'നിങ്ങളുടെ കൈയില്‍ ഹനുമാന്‍ സ്വാമിയുടെ ടാറ്റൂ ഉണ്ടല്ലോ; അത് നിങ്ങളെ ഏതെങ്കിലും വിധത്തില്‍ സഹായിച്ചിട്ടുണ്ടോ?' മോദിയുടെ ചോദ്യത്തിന് ദീപ്തി ശര്‍മയുടെ മറുപടി വൈറലാകുന്നു

Update: 2025-11-06 11:48 GMT

ന്യൂഡല്‍ഹി: വനിതാ ഏകദിന ലോകകപ്പില്‍ ചാംപ്യന്മാരായ ഇന്ത്യന്‍ ടീമംഗങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലായിരുന്നു കൂടിക്കാഴ്ച. ലോകകിരീടം നേടിയ ഇന്ത്യന്‍ ടീമിനെ മോദി നേരിട്ട് അഭിനന്ദിക്കുകയും സംസാരിക്കുകയും ചെയ്തു. കൂടിക്കാഴ്ചക്കിടെ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ദീപ്തി ശര്‍മയും പ്രധാനമന്ത്രിയും തമ്മിലുള്ള സംഭാഷണമാണ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാവുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകള്‍ കരിയറില്‍ പ്രചോദനമായിട്ടുണ്ടെന്നാണ് ദീപ്തി ശര്‍മ പറഞ്ഞത്. ''തോല്‍വികളില്‍നിന്ന് എങ്ങനെ കയറി വരുന്നു എന്നതാണ് ഒരു താരത്തിനു പ്രധാനമെന്ന് 2017ല്‍ എന്നോടു പറഞ്ഞിരുന്നു. കഠിനാധ്വാനം ചെയ്യാനായിരുന്നു പ്രധാനമന്ത്രി ഞങ്ങളോട് ഉപദേശിച്ചത്. ഞങ്ങള്‍ അതു ചെയ്തു. താങ്കളുടെ ഉപദേശം കരിയറില്‍ പ്രചോദനമായി.'' ദീപ്തി ശര്‍മ പ്രധാനമന്ത്രിയോടു പറഞ്ഞു.

''ഞാന്‍ പതിവായി പ്രധാനമന്ത്രിയുടെ പ്രസംഗങ്ങള്‍ കേള്‍ക്കാറുണ്ട്. കാര്യങ്ങള്‍ വളരെ ശാന്തതയോടെയാണ് അദ്ദേഹം കൈകാര്യം ചെയ്യുന്നത്. അത് എന്നെ ഒരുപാടു സഹായിച്ചു.'' ദീപ്തി ശര്‍മ വ്യക്തമാക്കി.

സംഭാഷണത്തിനിടെ, ദീപ്തിയുടെ ഇന്‍സ്റ്റാഗ്രാമിലെ 'ജയ് ശ്രീ റാം' ബയോയും കൈയിലെ ഹനുമാന്‍ ടാറ്റുവും ശ്രദ്ധിച്ചതായി മോദി പറഞ്ഞു. 'നിങ്ങളുടെ കൈയില്‍ ഹനുമാന്‍ സ്വാമിയുടെ ടാറ്റൂ ഉണ്ടല്ലോ, അത് നിങ്ങളെ ഏതെങ്കിലും വിധത്തില്‍ സഹായിച്ചിട്ടുണ്ടോ?', മോദി ചോദിച്ചു. 'എന്നിലുള്ളതിനേക്കാള്‍ കൂടുതല്‍ വിശ്വാസം ഞാന്‍ അദ്ദേഹത്തില്‍ അര്‍പ്പിക്കുന്നുണ്ട്. എന്റെ പ്രകടനം മെച്ചപ്പെടുത്തുന്നതില്‍ അത് വ്യക്തിപരമായി എന്നെ വളരെയധികം സഹായിക്കുന്നുമുണ്ട്. ബുദ്ധിമുട്ടുകള്‍ മറികടക്കാന്‍ അതെന്നെ സഹായിക്കുന്നു', ദീപ്തി മറുപടി നല്‍കി.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ലോകകപ്പ് ഫൈനലില്‍ അര്‍ധ സെഞ്ചറി (58 റണ്‍സ്) നേടിയ ദീപ്തി, അഞ്ചു വിക്കറ്റുകളും വീഴ്ത്തി ടൂര്‍ണമെന്റിലെ താരമായിരുന്നു. ലോകകപ്പില്‍ ഒന്‍പതു മത്സരങ്ങള്‍ കളിച്ച ദീപ്തി ശര്‍മ 215 റണ്‍സും 22 വിക്കറ്റുകളുമാണ് ആകെ സ്വന്തമാക്കിയത്.

Similar News