അന്താരാഷ്ട്ര ക്രിക്കറ്റില്‍ അമ്പതാം സെഞ്ചുറിയുമായി രോഹിത് ശര്‍മ; ഒരു നേട്ടത്തില്‍ ഇനി സാക്ഷാല്‍ സച്ചിന് ഒപ്പം;അര്‍ധ സെഞ്ചറിയുമായി കോലിയുടെ തിരിച്ചുവരവ്; സിഡ്‌നിയില്‍ ഇന്ത്യക്ക് ആശ്വാസ ജയം സമ്മാനിച്ച് രോ - കോ സഖ്യം; ഇനി ഗംഭീറും അഗാര്‍ക്കറും എന്തു ചെയ്യും? ലോകകപ്പ് ടീമിലേക്ക് 'അവകാശം' ഉറപ്പിച്ച് മുന്‍ നായകന്മാര്‍
സിഡ്നി: പരമ്പര തൂത്തുവരാന്‍ ലക്ഷ്യമിട്ട ഓസ്ട്രേലിയയെ സിഡ്‌നിയില്‍ ഒമ്പത് വിക്കറ്റിന് കീഴടക്കി ഇന്ത്യക്ക് ആശ്വാസ ജയം സമ്മാനിച്ച് രോ- കോ സഖ്യം. ഓസീസ് മുന്നില്‍വെച്ച 237 എന്ന ലക്ഷ്യം 38.1 ഓവറില്‍ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. സൂപ്പര്‍ താരങ്ങളായ രോഹിത് ശര്‍മ്മയുടെയും വിരാട് കോലിയുടെയും തകര്‍പ്പന്‍ ഇന്നിങ്സുകളാണ് ഇന്ത്യക്ക് അനായാസ വിജയം നേടിക്കൊടുത്തത്. രോഹിത് സെഞ്ചുറിയും (121*) വിരാട് (74*) അര്‍ദ്ധ സെഞ്ചുറിയും നേടി ഇന്ത്യന്‍ ജയത്തിന് ചുക്കാന്‍ പിടിച്ചു. ഏകദിന പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ ഓസ്ട്രേലിയ വിജയിച്ചിരുന്നു. 69 പന്തുകള്‍ ബാക്കി നില്‍ക്കെ ആധികാരിക വിജയം സ്വന്തമാക്കിയ ഇന്ത്യ പരമ്പരയിലെ 'വൈറ്റ് വാഷ്' തോല്‍വി ഒഴിവാക്കി. 24 അടിച്ച ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന്റെ വിക്കറ്റ് മാത്രമാണ് ഇന്ത്യക്ക് നഷ്ടമായത്. ഗില്‍ ജോഷ് ഹേസല്‍വുഡിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ അലക്‌സ് കാരിക്ക് ക്യാച്ച് നല്‍കിയാണ് പുറത്തായത്.
അഡ്‌ലെയ്ഡില്‍ നേടിയ അര്‍ധ സെഞ്ചുറിക്ക് പിന്നാലെയാണ് രോഹിത് സിഡ്‌നിയില്‍ സെഞ്ചുറി തികച്ചത്. ക്രിക്കറ്റില്‍ കാലം കഴിഞ്ഞെന്ന് വിമര്‍ശിച്ചവര്‍ക്ക് ബാറ്റ് കൊണ്ട് മറുപടി നല്‍കാന്‍ രോഹിതിനും കോലിക്കുമായി. മികച്ച ഇന്നിംഗ്‌സുമായി ഇന്ത്യക്ക് ജയം സമ്മാനിച്ചതോടെ 2027ല്‍ നടക്കുന്ന ഏകദിന ലോകകപ്പ് ടീമിലേക്ക് അവകാശം ഉന്നയിക്കാനും രോഹിതിനും കോലിക്കുമായി. ക്യാപ്റ്റന്‍ സ്ഥാനത്തുനിന്നും നീക്കി സമ്മര്‍ദ്ദം ഉയര്‍ത്തിയ സിലക്ടര്‍മാര്‍ക്കും പരിശീലകന്‍ ഗൗതം ഗംഭീറിനുമുള്ള മറുപടി കൂടിയാണ് രോഹിതിന്റെ സെഞ്ചുറി. അതേ സമയം ആദ്യ രണ്ട് മത്സരങ്ങളില്‍ പൂജ്യത്തിന് പുറത്തായ കോലിക്ക് ഫോം കണ്ടെത്താനായത് നിര്‍ണായകമായി.
