പെര്‍ത്തില്‍ ഇന്ത്യയ്ക്ക് മികച്ച തുടക്കമിടാന്‍ രോഹിതിനൊപ്പം നായകന്‍ ഗില്‍; കോലിയും ശ്രേയസും രാഹുലും ഉള്‍പ്പെട്ട ബാറ്റിങ് നിര; സിറാജ് നയിക്കുന്ന പേസ് പടയും ശക്തം; ഇന്ത്യയുടെ പ്ലേയിങ് ഇലവന്‍ സാധ്യത ഇങ്ങനെ
പെര്‍ത്ത്: ഞായറാഴ്ച പെര്‍ത്തില്‍ ഇന്ത്യ ഓസ്‌ട്രേലിയ ഏകദിന പരമ്പരയ്ക്ക് തുടക്കമാകാനിരിക്കെ മുന്‍ നായകന്‍ രോഹിത് ശര്‍മയുടേയും വിരാട് കോലിയുടേയും തിരിച്ചുവരവാണ് ആരാധകര്‍ ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്. ചാംപ്യന്‍സ് ട്രോഫിക്ക് ശേഷം സൂപ്പര്‍ താരങ്ങള്‍ ആദ്യമായി ഇറങ്ങുന്ന രാജ്യാന്തര മല്‍സരമെന്നതിനാല്‍ തന്നെ ആരാധകരും ആവേശത്തിലാണ്. ഗില്ലിന് കീഴില്‍ ഇന്ത്യയ്ക്ക് ഓസ്‌ട്രേലിയയെ അവരുടെ സ്വന്തം മണ്ണില്‍ തളയ്ക്കാനാകുമോ എന്നതാണ് മുന്‍താരങ്ങളടക്കം ഉറ്റുനോക്കുന്നത്. സ്വന്തം മണ്ണില്‍, സ്വന്തം ആരാധകര്‍ക്ക് മുന്നില്‍ കളിക്കുന്നതിന്റെ എല്ലാ ആനുകൂല്യവും ഓസ്‌ട്രേലിയയ്ക്കുണ്ട്.
ഇന്ത്യയുടെ പ്ലേയിങ് ഇലവന്‍ എങ്ങനെയാകുമെന്നതില്‍ വലിയ ചര്‍ച്ചകളാണ് നടക്കുന്നത്. രോഹിതില്‍ നിന്നും ശുഭ്മന്‍ ഗില്‍ നായകസ്ഥാനം ഏറ്റെടുത്ത ശേഷമുള്ള ആദ്യ മല്‍സരവുമാണിത്. രോഹിതും ഗില്ലും തന്നെ ഓപ്പണര്‍മാരാകുമെന്നാണ് നിലവിലെ വിലയിരുത്തല്‍. കോലി മൂന്നാമനായും ശ്രേയസ് അയ്യര്‍, കെ.എല്‍.രാഹുല്‍, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ മധ്യനിരയിലും ഇറങ്ങും. പരുക്കേറ്റ ഹാര്‍ദിക് പാണ്ഡ്യയ്ക്ക് പകരം നിതീഷ് കുമാര്‍ റെഡ്ഡി കളിക്കും. മുഹമ്മദ് സിറാജ്,ഹര്‍ഷിദ് റാണ, അര്‍ഷ്ദീപ് സിങ് എന്നിവരുടെ പേസ് ആക്രമണത്തിന് കുല്‍ദീപിന്റെ പിന്തുണയും ലഭിക്കും.
