'അവനിത് എന്നോട് പറഞ്ഞാല്‍ ഞാന്‍ മറുപടി കൊടുക്കാമെന്ന് അഗാര്‍ക്കര്‍; അയാള്‍ എന്തെങ്കിലും പറയട്ടെ എന്ന് മുഹമ്മദ് ഷമി; ഇന്ത്യന്‍ ടീമിലേക്ക് പരിഗണിക്കാത്തതില്‍ വാക്പോര്; പിന്നാലെ പന്തുകൊണ്ട് മറുപടി നല്‍കി ഇന്ത്യന്‍ താരം
ന്യൂഡല്‍ഹി: ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ സീനിയര്‍ ടീമിലേക്കും പരിഗണിക്കാതിരുന്നതില്‍ സാമൂഹ്യ മാധ്യമത്തിലൂടെ നടത്തിയ പരാമര്‍ശത്തിന് പിന്നാലെ ബോളര്‍ മുഹമ്മദ് ഷമിയും ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറും തമ്മില്‍ വാക്‌പോര്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കു ഷമിയെ ഉള്‍പ്പെടുത്താതിരുന്നത് അദ്ദേഹത്തിനു ശാരീരികക്ഷമത കുറവായതു കൊണ്ടാണെന്ന് അഗാര്‍ക്കര്‍ പറഞ്ഞു. കഴിഞ്ഞ ആറു മുതല്‍ എട്ടു മാസത്തിനിടെ അദ്ദേഹത്തിന്റെ മാച്ച് ഫിറ്റ്‌നസ് അത്ര മികച്ചതല്ലെന്നും ഒരു ദേശീയ മാധ്യമത്തിന്റെ പരിപാടിയില്‍ സംസാരിക്കുന്നതിനിടെ അഗാര്‍ക്കര്‍ പറഞ്ഞു. ഇതിനു മറുപടിയുമായി ഷമിയും രംഗത്തെത്തി. ഫിറ്റ്‌നസ് സംബന്ധിച്ച് പ്രസ്താവന താന്‍ ഗൗരവത്തോടെ കാണുന്നില്ലെന്ന് ഷമി പറഞ്ഞു.
സെലക്ഷനെക്കുറിച്ച് പറഞ്ഞ് വിവാദമുണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും നാലു ദിവസം നീളുന്ന രഞ്ജി ട്രോഫി കളിക്കാമെങ്കില്‍ തനിക്ക് 50 ഓവര്‍ മാത്രമുള്ള ഏകദിനങ്ങളിലും കളിക്കാനാകുമെന്നും ഷമി പറഞ്ഞിരുന്നു. ഫിറ്റ്‌നെസിനെക്കുറിച്ച് ആരും തന്നോട് ചോദിച്ചിട്ടില്ലെന്നും അങ്ങോട്ട് പറയാനായി പോകുന്നില്ലെന്നും ഷമി വ്യക്തമാക്കിയിരുന്നു.
''അദ്ദേഹം എന്നോട് അങ്ങനെ പറഞ്ഞാല്‍ ഞാന്‍ അതിന് ഉത്തരം നല്‍കും. അദ്ദേഹം ഇവിടെ ഉണ്ടായിരുന്നെങ്കില്‍ ഞാന്‍ അങ്ങനെ ചെയ്യുമായിരുന്നു. സമൂഹമാധ്യമത്തില്‍ അദ്ദേഹം എന്താണ് പറഞ്ഞതെന്ന് എനിക്ക് കൃത്യമായി അറിയില്ല. അത് വായിച്ചാല്‍ ഞാന്‍ അദ്ദേഹത്തെ വിളിച്ചേക്കാം. മിക്ക കളിക്കാര്‍ക്കു വേണ്ടിയും എന്റെ ഫോണ്‍ ഓണാണ്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഞാന്‍ അദ്ദേഹവുമായി ഒന്നിലധികം തവണ സംസാരിച്ചിട്ടുണ്ട്. അദ്ദേഹം ഫിറ്റാണെങ്കില്‍, നമുക്ക് എന്തുകൊണ്ട് ഷമിയെപ്പോലുള്ള ഒരു ബോളറെ ടീമില്‍ ഉള്‍പ്പെടുത്തികൂടാ. കഴിഞ്ഞ ആറു മുതല്‍ എട്ടു മാസത്തിനുള്ളില്‍, അദ്ദേഹം ഫിറ്റല്ലെന്ന് ഞങ്ങള്‍ കണ്ടെത്തി. ഇംഗ്ലണ്ട് പര്യടനത്തിന് ഉള്‍പ്പെടുത്താന്‍ അദ്ദേഹം ഫിറ്റ് അല്ലായിരുന്നു.'' അഗാര്‍ക്കാര്‍ പറഞ്ഞു.
താന്‍ കളിക്കുന്ന സമയത്ത് ആരും ഒരിക്കലും ദേശീയ സെലക്ടറെ ഫോണ്‍ വിളിക്കുമായിരുന്നില്ലെന്നും പക്ഷേ കാലം മാറിയെന്നും ടീമിലെടുക്കാത്തപ്പോള്‍ യുവ കളിക്കാരില്‍ നിന്ന് പലപ്പോഴും ഫോണ്‍ കോളുകള്‍ ലഭിക്കാറുണ്ടെന്ന് അഗാര്‍ക്കര്‍ പറഞ്ഞു. പൂര്‍ണമായും സത്യസന്ധതയോടെയാണ് ടീമിനെ തിരഞ്ഞെടുക്കുന്നതെന്നും അഗാര്‍ക്കര്‍ പറഞ്ഞു.