സൂപ്പര്‍ താരങ്ങളായ രോഹിത് ശര്‍മ സെഞ്ചറിയും വിരാട് കോലി അര്‍ധ സെഞ്ചറിയും നേടി പുറത്താകാതെനിന്നു. 125 പന്തുകളില്‍ 13 ഫോറുകളും മൂന്നു സിക്‌സുകളും ഉള്‍പ്പടെ 121 റണ്‍സാണു രോഹിത് നേടിയത്. രാജ്യാന്തര ക്രിക്കറ്റില്‍ രോഹിതിന്റെ അമ്പതാം സെഞ്ചറിയാണിത്, ഏകദിന ഫോര്‍മാറ്റില്‍ 33 സെഞ്ചറികള്‍. 63 പന്തുകളില്‍നിന്ന് അര്‍ധ സെഞ്ചറിയിലെത്തിയ രോഹിത്, പിന്നീടുള്ള 42 പന്തുകളില്‍ 100 പിന്നിട്ടു. 81 പന്തുകള്‍ നേരിട്ട വിരാട് കോലി ഏഴു ഫോറുകളുള്‍പ്പടെ 74 റണ്‍സടിച്ചു.
നേരത്തേ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസീസ് 46.4 ഓവറില്‍ 236 റണ്‍സിന് പുറത്തായിരുന്നു. അര്‍ധ സെഞ്ചുറി നേടിയ മാറ്റ് റെന്‍ഷായുടെയും (58പന്തില്‍ 56) ക്യാപ്റ്റന്‍ മിച്ചല്‍ മാര്‍ഷിന്റെയും (41) ഇന്നിങ്സുകളാണ് ഓസീസിനെ തുണച്ചത്. ഇന്ത്യക്കായി ഹര്‍ഷിത് റാണ നാലുവിക്കറ്റ് നേടി.നേരത്തേ ഓപ്പണിങ്ങില്‍ ട്രാവിസ് ഹെഡും മിച്ചല്‍ മാര്‍ഷും ചേര്‍ന്ന് 61 റണ്‍സിന്റെ കൂട്ടുകെട്ട് ഉയര്‍ത്തി മികച്ച തുടക്കം നല്‍കിയിരുന്നു.
ട്രാവിസ് ഹെഡ് (25 പന്തില്‍ 29) ആണ് ആദ്യം പുറത്തായത്. പത്താം ഓവറില്‍ മുഹമ്മദ് സിറാജെറിഞ്ഞ പന്തില്‍ പ്രസിദ്ധ് കൃഷ്ണയ്ക്ക് ക്യാച്ച് നല്‍കിയാണ് മടക്കം. പിന്നാലെ മിച്ചല്‍ മാര്‍ഷും (50 പന്തില്‍ 41) പുറത്തായി. അക്ഷര്‍ പട്ടേലിനാണ് വിക്കറ്റ്. 41 പന്തില്‍ 30 റണ്‍സെടുത്ത മാത്യു ഷോര്‍ട്ടിനെ കോലിയുടെ കൈകളിലെത്തിച്ച് വാഷിങ്ടണ്‍ സുന്ദറും അലക്‌സ് കാരിയെ (37 പന്തില്‍ 24) ശ്രേയസ് അയ്യരുടെ കൈകളിലേക്ക് നല്‍കി ഹര്‍ഷിത് റാണയും വിക്കറ്റുവേട്ടയില്‍ പങ്കാളികളായി.
തുടര്‍ന്ന് ആറു റണ്‍സിനിടെ മൂന്ന് വിക്കറ്റ് നഷ്ടപ്പെട്ടതോടെ റണ്ണൊഴുക്ക് കുറഞ്ഞു. അര്‍ധ സെഞ്ചുറി നേടിയ മാറ്റ് റെന്‍ഷായെ വാഷിങ്ടണ്‍ സുന്ദര്‍ വിക്കറ്റിന് മുന്നില്‍ കുരുക്കി.പിന്നാലെ മിച്ചല്‍ ഓവന്‍ (1), മിച്ചല്‍ സ്റ്റാര്‍ക്ക് (2), നാഥന്‍ എലിസ് (22), ജോഷ് ഹേസല്‍വുഡ് (0), കൂപ്പര്‍ കനോലി (23) എന്നിവരെല്ലാം മടങ്ങി. ഇന്ത്യക്കുവേണ്ടി ഹര്‍ഷിത് റാണ നാലും വാഷിങ്ടണ്‍ സുന്ദര്‍ രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി. കുല്‍ദീപ് യാദവ്, അക്ഷര്‍ പട്ടേല്‍, പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ് എന്നിവര്‍ക്ക് ഓരോ വിക്കറ്റ്.
