ് കീപ്പര്‍), ആര്‍.എസ്. അംബ്രിഷ്, കനിഷ്‌ക് ചൗഹാന്‍, ഖിലന്‍ എ. പാട്ടേല്‍, മുഹമ്മദ് ഇനാന്‍, ഹെനില്‍ പാട്ടേല്‍, ഡി. ദീപേഷ്, കിഷന്‍ കുമാര്‍ സിങ്, ഉദവ് മോഹന്‍, യുവരാജ് ഗോഹില്‍, രാഹുല്‍ കുമാര്‍.

അണ്ടര്‍ 19 ലോകകപ്പ് ടീം: ആയൂഷ് മാത്രെ (ക്യാപ്റ്റന്‍), വിയെന്‍ മല്‍ഹോത്ര (വൈസ് ക്യാപ്റ്റന്‍), വൈഭവ് സൂര്യവംശി, ആരോണ്‍ ജോര്‍ജ്, വേദാന്ത് ത്രിവേദി, അഭിജ്ഞാന്‍ കുണ്ടു (വിക്കറ്റ് കീപ്പര്‍), ഹര്‍വന്‍ഷ് സിങ് (വിക്കറ്റ് കീപ്പര്‍), ആര്‍.എസ്. അംബ്രിഷ്, കനിഷ്‌ക് ചൗഹാന്‍, ഖിലന്‍ എ. പാട്ടേല്‍, മുഹമ്മദ് ഇനാന്‍, ഹെനില്‍ പാട്ടേല്‍, ഡി. ദീപേഷ്, കിഷന്‍ കുമാര്‍ സിങ്, ഉദവ് മോഹന്‍.

Tags:    

Similar News