ഒരു റണ്‍സിന് മൂന്ന് വിക്കറ്റ്; മധ്യനിര ബാറ്റര്‍മാരുടെ രക്ഷാപ്രവര്‍ത്തനം; അര്‍ധ സെഞ്ചുറിയുമായി ഡെലാനോ പോട്ഗീറ്ററും ഡിയാന്‍ ഫോറെസ്റ്ററും ബോണ്‍ ഫൊര്‍ട്വിനും; ദക്ഷിണാഫ്രിക്ക എ ടീമിനെതിരെ ഇന്ത്യന്‍ യുവനിരയ്ക്ക് 286 റണ്‍സ് വിജയലക്ഷ്യം

Update: 2025-11-13 13:05 GMT

രാജ്കോട്ട്: ദക്ഷിണാഫ്രിക്കന്‍ എ ടീമിനെതിരായ ആദ്യ ഏകദിനത്തില്‍ മികച്ച വിജയലക്ഷ്യം ഉയര്‍ത്തി ദക്ഷിണാഫ്രിക്ക. തുടക്കത്തില്‍ അഞ്ചിന് 53 എന്ന നിലയില്‍ തകര്‍ന്ന ദക്ഷിണാഫ്രിക്ക നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 285 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ അഞ്ച് ഓവറില്‍ വിക്കറ്റ് നഷ്ടം കൂടാതെ 34 റണ്‍സ് എന്ന നിലയിലാണ്. അഭിഷേക് ശര്‍മയും ഋതുരാജ് ഗെയ്ക്വാദുമാണ് ക്രീസില്‍.

90 റണ്‍സ് നേടിയ ഡെലാനോ പോട്ഗീറ്ററാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍. ഡിയാന്‍ ഫോറെസ്റ്റര്‍ (77), ബോണ്‍ ഫൊര്‍ട്വിന്‍ (59) എന്നിവരും നിര്‍ണായക പ്രകടനം പുറത്തെടുത്തു. ഇന്ത്യക്ക് വേണ്ടി ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിംഗ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. രാജ്കോട്ടില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.

സ്‌കോര്‍ബോര്‍ഡില്‍ ഒരു റണ്‍ മാത്രം ഉള്ളപ്പോള്‍ തന്നെ ദക്ഷിണാഫ്രിക്കയ്ക്ക് മൂന്ന് വിക്കറ്റ് നഷ്ടമായിരുന്നു. റുബിന്‍ ഹര്‍മാന്‍ ആദ്യ പന്തില്‍ തന്നെ മടങ്ങി. അര്‍ഷ്ദീപിന്റെ പന്തില്‍ ക്യാപ്റ്റന്‍ തിലക് വര്‍മയ്ക്ക് ക്യാച്ച്. അതേ ഓവറില്‍ ജോര്‍ദാന്‍ ഹര്‍മാനും (0) മടങ്ങി. റണ്ണൗട്ടാവുകയായിരുന്നു താരം. രണ്ടാം ഓവറില്‍ മാര്‍ക്വെസ് ആക്കര്‍മാനെ (0) പ്രസിദ്ധ് കൃഷ്ണ പുറത്താക്കി. തുടര്‍ന്ന് റിവാള്‍ഡോ മൂണ്‍സാമി (10), സിനെതംബ ക്വഷിലെ (15) എന്നിവര്‍ കൂടി മടങ്ങിയതോടെ അഞ്ചിന് 55 എന്ന നിലയിലായി ദക്ഷിണാഫ്രിക്ക.

ദക്ഷിണാഫ്രിക്ക എളുപ്പത്തില്‍ കീഴടങ്ങുമെന്ന് കരുതിയെങ്കിലും പിന്നീടാണ് കൂട്ടുകെട്ടുകള്‍ പിറന്നത്. ഫോറെസ്റ്റര്‍ - പോട്ഗീറ്റര്‍ സഖ്യം 113 റണ്‍സ് കൂട്ടിചേര്‍ത്തു. ഈ കൂട്ടുകെട്ട് തകര്‍ച്ചയില്‍ നിന്ന് കരകയറ്റാന്‍ സഹായകമായി. എന്നാല്‍ ഫോറെസ്റ്ററെ റിയാന്‍ പരാഗ് പുറത്താക്കി. പിന്നീട് ഫൊര്‍ട്വിന്‍ - പോട്ഗീറ്റര്‍ സഖ്യം 87 റണ്‍സ് കൂട്ടിചേര്‍ത്തു. 46-ാം ഓവറില്‍ പോട്ഗീറ്റര്‍ മടങ്ങി. 105 പന്തുകള്‍ നേരിട്ട താരം ഒരു സിക്സും പത്ത് ഫോറും നേടിയിരുന്നു. അവസാന ഓവററില്‍ ഫൊര്‍ട്വിന്‍, ഷെപോ മൊറേകി (0) എന്നിവര്‍ പൂറത്തായി. ടിയാന്‍ വാന്‍ വുറന്‍ (16), ഒട്നീല്‍ ബാര്‍ട്മാന്‍ (1) എന്നിവര്‍ പുറത്താവാതെ നിന്നു.

Similar News