'നാളെ അഭിഷേക് കളിക്കണമെന്ന് സല്‍മാന് അത്ര നിര്‍ബന്ധമാണെങ്കില്‍ ഞങ്ങള്‍ അവനെ കളിപ്പിക്കും; പാക് താരങ്ങള്‍ക്ക് കൈ കൊടുക്കുമോ എന്ന ചോദ്യത്തിനും തമാശരൂപേണ പ്രതികരണം'; പാക്ക് നായകന്റെ വെല്ലുവിളിക്ക് മറുപടിയുമായി സൂര്യകുമാര്‍ യാദവ്

Update: 2026-02-14 13:34 GMT

കൊളംബോ: ട്വന്റി 20 ലോകകപ്പില്‍ ചിരവൈരികളുടെ പോരാട്ടത്തിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ ഇന്ത്യയെ വെല്ലുവിളിച്ച പാക്കിസ്ഥാന്‍ നായകന്‍ സല്‍മാന്‍ അലി ആഗയ്ക്ക് മറുപടിയുമായി ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്. അസുഖബാധിതനായ ഓപ്പണര്‍ അഭിഷേക് ശര്‍മ നാളെ ഇന്ത്യക്കായി കളിക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് പറഞ്ഞ പാക്ക് നായകന്‍ സല്‍മാന്‍ ആഗക്ക് രസകരമായ മറുപടിയാണ് സൂര്യകുമാര്‍ നല്‍കിയത്.

നാളെ അഭിഷേക് കളിക്കണമെന്ന് സല്‍മാന് അത്ര നിര്‍ബന്ധമാണെങ്കില്‍, ഞങ്ങള്‍ അവനെ കളിപ്പിക്കും എന്നായിരുന്നു സൂര്യകുമാര്‍ തമാശരൂപേണ മറുപടി നല്‍കിയത്. അഭിഷേക് മത്സരത്തിന് പൂര്‍ണ്ണ സജ്ജനാണെന്ന സൂചനയും സൂര്യകുമാര്‍ നല്‍കി. ടോസിട്ടശേഷം പാക് ടീം ക്യാപ്റ്റന്‍ സല്‍മാന്‍ ആഗയുമായി ഹസ്തദാനം ചെയ്യുമോ എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നല്‍കാതെ സൂര്യകുമാര്‍ യാദവ് ഒഴിഞ്ഞുമാറി. ടോസ് സമയത്തെ ഹസ്തദാനത്തെക്കുറിച്ച് നമുക്ക് അപ്പോള്‍ കാണാം. 24 മണിക്കൂര്‍ കൂടി കാത്തിരിക്കൂ എന്നായിരുന്നു സൂര്യകുമാറിന്റെ പ്രതികരണം. ഇന്ത്യന്‍ താരങ്ങള്‍ കൈ കൊടുക്കാന്‍ തങ്ങള്‍ തയ്യാറാണെന്നും കളിയെ അതിന്റെ സ്പിരിറ്റില്‍ കാണണമെന്നും നേരത്തെ പാക് ക്യാപറ്റന്‍ സല്‍മാന്‍ അലി ആഗ പറഞ്ഞിരുന്നു. മത്സരത്തിന് മുന്നോടിയായി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ക്യാപ്റ്റന്‍മാരുടെ പ്രതികരണങ്ങള്‍.

വിവാദ ബൗളിംഗ് ആക്ഷനുള്ള പാക് സ്പിന്നര്‍ ഉസ്മാന്‍ താരിഖിനെ നേരിടുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിനും സൂര്യ മറുപടി നല്‍കി. ചിലപ്പോള്‍ പരീക്ഷയ്ക്ക് സിലബസിന് പുറത്തുള്ള ചോദ്യങ്ങളും വരാം, എന്ന് കരുതി അത് എഴുതാതിരിക്കാന്‍ പറ്റില്ലല്ലോ. താരിഖിന്റെ ബൗളിംഗ് രീതി വ്യത്യസ്തമാണ്, പക്ഷേ അയാള്‍ക്ക് മുന്നില്‍ കീഴടങ്ങാന്‍ ഞങ്ങള്‍ ഉദ്ദേശിക്കുന്നില്ല. വലിയ ആവേശത്തിലാണ് ടീമെന്നും സൂര്യകുമാര്‍ പറഞ്ഞു.