പെര്‍ത്തില്‍ ഇന്ത്യയ്ക്ക് മികച്ച തുടക്കം നല്‍കാന്‍ തന്നെയാകും രോഹിത് ശര്‍മയുടെ ശ്രമം. 273 ഏകദിനങ്ങളില്‍ നിന്നായി 11,168 റണ്‍സാണ് ഹിറ്റ്മാന്റെ സമ്പാദ്യം. ഓസീസ് പേസ് ആക്രമണത്തെ എങ്ങനെയാകും ഗില്‍ നേരിടുക എന്നതിനെ ആശ്രയിച്ചാകും സ്‌കോര്‍ ബോര്‍ഡ് ചലിക്കുകയെന്നും വിദഗ്ധര്‍ വിലയിരുത്തുന്നു. ഇന്ത്യയ്ക്ക് മികച്ച തുടക്കം ലഭിച്ചാല്‍ എന്തായാലും പൊരുതാവുന്ന ടോട്ടല്‍ കെട്ടിപ്പടുക്കാനാകും.
ഏത് സമ്മര്‍ദം വന്നാലും ഉലയാതെ ടീമിനെ കാക്കാന്‍ കിങ് കോലിക്ക് കഴിയുമെന്നും മധ്യനിര ശ്രേയസിന്റെ കൈകളില്‍ ഭദ്രമാണെന്നും മുന്‍താരങ്ങള്‍ വിലയിരുത്തുന്നു. പെര്‍ത്തിലെ പിച്ചില്‍ പേസ് എങ്ങനെ കൈകാര്യം ചെയ്യുമെന്നതും സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്യുന്നതും ടോട്ടല്‍ സ്‌കോറിലും പ്രതിഫലിച്ചേക്കാം. ബാറ്റുകൊണ്ടും പന്തുകൊണ്ടും കളിയുടെ ഗതിമാറ്റാന്‍ കെല്‍പ്പുള്ളവരാണ് നിതീഷ് കുമാറും അക്‌സറും.അതുകൊണ്ടുതന്നെ തുടക്കത്തില്‍ വിക്കറ്റ് വീണാലും ഭയക്കേണ്ടതില്ല. ബോളിങിലേക്ക് വന്നാല്‍ പെര്‍ത്തിലെ ബൗണ്‍സും സ്വിങും പരമാവധി മുതലെടുക്കാന്‍ സിറാജും റാണയും അര്‍ഷ്ദീപും ശ്രമിക്കും. മധ്യ ഓവറുകളില്‍ ഓസ്‌ട്രേലിയയെ പിടിച്ചുകെട്ടാന്‍ കുല്‍ദീപും മതിയാകും. സ്വന്തം മണ്ണില്‍ ഓസീസിനാണ് മേല്‍ക്കൈയെന്നതിനാല്‍ തന്നെ തുടക്കത്തില്‍ നേട്ടമുണ്ടാക്കാനാകും ഇന്ത്യയുടെ ശ്രമം.
ട്രാവിസ് ഹെഡും ഉസ്മാന്‍ ഖവാജയുമാകും ഓസ്‌ട്രേലിയന്‍ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുക. മൂന്നാമനായി ലബുഷെയ്‌നും മധ്യനിരയില്‍ മിച്ചല്‍ മാര്‍ഷ്, ഗ്ലെന്‍ മാക്‌സ്‌വെല്‍, ജോഷ് ഫിലിപ്പി എന്നിവരും കളിച്ചേക്കും. ആരോണ്‍ ഹാര്‍ഡിയാകും ഓള്‍റൗണ്ടര്‍. പേസ് ആക്രമണത്തിന് മൂര്‍ച്ചേറ്റി മിച്ചല്‍ സ്റ്റാര്‍കും മാറ്റും ടീമിന് കരുത്തേകുമെന്നാണ് കരുതുന്നത്. അതേസമയം, പുറത്തെ പരുക്കിനെ തുടര്‍ന്ന് വിശ്രമിക്കുന്ന പാറ്റ് കമ്മിന്‍സ് പെര്‍ത്തില്‍ കളിക്കുന്നതില്‍ ഇതുവരേക്കും തീരുമാനമായിട്ടില്ല. ആദ്യ ഏകദിനത്തില്‍ ആദം സാംപയും ടീമില്‍ ഇടംപിടിച്ചേക്കില്ല.