'അവന്റെ കയ്യില്‍ പത്ത് ബാറ്റുകളുണ്ടാകും; രണ്ടെണ്ണം മാത്രമേ ഉള്ളുവെന്നു പറയും; ചിലപ്പോള്‍ കരയുകയും ചെയ്യും; എന്നാലും സ്വന്തം ബാറ്റ് ആര്‍ക്കും കൊടുക്കില്ല'; അഭിഷേക് ശര്‍മയുടെ പ്രത്യേക സ്വഭാവത്തെക്കുറിച്ച് യുവരാജ് സിങ്
മുംബൈ: ഏഷ്യാകപ്പിന് പിന്നാലെ ഓസ്‌ട്രേലിയയ്‌ക്കെതിരായ ട്വന്റി20 പരമ്പരയിലും മികച്ച പ്രകടനമാണ് ഓപ്പണര്‍ അഭിഷേക് ശര്‍മ കാഴ്ചവച്ചത്. ട്വന്റി- 20 ഫോര്‍മാറ്റില്‍ ഏറ്റവും കുറഞ്ഞ പന്തില്‍ (528) 1000 റണ്‍സ് നേടുന്ന ബാറ്റ്സ്മാനായി അഭിഷേക് ശര്‍മ ലോക റെക്കാഡ് സ്വന്തമാക്കുകയും ചെയ്തു. ക്യാപ്ടന്‍ സൂര്യകുമാര്‍ യാദവിന്റെ (573) റെക്കാഡ് ഭേദിച്ചാണ് അഭിഷേകിന്റെ നേട്ടം.
ഓസ്‌ട്രേലിയയ്‌ക്കെതിരായ ട്വന്റി20 പരമ്പരയ്ക്കു പിന്നാലെ അഭിഷേക് ശര്‍മയുടെ പ്രത്യേക ശീലത്തെക്കുറിച്ച് വെളിപ്പെടുത്തി താരത്തിന്റെ മെന്ററായിരുന്ന യുവരാജ് സിങ്. അഭിഷേക് ശര്‍മ തന്റെ ബാറ്റ് മറ്റുള്ളവര്‍ക്ക് ഒരിക്കലും കൊടുക്കില്ലെന്ന് യുവരാജ് വ്യക്തമാക്കി.
''നിങ്ങള്‍ക്ക് അഭിഷേകിന്റെ അടുത്തുനിന്ന് എന്തും എടുത്തുകൊണ്ടുപോകാം. പക്ഷേ അവന്റെ ബാറ്റ് മാത്രം ആര്‍ക്കും കൊടുക്കില്ല. അതു കൊടുക്കാതിരിക്കാന്‍ അവന്‍ ഉറപ്പായും പൊരുതും. ചിലപ്പോള്‍ കരയുക വരെ ചെയ്യും. എന്നാലും ബാറ്റു കൊടുക്കില്ല.'' യുവരാജ് മാധ്യമങ്ങളോടു പറഞ്ഞു.
''അഭിഷേക് ശര്‍മയുടെ കയ്യില്‍ ചിലപ്പോള്‍ 10 ബാറ്റുകളുണ്ടാകും. എന്നാലും രണ്ടെണ്ണം മാത്രമേ ഉള്ളുവെന്നായിരിക്കും അവന്‍ പറയുക. എന്റെ ബാറ്റെല്ലാം അഭിഷേക് എടുത്തുകൊണ്ടുപോയി.'' യുവരാജ് സിങ് വ്യക്തമാക്കി. ഓസ്‌ട്രേലിയയ്‌ക്കെതിരായ ട്വന്റി20 പരമ്പരയില്‍ ശുഭ്മന്‍ ഗില്ലുമായി ചേര്‍ന്ന് മികച്ച കൂട്ടുകെട്ടുകളാണ് അഭിഷേക് ശര്‍മ ഇന്ത്യയ്ക്കായി പടുത്തുയര്‍ത്തിയത്. അഞ്ച് ഇന്നിങ്‌സുകളില്‍നിന്ന് 163 റണ്‍സ് നേടിയ അഭിഷേക് ശര്‍മയാണ് പരമ്പരയിലെ താരം.
മെല്‍ബണില്‍ നടന്ന രണ്ടാം ട്വന്റി20യില്‍ അഭിഷേക് അര്‍ധ സെഞ്ചറി നേടിയിരുന്നു. 37 പന്തുകള്‍ നേരിട്ട താരം 68 റണ്‍സെടുത്താണു പുറത്തായത്. പരമ്പരയിലെ അവസാന മത്സരം മഴ കാരണം ഉപേക്ഷിച്ചിരുന്നു. മത്സരത്തില്‍ ആദ്യം ബാറ്റു ചെയ്ത ഇന്ത്യയ്ക്കായി അഭിഷേകും ശുഭ്മന്‍ ഗില്ലും 4.5 ഓവറില്‍ 52 റണ്‍സെടുത്തു നില്‍ക്കെയാണ് ഇടി മിന്നലും മഴയുമെത്തിയത്. ഇതോടെ പരമ്പര 2-1ന് ഇന്ത്യ സ്വന്തമാക്കി.
