അന്ന് സച്ചിനും കാംബ്ലിയും ബാറ്റ് കൊണ്ട് ചരിത്രം കുറിക്കുമ്പോള്‍ പാഡണിഞ്ഞ് കാത്തിരുന്നത് രണ്ട് ദിവസം; രഞ്ജിയില്‍ രണ്ട് പതിറ്റാണ്ടോളം ക്രീസ് വാണിട്ടും ദേശീയ ടീമിലേക്ക് വിളിയെത്തിയില്ല; സച്ചിന്റെ കളിക്കൂട്ടുകാരന്‍; അച്‌രേകറുടെ പ്രിയ ശിഷ്യന്‍; എന്നിട്ടും 'കാലംതെറ്റി പിറന്ന' ലെജന്‍ഡ്; ഒടുവില്‍ പെണ്‍പടക്കൊപ്പം ലോക കിരീടം; ഇത് അമോല്‍ മജുംദാറിന്റെ മധുര പ്രതികാരം

അമോല്‍ മജുംദാറിന്റേത് മധുര പ്രതികാരം

Update: 2025-11-03 07:32 GMT

മുംബൈ: കരുത്തരായ ദക്ഷിണാഫ്രിക്കന്‍ വനിതകളെ കീഴടക്കി ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം കന്നി ലോകകപ്പ് കിരീടം സ്വന്തമാക്കിയതിന്റെ ആഹ്ലാദത്തിലാണ് ആരാധകര്‍. എന്നാല്‍ ഇന്ത്യന്‍ വനിതകള്‍ ആ കിരീടം നേടുമ്പോള്‍ ക്രിക്കറ്റ് ആരാധകര്‍ ഹൃദയത്തോട് ചേര്‍ത്തുവയ്ക്കുന്ന ഒരു പേരുണ്ട്. ഇന്ത്യന്‍ വനിതാ ടീമിന്റെ പരിശീലകന്‍ അമോല്‍ മജുംദാര്‍. ഇന്ത്യന്‍ ക്രിക്കറ്റ് കണ്ടതില്‍വച്ച് ഏറ്റവും നിര്‍ഭാഗ്യവാനായ ക്രിക്കറ്റര്‍. രഞ്ജി ട്രോഫിയില്‍ അടക്കം ആഭ്യന്തര ക്രിക്കറ്റില്‍ അസാധാരണ നേട്ടങ്ങള്‍ സ്വന്തമാക്കിയിട്ടും ഒരിക്കല്‍ പോലും ഇന്ത്യയുടെ ജഴ്‌സിയില്‍ അരങ്ങേറാന്‍ കഴിയാതെ പോയ കാലം തെറ്റി ജനിച്ച അതുല്യപ്രതിഭ.

മൂന്നാല് വര്‍ഷം മുമ്പ് ഇന്ത്യന്‍ ബാറ്റിങ് കോച്ചായി അപേക്ഷ അയച്ചവരില്‍ പ്രമുഖനായിരുന്നു മുന്‍ രഞ്ജി കളിക്കാരനായിരുന്ന അമോല്‍ മജുംദാര്‍. എങ്കിലും അവസാനം നറുക്ക് വീണത് മുന്‍ ഇന്ത്യന്‍ ഓപണര്‍ വിക്രം രാത്തോറിനും. അതേ സമയത്ത് തന്നെ ക്രിക്കറ്റ് ആരാധകര്‍ക്ക് കൗതുകമുണര്‍ത്തിയ നീക്കവുമായി രംഗത്തെത്തിയത് സൗത്ത് ആഫ്രിക്കന്‍ ക്രിക്കറ്റ് മാനേജ്‌മെന്റ് ആയിരുന്നു. ഇന്ത്യയ്ക്ക് വേണ്ടാത്ത മജൂംദാറിനെ സൗത്ത് ആഫ്രിക്ക ആ സമയത്ത് ബാറ്റിങ് കോച്ചായി നിയമിച്ചു. ഒരു അന്താരാഷ്ട്രമത്സരം പോലും കളിക്കാത്തെ മജുംദാറിനെ എന്തുകൊണ്ടാവും സൗത്ത് ആഫ്രിക്കയെ പോലുള്ള ഒരു രാജ്യം അവരുടെ ബാറ്റിങ് കോച്ചായി നിയമിച്ചതെന്നന്വേഷിക്കുമ്പോഴാണ് നമ്മള്‍ മറ്റൊരു ചരിത്രത്തിലേക്കും മജുംദാറിന്റെ പ്രതിഭാവിളയാട്ടത്തിലേക്കും എത്തുക.

