ആര്‍സിബിയുടെ ജഴ്‌സിയുമായി വിരാട് കോലിയെ കാത്തുനിന്ന പാക് ആരാധകന്‍; നേരിട്ടെത്തി ഓട്ടോഗ്രാഫും നല്‍കി സൂപ്പര്‍ താരം; പിന്നാലെ ബസില്‍ നിന്നും ഇറങ്ങിവന്ന് രോഹിത്തും; വിവരിക്കാന്‍ വാക്കുകളില്ലെന്ന് ആരാധകന്റെ പ്രതികരണം
പെര്‍ത്ത്: ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ ഓപ്പറേഷന്‍ തിലക് ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരുടെ മനമാണ് കവര്‍ന്നതെങ്കില്‍ അങ്ങ് പെര്‍ത്തില്‍ പാക്കിസ്ഥാന്‍ ആരാധകന്റെ മനസ് കവര്‍ന്നിരിക്കുകയാണ് ഇന്ത്യയുടെ സൂപ്പര്‍ താരങ്ങളായ വിരാട് കോലിയും രോഹിത് ശര്‍മയും. ഇരുവരുടെയും എളിമയുള്ള പെരുമാറ്റമാണ് തന്റെ മനസ് കവര്‍ന്നതെന്ന് പാക്ക് ആരാധകന്‍ തുറന്നു പറയുന്നു.
ഓസീസ് പര്യടനത്തിനായി എത്തിയപ്പോഴാണ് ഇരുവരും പാക്കിസ്ഥാന്‍ ക്രിക്കറ്റ് ആരാധകരന്റെ മനസ് കീഴടക്കിയത്. ടീം താമസിച്ചിരുന്ന പെര്‍ത്തിലെ ഹോട്ടലിന് പുറത്തായി കാത്തുനില്‍ക്കുകയായിരുന്നു കറാച്ചി സ്വദേശി. ഹോട്ടലില്‍ നിന്നും പരിശീലനത്തിന് പോകുന്നതിനായി ടീം ബസിലേക്ക് കയറാന്‍ ഒരുങ്ങുമ്പോഴാണ് ആര്‍സിബിയുടെ ജഴ്‌സിയുമായി പാക് ആരാധകന്‍ നില്‍ക്കുന്നത് കണ്ടത്. കയ്യിലിരുന്ന കിറ്റ് ബാഗുമായി താരം നേരെ ആരാധകനടുത്തേക്ക് എത്തി. പിന്നാലെ ഓട്ടോഗ്രാഫും നല്‍കി.
കോലിയുടെ ഓട്ടോഗ്രാഫില്‍ ത്രില്ലടിച്ച് നിന്ന ആരാധകനെ അമ്പരപ്പിച്ചത് രോഹിത് ശര്‍മയാണ്. ടീം ബസില്‍ നേരത്തെ കയറി ഇരിപ്പുറപ്പിച്ച താരം ബസില്‍ നിന്നിറങ്ങി വന്ന് പാക് ആരാധകന്‍ കൊണ്ടുവന്ന ഇന്ത്യന്‍ ജഴ്‌സിയില്‍ കയ്യൊപ്പ് ചാര്‍ത്തി. 'കോലിയെ ഞാന്‍ മുന്‍പും കണ്ടിട്ടുണ്ട്. എന്തൊരു എളിമയുള്ള മനുഷ്യനാണെന്നോ? കോലിയെ കണ്ടത് എന്റെ മനസ് നിറച്ചു. രോഹിതും അങ്ങനെ തന്നെ.. ബസിനുള്ളിലിരുന്നിട്ടും ഞാനൊന്ന് ചോദിച്ചതും ഇറങ്ങി വന്ന് ഓട്ടോഗ്രാഫ് നല്‍കി മടങ്ങി. ഇത് വിവരിക്കാന്‍ വാക്കുകളില്ല'- ആരാധകന്‍ കൂട്ടിച്ചേര്‍ത്തു. സംഭവത്തിന്റെ വിഡിയോ റെവ് സ്‌പോര്‍ട്‌സാണ് പുറത്തുവിട്ടത്.
മാര്‍ച്ചില്‍ നടന്ന ചാംപ്യന്‍സ് ട്രോഫിക്ക് ശേഷം ഇതാദ്യമായാണ് കോലിയും രോഹിതും ഏകദിനത്തില്‍ ഇന്ത്യയ്ക്കായി കളിക്കാനിറങ്ങുന്നത്. കഴിഞ്ഞ എട്ടുമാസത്തിനിടയില്‍ ഇരുവരും കടുത്ത പരിശീലനമാണ് നടത്തിയിരുന്നതും. 2027ലെ ഏകദിന ലോകകപ്പോടെ വിരമിക്കുകയാണ് ഇരുവരുടെയും ലക്ഷ്യം. എന്നാല്‍ അതുവരെ ടീമില്‍ ഇരുവര്‍ക്കും ഇടമുണ്ടാകുമോ എന്ന് നിര്‍ണയിക്കുക ഓസീസ് പര്യടനമായേക്കും. പര്യടനത്തിന് പിന്നാലെ വിരമിക്കാന്‍ ബിസിസിഐ ആവശ്യപ്പെട്ടേക്കുമെന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഞായറാഴ്ചയാണ് ഇന്ത്യ ഓസ്‌ട്രേലിയ ഏകദിന പരമ്പരയ്ക്ക് തുടക്കമാകുന്നത്.