അഭിഷേകും ഋതുരാജും ഓപ്പണര്‍മാര്‍; നിഷാന്ത് സിന്ധുവും വിപ്രജ് നിഗമും പുതുമുഖങ്ങള്‍; ഇന്ത്യന്‍ ടീമില്‍ ഇടംപ്രതീക്ഷിച്ച് യുവതാരങ്ങള്‍; ദക്ഷിണാഫ്രിക്ക എ ടീമിനെതിരായ ഏകദിന മത്സരത്തിലെ പ്രകടനം നിര്‍ണായകം
രാജ്‌കോട്ട്: ഇന്ത്യ - ദക്ഷിണാഫ്രിക്ക ഏകദിന ക്രിക്കറ്റ് പരമ്പര നടക്കാനിരിക്കെ യുവതാരങ്ങള്‍ക്ക് അവസരമൊരുക്കി ഇന്ത്യ എ - ദക്ഷിണാഫ്രിക്ക എ ടീമുകള്‍ തമ്മിലുള്ള മത്സരത്തിന് തുടക്കം. ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ടോസ് നേടിയ ദക്ഷിണാഫ്രിക്ക എ ബാറ്റിംഗ് തെരഞ്ഞെടുത്തു. മൂന്ന് മത്സര പരമ്പരയിലെ ആദ്യ ഏകദിനമാണ് ഇന്ന് രാജ്‌കോട്ടിലെ നിരഞ്ജന്‍ ഷാ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്നത്. ഈ മാസം 30ന് തുടങ്ങുന്ന ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യയുടെ സീനിയര്‍ ടീമില്‍ ഇടം പ്രതീക്ഷിക്കുന്ന യുവതാരങ്ങളെല്ലാം എ ടീമിനായി കളിക്കാനിറങ്ങുന്നുണ്ട്.
തിലക് വര്‍മയാണ് ടീമിനെ നയിക്കുന്നത്. ടി20 ഓപ്പണറായ അഭിഷേക് ശര്‍മയാണ് എ ടീമിന്റെ ഓപ്പണര്‍. അഭിഷേകിനൊപ്പം ഋതുരാജ് ഗെയ്ക്വാദ്, റിയാന്‍ പരാഗ്, ഇഷാന്‍ കിഷന്‍, നിതീഷ് കുമാര്‍ റെഡ്ഡി, ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിംഗ്, പ്രസിദ്ധ് കൃഷ്ണ തുടങ്ങിയ ഇന്ത്യന്‍ താരങ്ങളെല്ലാം എ ടീമിലുണ്ട്. നിഷാന്ത് സിന്ധുവും വിപ്രജ് നിഗമും മാത്രമാണ് ഇന്ത്യന്‍ ക്യാപ് അണിയാത്ത താരങ്ങളായി ടീമിലുള്ളത്.
മാര്‍ക്വസ് അക്കര്‍മാന്‍ നയിക്കുന്ന ദക്ഷിണാഫ്രിക്കന്‍ ടീമില്‍ കൂടുതലും പുതുമുഖങ്ങളാണുള്ളത്. ഇന്ത്യ എക്കെതിരായ ചതുര്‍ദിന ടെസ്റ്റില്‍ തിളങ്ങിയ ജോര്‍ദാന്‍ ഹെര്‍മാന്‍, ടിയാന്‍ വാന്‍ വൂറന്‍, ഷെപ്പോ മൊറേക്കി എന്നിവരും ദക്ഷിണാഫ്രിക്കന്‍ നിരയിലുണ്ട്.
ദക്ഷിണാഫ്രിക്ക എ പ്ലേയിംഗ് ഇലവന്‍: റിവാള്‍ഡോ മൂണ്‍സാമി, റൂബിന്‍ ഹെര്‍മന്‍, ജോര്‍ദാന്‍ ഹെര്‍മന്‍, മാര്‍ക്വെസ് അക്കര്‍മാന്‍ (ക്യാപ്റ്റന്‍), സിനതെംബ ക്വിഷൈല്‍, ഡിയാന്‍ ഫോറസ്റ്റര്‍, ഡെലാനോ പോട്ട്ഗീറ്റര്‍, ജോണ്‍ ഫോര്‍ച്യൂയിന്‍, ടിയാന്‍ വാന്‍ വൂറന്‍, ഷെപ്പോ മോറെക്കി, ഒട്ട്നീല്‍ ബാര്‍ട്ട്മാന്‍.
ഇന്ത്യ എ പ്ലേയിംഗ് ഇലവന്‍: അഭിഷേക് ശര്‍മ്മ, ഋതുരാജ് ഗെയ്ക്വാദ്, റിയാന്‍ പരാഗ്, തിലക് വര്‍മ്മ(ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍, നിതീഷ് കുമാര്‍ റെഡ്ഡി, നിശാന്ത് സിന്ധു, ഹര്‍ഷിത് റാണ, വിപ്രജ് നിഗം, അര്‍ഷ്ദീപ് സിംഗ്, പ്രസിദ്ധ് കൃഷ്ണ.