ഇതിനു മറുപടിയുമായി ഷമി രംഗത്തെി. ''അയാള്‍ എന്ത് വേണമെങ്കിലും പറയട്ടെ. ഞാന്‍ എങ്ങനെ ബോള്‍ ചെയ്യുന്നെന്ന് നിങ്ങള്‍ കണ്ടിട്ടുണ്ട്. അതെല്ലാം നിങ്ങളുടെ കണ്‍മുന്നിലാണ് നടക്കുന്നത്'' ഷമി പറഞ്ഞു. ഉത്തരാഖണ്ഡിനെതിരായ മത്സരത്തില്‍ ആദ്യ ഇന്നിങ്‌സില്‍ ബംഗാളിനു വേണ്ടി ഷമി മുന്നു വിക്കറ്റും രണ്ടാം ഇന്നിങ്‌സില്‍ നാലും വിക്കറ്റും വീഴ്ത്തിയിരുന്നു. ഫിറ്റായി ഇരിക്കുന്നതു കൊണ്ടാണ് രഞ്ജി ട്രോഫി കളിക്കുന്നതെന്നും ഇക്കാര്യം ഇടയ്ക്കിടയ്ക്ക് ബിസിസിഐയെ അറിയിക്കാന്‍ സാധിക്കില്ലെന്നും തുറന്നടിച്ചാണ് കഴിഞ്ഞ ദിവസം അഗാര്‍ക്കറിനെ വിമര്‍ശിച്ച് ഷമി പറഞ്ഞത്.
'സിലക്ഷന്റെ കാര്യം ഒരിക്കലും എന്റെ നിയന്ത്രണത്തിലല്ല. എന്തെങ്കിലും ഫിറ്റ്‌നസ് പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍, ഞാന്‍ ബംഗാളിനു വേണ്ടിയും കളിക്കില്ലല്ലോ. ഞാന്‍ എന്തെങ്കിലും പറഞ്ഞ് വിവാദം ഉണ്ടാക്കാന്‍ നോക്കുന്നില്ല. രഞ്ജി ട്രോഫിയിലെ ദിവസങ്ങള്‍ നീണ്ട മത്സരങ്ങള്‍ എനിക്കു കളിക്കാനാകുമെങ്കില്‍, 50 ഓവര്‍ ക്രിക്കറ്റിലും ഇറങ്ങാന്‍ സാധിക്കും. ഉത്തരാഖണ്ഡിനെതിരായ രഞ്ജി ട്രോഫി മത്സരത്തിനു മുന്നോടിയായി മാധ്യമങ്ങളെ കണ്ടപ്പോള്‍ ഷമി പറഞ്ഞു.
ഷമി ഇക്കാര്യങ്ങളൊക്കെ തന്നോട് പറഞ്ഞിരുന്നെങ്കില്‍ അപ്പോള്‍ മറുപടി നല്‍കാമായിരുന്നുവെന്ന് ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കര്‍ എന്‍ഡിടിവി സമ്മിറ്റില്‍ പറഞ്ഞു. ഷമി പറഞ്ഞത് ഞാനും വായിച്ചിരുന്നു. അതൊക്കെ എന്നോട് പറഞ്ഞിരുന്നെങ്കില്‍ മറുപടി നല്‍കാമായിരുന്നു. ഞാനവനെ ഇനിയും വിളിക്കും, കഴിഞ്ഞ കുറച്ചുമാസത്തനിടെ ഷമിയുമായി നിരവധി തവണ ഞാന്‍ ചാറ്റ് ചെയ്തിരുന്നു. അവന്‍ ഫിറ്റായിരുന്നെങ്കില്‍ ഇംഗ്ലണ്ടിലേക്കുള്ള വിമാനത്തില്‍ അവനുണ്ടാകുമായിരുന്നു.
രാജ്യത്തെ ആഭ്യന്തര സീസണ്‍ ഇപ്പോള്‍ തുടങ്ങിയിട്ടേയുള്ളു. അതില്‍ ഷമിയുടെ ഫിറ്റ്‌നെസിനെക്കുറിച്ച് വിലയിരുത്തും. ഷമിയെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലും ഉള്‍പ്പെടുത്താന്‍ അതിയായ ആഗ്രഹച്ചിരുന്നു. പക്ഷെ ഷമി ഫിറ്റായിരുന്നില്ല. അടുത്ത രണ്ട് മാസത്തിനുള്ളില്‍ അവന്‍ ഫിറ്റ്‌നെസ് വീണ്ടെടുത്താല്‍ ഈ കഥയൊക്കെ മാറുമെന്നും അഗാര്‍ക്കര്‍ പറഞ്ഞു.
ഷമിയുടെ ഫിറ്റ്‌നസിനെക്കുറിച്ച് ഒരു വിവരവും തനിക്കു ലഭിച്ചിട്ടില്ലെന്നാണ് ഓസ്‌ട്രേലിയയ്‌ക്കെതിരായ പരമ്പരകള്‍ക്കുള്ള ടീം പ്രഖ്യാപിച്ച ശേഷം ഇന്ത്യന്‍ ടീം സിലക്ടര്‍ അജിത് അഗാര്‍ക്കര്‍ പറഞ്ഞത്. എന്നാല്‍ ഫിറ്റ്‌നസ് കാര്യം സിലക്ടര്‍മാരെ അറിയിക്കുകയെന്നത് തന്റെ ജോലിയല്ലെന്ന് ഷമി തിരിച്ചടിച്ചു. ചാംപ്യന്‍സ് ട്രോഫിയിലാണു മുഹമ്മദ് ഷമി ഒടുവില്‍ ഇന്ത്യയ്ക്കായി കളിച്ചത്. പരുക്കിന്റെ പിടിയിലായിരുന്ന താരം ഫിറ്റ്‌നസ് വീണ്ടെടുത്തെങ്കിലും ഷമിയെ ടീമിലേക്കു പരിഗണിച്ചില്ല.