ലോകകപ്പിലെ ആദ്യ രണ്ട് മത്സരങ്ങളിലും ഇന്ത്യയുടെ മധ്യനിര തകര്‍ന്നതിനെക്കുറിച്ചും സൂര്യകുമാര്‍ പ്രതികരിച്ചു. തുടക്കത്തില്‍ ബാറ്റിംഗില്‍ ചില പിഴവുകള്‍ സംഭവിച്ചു എന്നത് യാഥാര്‍ത്ഥ്യമാണ്. അത് മറച്ചുവെക്കുന്നില്ല. ടീമിലുള്ളവരെല്ലാം ലോകോത്തര താരങ്ങളാണ്. പിച്ചിനും സാഹചര്യങ്ങള്‍ക്കും അനുസരിച്ച് ഓരോരുത്തര്‍ക്കും സ്വന്തം പ്ലാനുകള്‍ ഉണ്ടാകണം. നമീബിയയ്ക്കും യു.എസ്.എയ്ക്കുമെതിരെ ചെറിയ തകര്‍ച്ച ഉണ്ടായെങ്കിലും ടീം അത് മറികടന്നു. ട്വന്റി 20 ക്രിക്കറ്റിന്റെ പ്രത്യേകത തന്നെ ഇതാണെന്നും സൂര്യകുമാര്‍ പറഞ്ഞു. കുല്‍ദീപ് യാദവ് നാളെ കളിക്കുമോ എന്ന ചോദ്യത്തിന് അവനെ കളിപ്പിക്കണോ എന്നാല്‍ കളിപ്പിക്കാം എന്നായിരുന്നു സൂര്യയുടെ മറുപടി.

ഇന്ത്യന്‍ താരങ്ങള്‍ എതിരാളികളിലല്ല സ്വന്തം രീതികളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നുംസൂര്യകുമാര്‍ വ്യക്തമാക്കി. 'ഞങ്ങള്‍ ഞങ്ങളുടെ ശക്തിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കും. എതിരാളികള്‍ എങ്ങനെ കളിക്കുന്നു എന്നതില്‍ അല്ല. ആരാണോ മികച്ച ക്രിക്കറ്റ് കളിക്കുന്നത് അവര്‍ വിജയിക്കും. അതാണ് പ്രധാനം' സൂര്യകുമാര്‍ പറഞ്ഞു.

നാളെ കൊളംബോയിലെ ആര്‍. പ്രേമദാസ സ്റ്റേഡിയത്തിലാണ് ക്രിക്കറ്റ് ലോകം കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടം നടക്കുന്നത്. വയറിലെ അണുബാധയെ തുടര്‍ന്ന് നമീബിയയ്ക്കെതിരായ മത്സരത്തില്‍നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു അഭിഷേക്. പാക്കിസ്ഥാനെതിരെ അഭിഷേക് കളിക്കുമെന്ന് സ്ഥിരീകരിച്ചതോടെ സഞ്ജു സാംസണ്‍ ആദ്യ ഇലവനില്‍നിന്ന് പുറത്താകും. അഭിഷേകിന് വിശ്രമം നല്‍കിയതിനെ തുടര്‍ന്ന് നമീബിയയ്ക്കെതിരെ സഞ്ജു പാഡണിഞ്ഞിരുന്നു. ഇടംകൈയ്യന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവും ഞായറാഴ്ചത്തെ മത്സരത്തിലുണ്ടാകുമെന്ന് സൂര്യകുമാര്‍ യാദവ് സൂചന നല്‍കി.

Tags:    

Similar News