'രോഹിത് ശര്‍മയെയും വിരാട് കോലിയെയും ഗില്‍ നിയന്ത്രിക്കേണ്ട; ടീമില്‍ തങ്ങളുടെ സ്ഥാനം എന്തെന്ന് ഇരുവര്‍ക്കും നല്ല ബോധ്യമുണ്ട്'; ഓസിസ് പര്യടനത്തിന് ഒരുങ്ങുവെ ഇന്ത്യന്‍ നായകന് ഉപദേശവുമായി മുന്‍ ഇന്ത്യന്‍ താരം
മുംബൈ: ചാംപ്യന്‍സ് ട്രോഫി വിജയത്തിനു ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീം മറ്റൊരു ഏകദിന പരമ്പരയ്ക്ക് ഒരുങ്ങുകയാണ്. ഇന്ത്യന്‍ ജഴ്‌സിയില്‍ വീണ്ടും ഒരിക്കല്‍കൂടി സൂപ്പര്‍ താരങ്ങളായ വിരാട് കോലിയെയും രോഹിത് ശര്‍മയെയും കാണാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍. ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള താരങ്ങള്‍ നാളെ യാത്ര തിരിക്കുമെന്നാണ് വിവരം. ലണ്ടനില്‍ നിന്നും വിരാട് കോലി ഡല്‍ഹിയില്‍ എത്തിക്കഴിഞ്ഞു. ശരീര ഭാരം കുറച്ച്, ബ്രോങ്കോ ടെസ്റ്റില്‍ തിളങ്ങിയ ശേഷമാണ് രോഹിത് ഇന്ത്യന്‍ ടീമിലേക്കു തിരിച്ചെത്തുന്നത്. രോഹിത് ശര്‍മയെയും വിരാട് കോലിയെയും യുവതാരമായ ശുഭ്മന്‍ ഗില്‍ നയിക്കുന്നുവെന്ന പ്രത്യേകതയും ഈ പരമ്പരയ്ക്കുണ്ട്.
ഏകദിന ടീം പ്രഖ്യാപനത്തിനു തൊട്ടുമുന്‍പാണ് രോഹിത് ശര്‍മയെ ബിസിസിഐ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്നും മാറ്റിയത്. എല്ലാ ഫോര്‍മാറ്റിലും ഒരു ക്യാപ്റ്റനെന്ന സംവിധാനം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് രോഹിതിനെ നീക്കി, ഗില്ലിനെ ക്യാപ്റ്റനാക്കിയത്. എന്നാല്‍ രോഹിത് ശര്‍മയെയും വിരാട് കോലിയെയും നിയന്ത്രിക്കാന്‍ ഗില്‍ ബുദ്ധിമുട്ടേണ്ടതില്ലെന്നാണ് മുന്‍ ഇന്ത്യന്‍ താരം പാര്‍ഥിവ് പട്ടേലിന്റെ നിലപാട്. യുവാക്കള്‍ നിറഞ്ഞ ഒരു ടീമില്‍ തങ്ങളുടെ സ്ഥാനം എന്തെന്ന് രോഹിതിനും കോലിക്കും നല്ല ബോധ്യമുണ്ടാകുമെന്നാണ് പാര്‍ഥിവ് പട്ടേലിന്റെ നിലപാട്.
''രോഹിത് ശര്‍മയെയും കോലിയെയും നയിക്കുകയെന്നതു ബുദ്ധിമുട്ടുള്ള ഒരു കാര്യമായി തോന്നുന്നില്ല. സീനിയര്‍ താരങ്ങളുടെ രീതികള്‍ തന്നെയാണ് അതിനു കാരണം. വിരാട് കോലിയെ നോക്കുക. കോലി ക്യാപ്റ്റനായപ്പോള്‍ മുന്‍ ക്യാപ്റ്റന്‍ എം.എസ്. ധോണി അദ്ദേഹത്തിനു കീഴില്‍ കളിച്ചിട്ടുള്ളതാണ്. പുതിയൊരു ക്യാപ്റ്റന്‍ വളര്‍ന്നു വരുമ്പോള്‍ സീനിയര്‍ താരങ്ങളുടെ റോള്‍ എന്താണെന്നും കോലിക്ക് നന്നായി അറിയാം.''
''രോഹിത് ശര്‍മയുടെ കാര്യത്തിലും അങ്ങനെയാണ്. കോലി സീനിയര്‍ അല്ലെങ്കിലും രോഹിത് നയിക്കുമ്പോള്‍ മുന്‍ ക്യാപ്റ്റനായിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നല്ലതിനു വേണ്ടിയുള്ളതാണ് ഈ തീരുമാനമെന്ന് അവര്‍ക്കു മനസ്സിലാകും. അവരും ഇങ്ങനെയുള്ള സാഹചര്യങ്ങളിലൂടെ കടന്നുപോയവരാണ്. ഈ സീനിയര്‍ താരങ്ങളെ നിയന്ത്രിക്കാന്‍ ശുഭ്മന്‍ ഗില്‍ അധികം ബുദ്ധിമുട്ടേണ്ടതില്ല.'' പാര്‍ഥിവ് പട്ടേല്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐയോടു പറഞ്ഞു.