മത്സരത്തില്‍ ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.രണ്ട് മാറ്റങ്ങളോടെയാണ് ഇന്ത്യ കളത്തിലിറങ്ങിയത്. ഇടംകൈയന്‍ റിസ്റ്റ് സ്പിന്നര്‍ കുല്‍ദീപ് യാദവിനെയും പേസര്‍ പ്രസിദ്ധ് കൃഷ്ണയെയും ടീമില്‍ ഉള്‍പ്പെടുത്തി. നിതീഷ് റെഡ്ഢിയെയും അര്‍ഷ്ദീപ് സിങ്ങിനെയുമാണ് ഒഴിവാക്കിയത്.
അപൂര്‍വ നേട്ടത്തില്‍ ഹിറ്റ്മാന്‍
അന്താരാഷ്ട്ര ക്രിക്കറ്റില്‍ 50-ാം സെഞ്ചുറിയാണ് രോഹിത് ശര്‍മ പൂര്‍ത്തിയാക്കിയത്. സിഡ്നിയില്‍ ഓസ്ട്രേലിയക്കെതിരെ മൂന്നാം ഏകദിനത്തില്‍ സെഞ്ചുറി നേടിയതോടെയാണ് ഹിറ്റ്മാന്‍ നാഴികക്കല്ല് പിന്നിട്ടത്. ഏകദിനത്തില്‍ മാത്രം 33 സെഞ്ചുറി നേടിയ രോഹിത് ടെസ്റ്റില്‍ 12 സെഞ്ചുറിയും ടി20യില്‍ അഞ്ച് സെഞ്ചുറിയും നേടിയിട്ടുണ്ട്. ഓസ്ട്രേലിയയില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടുന്ന സന്ദര്‍ശക ബാറ്ററും രോഹിത് തന്നെ. 33 ഇന്നിംഗ്സില്‍ നിന്ന് ആറ് സെഞ്ചുറികാണ് രോഹിതത് നേടി. 32 ഇന്നിംഗ്സില്‍ നിന്ന് അഞ്ച് സെഞ്ചുറി നേടിയ വിരാട് കോലി, കുമാര്‍ സംഗക്കാര (49 ഇന്നിംഗ്സില്‍ നിന്ന് അഞ്ച്) എന്നിവരെയാണ് രോഹിത് പിന്തള്ളിയത്.
ഓസ്ട്രേലിയക്കെതിരെ മാത്രം ഏറ്റവും കൂടുതല്‍ സെഞ്ചുറികളെന്ന സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ റെക്കോഡിനൊപ്പമെത്താനും രോഹിത്തിന് സാധിച്ചു. ഇരുവരും ഓസ്ട്രേലിയക്കെതിരെ ഒമ്പത് സെഞ്ചുറികള്‍ വീതം നേടിയിട്ടുണ്ട്. ഒരു എതിരാളിക്കെതിരെ ഏറ്റവും കൂടുല്‍ സെഞ്ചുറികളെന്ന റെക്കോര്‍ഡില്‍ കോലിക്ക് താഴെയാണിപ്പോള്‍ രോഹിത്. ശ്രീലങ്കയ്ക്കെതിരെ 10 സെഞ്ചുറികള്‍ നേടിയ കോലിയാണ് ഒന്നാമന്‍. ഓസീസിനെതിരെ ഒമ്പത് സെഞ്ചുറികള്‍ വീതം നേടിയ രോഹിതും സച്ചിനും പിന്നില്‍. വെസ്റ്റ് ഇന്‍ഡീസിനെതിരെ കോലിയും ഒമ്പത് സെഞ്ചുറികള്‍ നേടിയിട്ടുണ്ട്. മൂന്ന് ഫോര്‍മാറ്റിലും അഞ്ചോ അതിലധികമോ സെഞ്ചുറി നേടുന്ന ഏക താരം കൂടിയാണ് രോഹിത്.