അമോല്‍ അനില്‍ മജുംദാര്‍... ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ക്ക് പരിചിതമാണ് ഈ പേര്. ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ റണ്‍സുകള്‍ അടിച്ചുകൂട്ടി, ഒരുപിടി റെക്കോഡുകള്‍ സ്വന്തംപേരില്‍ ഇന്നും ഭദ്രമായി സൂക്ഷിക്കുന്ന താരം. പക്ഷേ, ഒരുകൂട്ടം ഇതിഹാസങ്ങള്‍ ഇന്ത്യന്‍ ക്രിക്കറ്റിന്റെ മുന്‍നിര വാണകാലത്ത്, ദേശീയ ടീമിന്റെ ഉമ്മറപ്പടിയില്‍ പോലും ഇരിപ്പിടം കിട്ടാതെ കരിയര്‍ അവസാനിപ്പിക്കേണ്ടി വന്ന ലെജന്‍ഡ്. കഴിഞ്ഞ രാത്രിയില്‍ രാജ്യത്തെ കോടി ജനങ്ങള്‍ അഭിമാനത്തോടെ ഹര്‍മന്‍ പ്രീതിനെയും സ്മൃതി മന്ദാനയെയും ഷഫാലിയെയയും അഭിനന്ദനങ്ങള്‍ കൊണ്ട് മൂടിയപ്പോള്‍, അവര്‍ക്കു പിന്നിലായി ആനന്ദകണ്ണീരുമായി ആ മനുഷ്യനുമുണ്ടായിരുന്നു. ഇന്ന് ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഉമ്മറപ്പടിയില്‍ കസേര വലിച്ചിട്ട് സ്വന്തം ഇരിപ്പിടം ഉറപ്പിക്കുകയാണ് അമോല്‍ മജുംദാര്‍.

53 വര്‍ഷത്തെ ചരിത്രമുള്ള ഐ.സി.സി വനിതാ ലോകകപ്പില്‍ ഇന്ത്യ ആദ്യമായി കിരീടമണിഞ്ഞ്, പുതുചരിത്രമെഴുതിയപ്പോള്‍ അതിനുപിന്നില്‍ ഈ മനുഷ്യന്റെയും കഠിനാധ്വാനമുണ്ടായിരുന്നു. ഇന്ത്യ അണ്ടര്‍ 19 ടീമിന്റെയും, നെതര്‍ലന്‍ഡ്‌സ് ദേശീയ ടീമിന്റെയും ഐ.പി.എല്‍ ടീമുകളുടെയും പരിശീലകനായ ശേഷം 2023 ഒക്ടോബറിലായിരുന്നു അമോല്‍ മജുംദാര്‍ ഇന്ത്യന്‍ വനിതാ സംഘത്തിന്റെ കോച്ചിങ് കുപ്പായത്തിലെത്തുന്നത്. ഫസ്റ്റ്ക്ലാസ് ക്രിക്കറ്റിലെ സമ്പന്നമായ കരിയറിനിടയിലും, ദേശീയ ടീം എന്ന സ്വപ്നത്തെ കുഴിച്ചുമൂടി കരിയര്‍ അവസാനിപ്പിച്ച താരത്തിന് സുന്ദരമായൊരു പ്രതികാരം കൂടിയായിരുന്നു വനിതാ ടീമിന്റെ പരിശീലകനായി 'ഇന്ത്യ' കുപ്പായമണിയാനുള്ള അവസരം. മിഥാലി രാജും ജുലാന്‍ ഗോസ്വാമിയും ഉള്‍പ്പെടെ താരനിര വാണ നീലക്കുപ്പായത്തെ പുതുനിരയുടെ കരുത്തില്‍ ലോകകപ്പിനായി ഒരുക്കുകയായിരുന്നു മജുംദാറിന്റെ ദൗത്യം. രണ്ടു വര്‍ഷത്തിനിപ്പുറം, ആ ജോലി ഏറ്റവും ഭംഗിയായി പൂര്‍ത്തിയാക്കിയതിന്റെ നിര്‍വൃതിയിലാണ് ഇന്ന് ഈ 'അണ്‍സങ് ഹീറോ'.

