ഒരറ്റത്ത് ബാറ്റിങ് വെടിക്കെട്ടുമായി അഭിഷേക് ശര്‍മ; മറുവശത്ത് വിക്കറ്റ് മഴ; മെല്‍ബണില്‍ കളിമറന്ന് സൂര്യകുമാറും സംഘവും; എട്ടു ബാറ്റര്‍മാര്‍ പുറത്തായത് രണ്ടക്കം കടക്കാതെ; ഓസ്‌ട്രേലിയയ്ക്ക് 126 റണ്‍സ് വിജയലക്ഷ്യം

ഓസ്‌ട്രേലിയയ്ക്ക് 126 റണ്‍സ് വിജയലക്ഷ്യം

Update: 2025-10-31 10:25 GMT

മെല്‍ബണ്‍: ഓസ്ട്രേലിയക്കെതിരായ രണ്ടാം ട്വന്റി 20 മത്സരത്തില്‍ അഭിഷേക് ശര്‍മയുടെ ബാറ്റിങ് വെടിക്കെട്ടിനിടെ ഒരറ്റത്ത് തകര്‍ന്നടിഞ്ഞ് ഇന്ത്യന്‍ ബാറ്റിങ് നിര. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 18.4 ഓവറില്‍ 125 റണ്‍സിന് ഓള്‍ഔട്ടായി. അര്‍ധ സെഞ്ചുറി നേടിയ അഭിഷേക് ശര്‍മയുടെയും 35 റണ്‍സടുത്ത ഹര്‍ഷിത് റാണയുടെയും ഇന്നിങ്സുകളാണ് ഇന്ത്യയെ നാണക്കേടില്‍ നിന്ന് രക്ഷിച്ചത്. ഇന്ത്യന്‍ ഇന്നിങ്സില്‍ രണ്ടക്കം കടന്നതും ഇരുവരും മാത്രം. 37 പന്തില്‍ നിന്ന് രണ്ട് സിക്സും എട്ട് ഫോറുമടക്കം 68 റണ്‍സെടുത്ത അഭിഷേകാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ഓസ്‌ട്രേലിയയ്ക്കായി ജോഷ് ഹെയ്‌സല്‍വുഡ് മൂന്നും, സേവ്യര്‍ ബാര്‍ട്‌ലെറ്റ്, നേഥന്‍ എലിസ് എന്നിവര്‍ രണ്ടു വിക്കറ്റുകള്‍ വീതവു ം വീഴ്ത്തി. മാര്‍കസ് സ്റ്റോയ്‌നിസിന് ഒരു വിക്കറ്റുണ്ട്.

അഭിഷേകിന് പുറമേ ഹര്‍ഷിത് റാണ മാത്രമാണ് ഇന്ത്യന്‍ നിരയില്‍ രണ്ടക്കം കടന്നത്. 33 പന്തുകള്‍ നേരിട്ട റാണ 35 റണ്‍സെടുത്തു പുറത്തായി. 32 റണ്‍സെടുക്കുന്നതിനിടെ ഇന്ത്യയ്ക്ക് നാലു വിക്കറ്റുകള്‍ നഷ്ടമായിരുന്നു. ഓപ്പണര്‍ ശുഭ്മന്‍ ഗില്‍ (10 പന്തില്‍ അഞ്ച്), സഞ്ജു സാംസണ്‍ (നാലു പന്തില്‍ രണ്ട്), സൂര്യകുമാര്‍ യാദവ് (ഒന്ന്), തിലക് വര്‍മ (പൂജ്യം) എന്നിവരാണു പവര്‍പ്ലേ ഓവറുകളില്‍ തന്നെ പുറത്തായത്.

പവര്‍പ്ലേ അവസാനിക്കുമ്പോള്‍ നാലിന് 41 റണ്‍സെന്ന നിലയിലായിരുന്നു ഇന്ത്യ. സ്‌കോര്‍ 20 ല്‍ നില്‍ക്കെ ജോഷ് ഹെയ്‌സല്‍വുഡിന്റെ പന്തില്‍ മിച്ചല്‍ മാര്‍ഷ് ക്യാച്ചെടുത്താണ് ഗില്‍ പുറത്താകുന്നത്. വണ്‍ഡൗണായി ബാറ്റിങ്ങിനിറങ്ങിയ സഞ്ജുവിനു തുടക്കത്തില്‍ തന്നെ അടിപതറി. നേഥന്‍ എലിസിന്റെ നാലാം ഓവറിലെ മൂന്നാം പന്തില്‍ താരം എല്‍ബിഡബ്ല്യു ആയി. ഡിആര്‍എസ് എടുത്തുനോക്കിയെങ്കിലും റീപ്ലേയില്‍ ഔട്ടെന്നു വ്യക്തമാകുകയായിരുന്നു.

ജോഷ് ഹെയ്‌സല്‍വുഡിനെ നേരിടാനുള്ള ശ്രമത്തിനിടെ വിക്കറ്റ് കീപ്പര്‍ ജോഷ് ഇംഗ്ലിഷിന്റെ ക്യാച്ചുകളിലാണ് സൂര്യകുമാര്‍ യാദവും തിലക് വര്‍മയും പുറത്താകുന്നത്. ഏഴു റണ്‍സെടുത്ത അക്ഷര്‍ പട്ടേല്‍ റണ്‍ഔട്ടായി. മധ്യനിരയില്‍ ഹര്‍ഷിത് റാണയെ കൂട്ടുപിടിച്ച് അഭിഷേക് ശര്‍മ നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് ഇന്ത്യയെ 100 കടത്തിയത്. സ്‌കോര്‍ 105 ല്‍ നില്‍ക്കെ സേവ്യര്‍ ബാര്‍ട്‌ലെറ്റ് റാണയെ വീഴ്ത്തി. 23 പന്തുകളില്‍ അഭിഷേക് അര്‍ധ സെഞ്ചറി തികച്ചെങ്കിലും ഹര്‍ഷിത് റാണയെ മാറ്റിനിര്‍ത്തിയാല്‍ പിന്തുണ നല്‍കാന്‍ പോലും ആരുമില്ലായിരുന്നു. ശിവം ദുബെ നാലു റണ്‍സും കുല്‍ദീപ് പൂജ്യത്തിനും പുറത്തായി. നേഥന്‍ എലിസിന്റെ 19ാം ഓവറില്‍ എല്‍ബിഡബ്ല്യു ആയാണ് അഭിഷേക് മടങ്ങുന്നത്.

ഇന്ത്യ പ്ലേയിങ് ഇലവന്‍ അഭിഷേക് ശര്‍മ, ശുഭ്മന്‍ ഗില്‍, തിലക് വര്‍മ, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, അക്ഷര്‍ പട്ടേല്‍, ഹര്‍ഷിത് റാണ, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുമ്ര.

ഓസ്‌ട്രേലിയ പ്ലേയിങ് ഇലവന്‍ ട്രാവിസ് ഹെഡ്, മിച്ചല്‍ മാര്‍ഷ് (ക്യാപ്റ്റന്‍), ജോഷ് ഇംഗ്ലിഷ് (വിക്കറ്റ് കീപ്പര്‍), ടിം ഡേവിഡ്, മിച്ച് ഓവന്‍, മാര്‍കസ് സ്റ്റോയ്‌നിസ്, മാത്യു ഷോര്‍ട്ട്, സേവ്യര്‍ ബാര്‍ട്‌ലെറ്റ്, നേഥന്‍ എല്ലിസ്, മാറ്റ് കുനേമന്‍, ജോഷ് ഹെയ്‌സല്‍വുഡ്.

Tags:    

Similar News