ഇന്ത്യന്‍ നായകന് കനത്ത തിരിച്ചടി; കഴുത്തുവേദനമൂലം ശുഭ്മാന്‍ ഗില്‍ ആശുപത്രിയില്‍; മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചു; ആദ്യ ടെസ്റ്റില്‍ കളിക്കാനാവില്ല; രണ്ടാം ടെസ്റ്റില്‍ കളിക്കുന്ന കാര്യവും സംശയത്തില്‍

Update: 2025-11-16 04:48 GMT

കൊല്‍ക്കത്ത: ദക്ഷിണാഫ്രിക്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ ടീമിന് കനത്ത തിരിച്ചടി. ഒന്നാം ഇന്നിംഗ്‌സ് ബാറ്റിംഗിനിടെ കഴുത്തിന് പരിക്കേറ്റ് റിട്ടയേര്‍ഡ് ഔട്ടായ ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന് ആദ്യ ടെസ്റ്റില്‍ കളിക്കാനിറങ്ങാനാവില്ല. ഇന്നലെ കൊല്‍ക്കത്ത ടെസ്റ്റിന്റെ രണ്ടാം ദിനം മൂന്ന് പന്തില്‍ നാലു റണ്‍സെടുത്ത് ബാറ്റ് ചെയ്യുന്നതിനിടെയാണ് ഗില്‍ കഴുത്തുവേദനമൂലം റിട്ടയേര്‍ഡ് ഹര്‍ട്ടായി കയറിപ്പോയത്. സെര്‍വിക്കല്‍ കോളറില്‍ കഴുത്ത് ഉറപ്പിച്ചാണ് ഗില്ലിനെ ആശുപത്രിയിലേക്ക് മാറ്റിയത്. കൂടുതല്‍ പരിശോധനകള്‍ക്കു ശേഷം പരിക്കിന്റെ തീവ്രത വിലയിരുത്തി ഉചിതമായ ചികിത്സ നിര്‍ണയിക്കുന്നതു വരെ താരം നിരീക്ഷണത്തില്‍ തുടരുമെന്നാണ് വിവരം.

പിന്നീട് ബാറ്റിംഗിന് ഇറങ്ങാതിരുന്ന ഗില്ലിനെ റിട്ടയേര്‍ഡ് ഔട്ടായി പ്രഖ്യാപിച്ചിരുന്നു. ഇന്നലെ രാത്രിയോടെ കൊല്‍ക്കത്തയിലെ വുഡ്ലാന്‍ഡ്‌സ് ആശുപത്രിയില്‍ തുടര്‍ പരിശോധനകള്‍ക്ക് വിധേയനായ ഗില്‍ വേദന കുറയാത്തതിനെ തുടര്‍ന്ന് രാത്രി മുഴുവന്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തില്‍ ആശുപത്രിയില്‍ തുടര്‍ന്നു. ഗില്ലിന് ആദ്യ ടെസ്റ്റില്‍ ഗ്രൗണ്ടിലിറങ്ങാനാവില്ലെന്നാണ് റിപ്പോര്‍ട്ട്. ആദ്യ ടെസ്റ്റില്‍ മാത്രമല്ല, 22ന് ഗുവാഹത്തിയില്‍ തുടങ്ങുന്ന രണ്ടാം ടെസ്റ്റിലും ഗില്‍ കളിക്കുന്ന കാര്യം സംശയത്തിലാണ്. പരിക്കില്‍ നിന്ന് പൂര്‍ണമായും മോചിതനാവാന്‍ ഗില്ലിന് ദിവസങ്ങള്‍ വേണ്ടിവരുമെന്നാണ് സൂചന.


 മുന്‍കരുതല്‍ നടപടിയായി ആശുപത്രിയില്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചിട്ടുണ്ട്. ന്യൂറോ സര്‍ജന്മാര്‍, ന്യൂറോളജിസ്റ്റുകള്‍, കാര്‍ഡിയോളജിസ്റ്റുകള്‍ തുടങ്ങിയവര്‍ ബോര്‍ഡിലുണ്ട്. ബിസിസിഐ മെഡിക്കല്‍ സംഘവും താരത്തെ നിരീക്ഷിക്കുന്നുണ്ട്. ഇന്ത്യന്‍ ഇന്നിങ്‌സിന്റെ 35-ാം ഓവറില്‍ സിമോണ്‍ ഹാമറിന്റെ പന്ത് സ്ലോഗ് സ്വീപ്പിലൂടെ ബൗണ്ടറി കടത്തിയതിനു പിന്നാലെ ഗില്ലിന്റെ കഴുത്ത് ഉളുക്കുകയായിരുന്നു.

ഗില്ലിന്റെ അഭാവത്തില്‍ വൈസ് ക്യാപ്റ്റന്‍ ഋഷഭ് പന്താണ് ഇന്നലെ ഇന്ത്യയെ ദക്ഷിണാഫ്രിക്കയുടെ രണ്ടാം ഇന്നിംഗ്‌സില്‍ നയിച്ചത്. രണ്ടാം ടെസ്റ്റിലും ഗില്ലിന് കളിക്കാനായില്ലെങ്കില്‍ ഋഷഭ് പന്ത് തന്നെയാവും ഇന്ത്യയെ നയിക്കുക. അതേസമയം, കൊല്‍ക്കത്ത ടെസ്റ്റില്‍ രണ്ടാം ദിനം സ്പിന്നര്‍മാര്‍ ആധിപത്യം സ്ഥാപിച്ച പിച്ചില്‍ ദക്ഷിണാഫ്രിക്ക 63 റണ്‍സിന്റെ നിര്‍ണായക ലീഡുണ്ട്. മൂന്ന് വിക്കറ്റ് കൈയിലിരിക്കെ ബാറ്റിംഗ് ദുഷ്‌കരമായ പിച്ചില്‍ പരമാവധി ലീഡുയര്‍ത്താനാവും ദക്ഷിണാഫ്രിക്ക ശ്രമിക്കു. ബാറ്റിംഗ് നിരയില്‍ ശുഭ്മാന്‍ ഗില്‍ ഇല്ലാതെ ഇന്ത്യക്ക് ദക്ഷിണാഫ്രിക്ക ഉയര്‍ത്തുന്ന വിജയലക്ഷ്യം പിന്തുരേണ്ടിവരും.

ടെസ്റ്റ് പരമ്പരക്ക് ശേഷം ഈ മാസം 30ന് തുടങ്ങുന്ന ഏകദിന പരമ്പരയില്‍ ഗില്ലിന് കളിക്കാനാകുമോ എന്ന കാര്യം പിന്നീട് മാത്രമെ അറിയാനാവു. ഗില്‍ കളിച്ചില്ലെങ്കില്‍ ആരാകും ഇന്ത്യയെ നയിക്കുക എന്ന കാര്യത്തിലും ആശങ്കയുണ്ട്. ഗില്ലിനൊപ്പം ഓസ്‌ട്രേലിയയില്‍ വൈസ് ക്യാപ്റ്റനായ ശ്രേയസ് അയ്യരും നിലവില്‍ പരിക്കില്‍ നിന്ന് മുക്തനായിട്ടില്ല.

Tags:    

Similar News