'ഉസ്മാൻ താരിഖിനെ സംസാരവിഷയമാക്കിയത് മാധ്യമങ്ങൾ, വിവാദങ്ങൾ അനാവശ്യം'; അഭിഷേക് നാളെ കളിക്കണം; മികച്ച താരങ്ങൾക്കെതിരെ കളിക്കാനാണ് പാകിസ്ഥാന് ആഗ്രഹമെന്നും സൽമാൻ ആഗ

Update: 2026-02-14 12:05 GMT

കൊളംബോ: ലോകത്തിലെ ഏറ്റവും മികച്ച താരങ്ങള്‍ക്കെതിരെ കളിക്കാനാണ് പാകിസ്ഥാന്‍ ആഗ്രഹിക്കുന്നതെന്നും സല്‍മാന്‍ ആഗ. ടി20 ലോകകപ്പിൽ നാളെ ഇന്ത്യക്കെതിരെ ഇറങ്ങുന്നതിന് മുന്നോടിയായി ആയിരുന്നു പാകിസ്ഥാൻ ക്യാപ്റ്റന്റെ പ്രതികരണം. ഇന്ത്യൻ വെടിക്കെട്ട് ഓപ്പണർ അഭിഷേക് ശർമ്മ എത്രയും പെട്ടെന്ന് സുഖം പ്രാപിച്ച് മത്സരത്തിൽ കളിക്കണമെന്ന് താൻ ആഗ്രഹിക്കുന്നതായും, ഉസ്മാൻ താരിഖിന്റെ ബൗളിംഗ് ആക്ഷനെക്കുറിച്ചുള്ള വിവാദങ്ങൾ അനാവശ്യമാണെന്നും ആഗ മത്സരത്തലേന്ന് നടന്ന വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

അസുഖബാധിതനായ അഭിഷേക് എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ച സൽമാൻ ആഗ, ലോകത്തിലെ ഏറ്റവും മികച്ച താരങ്ങൾക്കെതിരെ കളിക്കാനാണ് പാകിസ്ഥാൻ എപ്പോഴും ആഗ്രഹിക്കുന്നതെന്നും കൂട്ടിച്ചേർത്തു. ഉസ്മാൻ താരിഖിന്റെ ബൗളിംഗ് ആക്ഷൻ ഐസിസി അംഗീകരിച്ചതാണെന്നും, രണ്ട് തവണ പരിശോധനകൾക്ക് ശേഷം ക്ലിയറൻസ് ലഭിച്ചതാണെന്നും ആഗ ചൂണ്ടിക്കാട്ടി.

ഈ വിഷയത്തിലുള്ള ബഹളങ്ങൾ മനസ്സിലാകുന്നില്ലെന്നും, കരിയറിന്റെ തുടക്കം മുതൽക്കേ ഇത്തരം സംസാരങ്ങൾ കേട്ട് ശീലിച്ചതിനാൽ താരിഖിനെ ഇത് ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഉസ്മാൻ താരിഖിനെ വലിയ സംസാരവിഷയമാക്കിയത് മാധ്യമങ്ങളാണെന്നും, എല്ലാ കളിക്കാരും തുല്യരാണെന്നും ആഗ പ്രസ്താവിച്ചു. താൽപ്പര്യമുണ്ടെങ്കിൽ താരിഖിനെ പാകിസ്ഥാന്റെ തുറുപ്പുചീട്ടെന്ന് വിളിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യൻ താരങ്ങളുമായി ഹസ്തദാനം നടത്തുമോ എന്ന ചോദ്യത്തിന് ക്രിക്കറ്റ് ശരിയായ സ്പിരിറ്റിൽ കളിക്കണമെന്നായിരുന്നു സൽമാൻ ആഗയുടെ മറുപടി. കാലങ്ങളായി ക്രിക്കറ്റ് എങ്ങനെയാണോ കളിച്ചുപോരുന്നത് അങ്ങനെ തന്നെ തുടരണമെന്നും, ഹസ്തദാനം നടത്തണോ എന്ന് തീരുമാനിക്കേണ്ടത് ഇന്ത്യയാണെന്നും അദ്ദേഹം വ്യക്തമാക്കി. ലോകകപ്പുകളിൽ ഇന്ത്യക്കെതിരെ പാകിസ്ഥാന് മോശം റെക്കോർഡാണുള്ളതെന്നത് വസ്തുതയാണെന്നും, എന്നാൽ ചരിത്രം തിരുത്താൻ ഓരോ ദിവസവും പുതിയ അവസരമാണെന്നും ആഗ ഓർമ്മിപ്പിച്ചു.

Tags:    

Similar News