കാലംതെറ്റി പിറന്ന ക്രിക്കറ്റര്‍

ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ 11,167 റണ്‍സ്, കാല്‍നൂറ്റാണ്ട് കാലം തന്റേതാക്കി മാറ്റിയ രഞ്ജി ട്രോഫിയിലെ അരങ്ങേറ്റക്കാരന്റെ റെക്കോഡ് ഇന്നിങ്‌സ് (260 റണ്‍സ്), 30 സെഞ്ച്വറി അലങ്കാരമായ രണ്ടു പതിറ്റാണ്ടുകാലത്തെ കരിയര്‍. ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ എല്ലാം വെട്ടിപ്പിടിച്ചതായിരുന്നു അമോല്‍ മജുംദാറിന്റെ കരിയര്‍. എന്നാല്‍, ഇന്ത്യന്‍ ടീമില്‍ ഒരു തവണയെങ്കിലും കളിക്കുകയെന്ന സ്വപ്നം മാത്രം ബാക്കിയായി. സചിന്‍ ടെണ്ടുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്, വി.വി.എസ് ലക്ഷ്മണ്‍, സൗരവ് ഗാംഗുലി ഉള്‍പ്പെടുന്ന ഇന്ത്യന്‍ ക്രിക്കറ്റിന്റെ 'ഫാബുലസ് ഫോര്‍' ക്രീസ് വാണ കാലം തന്നെയായിരുന്നു മജുംദാറിന്റെ സ്വപ്നങ്ങള്‍ക്കും തിരിച്ചടിയായി മാറിയത്.

മുംബൈക്കു വേണ്ടി മൂന്നും നാലും സ്ഥാനങ്ങളില്‍ സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവെച്ച താരത്തിന് പക്ഷേ, ദേശീയ ടീമില്‍ ആ പൊസിഷനിലേക്കൊരു അവസരമില്ലായിരുന്നു. വെല്ലുവിളികളില്ലാതെ സചിനും കൂട്ടുകാരും ഇന്ത്യന്‍ ടീമിനെ തങ്ങളുടേതാക്കി മാറ്റിയപ്പോള്‍ പൊലിഞ്ഞുപോയ കരിയറുകളില്‍ ഒന്നായി മജുംദാറും മാറി. 1994-95ല്‍ ഗാംഗുലിക്കും ദ്രാവിഡിനുമൊപ്പം ഇന്ത്യ'എ' ടീമില്‍ കളിച്ചുവെങ്കിലും അതിനപ്പുറത്തേക്ക് ടെസ്റ്റിലോ ഏകദിനത്തിലോ വിളിയെത്തിയില്ല.

