'എന്റെ ശരീരത്തിലും ഹൃദയത്തിലും എന്നെന്നേക്കുമായി കൊത്തിവച്ചിരിക്കുന്നു; ഇനി എല്ലാ ദിവസവും രാവിലെ ഞാന്‍ നിന്നെ കാണും': ലോകകപ്പ് ട്രോഫി ടാറ്റൂ ചെയ്ത് ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍
ലോകകപ്പ് ട്രോഫി ടാറ്റൂ ചെയ്ത് ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍
മുംബൈ: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന്റെ ഏകദിന ലോകകപ്പ് കിരീടം നേട്ടത്തിന്റെ ആഹ്ലാദത്തിലാണ് ആരാധകര്‍. ഇന്ത്യന്‍ വനിതകളുടെ കന്നിക്കിരീട നേട്ടത്തിന്റെ ആഘോഷങ്ങള്‍ ഇതുവരെ അവസാനിച്ചിട്ടുമില്ല. ഇപ്പോഴിതാ, ലോകകപ്പ് വിജയത്തിനു ദിവസങ്ങള്‍ക്കു ശേഷം ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ ആ നേട്ടം, ശരീരത്തിലും പതിപ്പിച്ചു. ഇടത് കൈമുട്ടിന് മുകളിലായാണ് താരം ട്രോഫിയുടെ ചിത്രം ടാറ്റൂ ചെയ്തിരിക്കുന്നത്.
ഇടതു കൈയില്‍ ലോകകപ്പ് ട്രോഫി, ടാറ്റൂ ചെയ്തതിന്റെ ചിത്രം ഹര്‍മന്‍പ്രീത് സമൂഹമാധ്യമത്തില്‍ പങ്കുവച്ചു. ''എന്റെ ശരീരത്തിലും ഹൃദയത്തിലും എന്നെന്നേക്കുമായി കൊത്തിവച്ചിരിക്കുന്നു, ആദ്യ ദിവസം മുതല്‍ നിനക്കായി കാത്തിരുന്നു, ഇനി എല്ലാ ദിവസവും രാവിലെ ഞാന്‍ നിന്നെ കാണും'' എന്ന കുറിപ്പോടെയാണ് ചിത്രം പങ്കുവച്ചത്. കൈമുട്ടിന് മുകളിലായാണ് താരം ട്രോഫിയുടെ ചിത്രം ടാറ്റൂ ചെയ്തത്.
2017ല്‍ ലോകകപ്പ് ഫൈനല്‍ തോറ്റ ഇന്ത്യന്‍ ടീമിലും ഹര്‍മന്‍പ്രീത് അംഗമായിരുന്നു. ലോകകപ്പ് വിജയത്തിനു പിന്നാലെ ഹര്‍മന്‍പ്രീത് ഉള്‍പ്പെടെയുള്ള എല്ലാ താരങ്ങളും സമൂഹമാധ്യമങ്ങളില്‍ ഒട്ടേറെ പോസ്റ്റുകള്‍ പങ്കുവച്ചിരുന്നു. ലോകകപ്പ് നേട്ടം പല രീതിയില്‍ ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളും റീലുകളുമാണ് താരങ്ങള്‍ പങ്കുവച്ചത്. ലോകകപ്പ് വിജയത്തിനു ശേഷം ഹര്‍മനും സഹതാരങ്ങളും മുംബൈയില്‍ നിന്ന് ന്യൂഡല്‍ഹിയിലെത്തി ചൊവ്വാഴ്ച വൈകുന്നേരം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.