എന്നാല്‍, രഞ്ജിയില്‍ തന്റെ ഇരിപ്പിടം ഭദ്രമാക്കിയ അമോല്‍ പോരാട്ടം തുടര്‍ന്നു. 1993 മുതല്‍ 2009 വരെ 16 വര്‍ഷത്തോളം മഹാരഥന്‍മാര്‍ വാണ മുംബൈയുടെ രഞ്ജി ടീമില്‍ നിത്യസാന്നിധ്യമായി. 2006-07ല്‍ മുംബൈയെ 37ാം രഞ്ജി ട്രോഫി കിരീടത്തിലേക്ക് നയിച്ചപ്പോള്‍ ക്യാപ്റ്റനായി. 2009ല്‍ മുംബൈയോട് യാത്രപറഞ്ഞ ശേഷം അസ്സമിനും (2009-12), പിന്നെ ആന്ധ്രക്കും (2013-14) വേണ്ടി ആഭ്യന്തര ക്രിക്കറ്റ് കളിച്ച ശേഷം 40ാം വയസ്സിലാണ് സജീവ ക്രിക്കറ്റില്‍ നിന്നും വിടപറഞ്ഞത്. അപ്പോഴേക്കും, 170ല്‍ ഏറെ ഫസ്റ്റ്ക്ലാസ് മത്സരങ്ങളില്‍ നിന്നായി 30 സെഞ്ച്വറിയും 60 അര്‍ധ സെഞ്ച്വറിയുമായി 48.13 ശരാശരിയില്‍ 11,167 റണ്‍സും പിറന്നിരുന്നു. ലിസ്റ്റ് 'എ' ക്രിക്കറ്റില്‍ 113 മത്സരങ്ങളില്‍ 3286 റണ്‍സും, ട്വന്റി20യില്‍ 14 മത്സരങ്ങളില്‍ 174 റണ്‍സും നേടി.

സചിന്റെ കളിക്കൂട്ടുകാരന്‍

സ്‌കൂള്‍ കാലഘട്ടത്തില്‍ 664 റണ്‍സിന്റെ റെക്കോഡ് പാര്‍ട്ണര്‍ഷിപ്പ് പടുത്തുയര്‍ത്തിയ കൗമാരക്കാരായ സച്ചിനും കാംബ്ലിയും വാര്‍ത്തകളില്‍ നിറയുമ്പോള്‍ പാഡണിഞ്ഞ് രണ്ട് ദിവസത്തോളം തന്റെ ഊഴത്തിനായി കാത്തിരുന്ന അമോല്‍ മജുംദാര്‍. ഹാരിസ് ഷീല്‍ഡ് മത്സരത്തില്‍ സെന്റ് സേവ്യേഴ്സിനെതിരെ ശാരദാശ്രമം വിദ്യാമന്ദിര്‍ സ്‌കൂളിന് വേണ്ടി കാംബ്ലി 349 റണ്‍സും സച്ചിന്‍ 326 റണ്‍സും നേടി പുറത്താകാതെ നിന്നു. 14 വയസും 15 വയസുള്ള കാംബ്ലിയും സച്ചിനും അന്ന് മുതല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായി മാറിയപ്പോള്‍ അത്രതന്നെ പ്രതിഭയുള്ള അമോല്‍ കാത്തിരിക്കുകയായിരുന്നു.

ലോകക്രിക്കറ്റിന്റെ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സചിന്‍ ടെണ്ടുല്‍കറും അമോല്‍ മജുംദാറും തമ്മില്‍ ഇഴപിരിക്കാനാവാത്തൊരു ബന്ധമുണ്ട്. മുംബൈയിലെ ബി.പി.എം ഹൈസ്‌കൂള്‍ വിദ്യാര്‍ഥിയായിരിക്കെ അമോലിന്റെ കുഞ്ഞു കൈയിലെ ബാറ്റിങ് പാടവം തിരിച്ചറിഞ്ഞ രമാകാന്ത് അച് രേകറായിരുന്നു അദ്ദേഹത്തെയും ക്രിക്കറ്റ് ക്രീസിലേക്ക് തിരിച്ചുവിടുന്നത്. അങ്ങനെ, സചിന്‍ പഠിച്ചു വളര്‍ന്ന ശാരദാശ്രമം വിദ്യാമന്ദിര്‍ സ്‌കൂളില്‍ പ്രവേശനം നേടാന്‍ അച് രേകര്‍ നിര്‍ദേശിച്ചു. ഒരു കോച്ചിനു കീഴില്‍ ഇരു താരങ്ങളും കളി പഠിച്ചു വളര്‍ന്നു. 1988ല്‍ തന്റെ 15ാം വയസ്സില്‍ സചിന്‍ മുംബൈക്കുവേണ്ടി രഞ്ജിയില്‍ അരങ്ങേറിയെങ്കില്‍, രണ്ടു വയസ്സിന് ഇളമുറക്കാരനായ അമോല്‍ അഞ്ചുവര്‍ഷത്തിനിപ്പുറമാണ് രഞ്ജിയില്‍ അരങ്ങേറിയത്. അപ്പോഴേക്കും സചിന്‍ ഇന്ത്യന്‍ ടീമിന്റെ വണ്ടര്‍ ബോയ് ആയി മാറിയിരുന്നു.

മധുരപ്രതികാരമായ കോച്ചിങ് കരിയര്‍

അണിയാന്‍ കഴിയാതെ പോയ ദേശീയ ടീം കുപ്പായം അണിഞ്ഞു പൂതിതീര്‍ക്കുകയാണ് ഇന്ന് അമോല്‍. 2014ല്‍ വിരമിക്കല്‍ പ്രഖ്യാപിച്ചതിനു പിന്നാലെ ക്രിക്കറ്റ് പരിശീലകന്റെ റോളിലേക്ക് അതിവേഗം പ്രവേശിച്ചു. ഇന്ത്യ അണ്ടര്‍ 19, അണ്ടര്‍ 23 ടീമുകളുടെ പരിശീലകനായാണ് തുടക്കം. 2013ല്‍ തന്നെ നെതര്‍ലന്‍ഡ്‌സ് ദേശീയ ടീമിന്റെ ബാറ്റിങ് കണ്‍സള്‍ട്ടന്റായി നിയമിതനായിരുന്നു. 2018 മുതല്‍ മൂന്നു സീസണില്‍ ഐ.പി.എല്‍ ടീമായ രാജസ്ഥാന്‍ റോയല്‍സ് ബാറ്റിങ് കോച്ചായി. ഇതിനിടെ, ഇന്ത്യന്‍ പര്യടനത്തിനെത്തിയ ദക്ഷിണാഫ്രിക്കന്‍ടീമിന്റെയും ബാറ്റിങ് കോച്ചായി. 2021ല്‍ തന്റെ തട്ടകമായ മുംബൈയുടെ പരിശീലകനായും തിരികെയെത്തി. ഏറ്റവും ഒടുവിലാണ് 2023 ഒക്ടോബറില്‍ ഇന്ത്യന്‍ വനിതാ ടീം മുഖ്യ കോച്ചായി മാറുന്നത്. ടീമിലെ കളിക്കാരുടെ മികവിനെ തേച്ച് മിനിക്കുക മാത്രമല്ല, തോല്‍വിയിലും തിരിച്ചടിയിലും തളരാതെ ആത്മവിശ്വാസം നിറച്ച് പോരാട്ട വീര്യവും പകര്‍ന്ന യഥാര്‍ത്ഥ പരിശീലകനായി അമോല്‍ അടയാളപ്പെടുത്തപ്പെട്ട പോരാട്ടം കൂടിയായിരുന്നു ഈ വിശ്വമേള. അതുകൊണ്ടുതന്നെ, ഈ കിരീട വിജയം കാലം ഒളിപ്പിച്ച 'അണ്‍സങ്' ഹീറോക്കും അവകാശപ്പെട്ടതാണ്.

Tags:    

Similar News