'അപ്പോള്‍ ഇനി നമ്മുടെ പയ്യന്‍ യെല്ലോ, കൂടെ നമ്മളും!' ചേട്ടാ ഈസ് ഹിയര്‍, വരവേണ്ടിയ നേരത്തിലെ കറക്ടാ വരുവേന്‍ എന്ന അടിക്കുറിപ്പും; പതിനൊന്നാം നമ്പര്‍ മഞ്ഞ ജഴ്‌സിയില്‍ സഞ്ജു സാംസണ്‍; മലയാളി താരത്തിന് മാരക ഇന്‍ട്രോ വരവേല്‍പ്പുമായി ചെന്നൈ സൂപ്പര്‍ കിങ്‌സ്; എല്ലാ പിള്ളാരെയും ഇറക്കിക്കോ എന്ന് ബേസില്‍

Update: 2025-11-18 14:57 GMT

ചെന്നൈ: ഒരു പതിറ്റാണ്ടിലേറെ നീണ്ട രാജസ്ഥാന്‍ റോയല്‍സ് കരിയറിനൊടുവില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്ക് കൂടുമാറിയ മലയാളി താരം സഞ്ജു സാംസണെ വരവേല്‍ക്കുന്ന ഗംഭീര ഇന്‍ട്രോ വിഡിയോ സമുഹമാധ്യമങ്ങളില്‍ പങ്കുവെച്ച് ചെന്നൈ സൂപ്പര്‍ കിങ്‌സ്. ഇന്ത്യന്‍ ക്രിക്കറ്റ് ലോകം ഇതുവരെ കണ്ടില്ലാത്ത അത്രയും മാസ് നല്‍കിയാണ് മലയാളി താരത്തെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ആരാധകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നത്. സംവിധാകനും സഞ്ജുവിന്റെ അടുത്ത സുഹൃത്തുമായ ബേസില്‍ ജോസഫിനെ അണിനിരത്തി കൊണ്ടാണ് സഞ്ജുവിന്റെ ലോഞ്ചിംഗ് വീഡിയോ സിഎസ്‌കെ പുറത്ത് വിട്ടിട്ടുള്ളത്. അപ്പോള്‍ ഇനി നമ്മുടെ പയ്യന്‍ യെല്ലോ, കൂടെ നമ്മളും എന്നുള്ള ബേസിലിന്റെ ഡയലോഗോടെയാണ് വീഡിയോ അവസാനിക്കുന്നത്.

ചലച്ചിത്ര സംവിധായകനും നടനുമായ ബേസില്‍ ജോസഫാണ് രണ്ട് മിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള വിഡിയോയില്‍ സഞ്ജുവിനൊപ്പമുള്ളത്. ചേട്ടാ ഈസ് ഹിയര്‍, വരവേണ്ടിയ നേരത്തിലെ കറക്ടാ വരുവേന്‍ എന്ന അടിക്കുറിപ്പോടെയാണ് യൂട്യൂബിലും ഇന്‍സ്റ്റഗ്രാമിലുമെല്ലാം സി.എസ്.കെയുടെ ഔദ്യോഗിക അകൗണ്ടില്‍ വിഡിയോ പങ്കുവെച്ചത്. ബേസില്‍ ജോസഫിനും ഓള്‍ കേരള ധോനി ഫാന്‍സിനും നന്ദി പറഞ്ഞ് പോസ്റ്റ് ചെയ്ത വിഡിയോ നിമിഷ നേരംകൊണ്ട് നിരവധി പേരാണ് കണ്ടത്. ഇതിനിടെ സഞ്ജുവും സൂപ്പര്‍ സ്റ്റാര്‍ രജനികാന്തും ഒരുമിച്ചുള്ള ചിത്രവും കാണിക്കുന്നുണ്ട്. സഞ്ജു സാംസണ്‍ ചെന്നൈ സൂപ്പര്‍ കിംഗ്സില്‍ എത്തിയതായി കഴിഞ്ഞ ദിവസം ഔദ്യോഗിക പ്രഖ്യാപനം വന്നിരുന്നു.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പത്തൊന്‍പതാം സീസണ് മുന്നോടിയായി സഞ്ജു സാംസണ്‍ രാജസ്ഥാന്‍ റോയല്‍സില്‍ നിന്ന് ചെന്നൈ സൂപ്പര്‍ കിങ്സിലേക്ക് മാറിയത് ഐപിഎല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ട്രേഡ് ഡീലുകളില്‍ ഒന്നായിരുന്നു. ചെന്നൈ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ, സാം കറന്‍ എന്നിവരെ കൈമാറിയാണ് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ സഞ്ജു സാംസണിനെ ചെന്നൈ സ്വന്തമാക്കി തങ്ങളുടെ നിരയിലെത്തുന്നത്. നിലവിലെ വാര്‍ഷിക പ്രതിഫല തുകയായ 18 കോടി രൂപയില്‍ തന്നെയാണ് ചെന്നൈ സഞ്ജുവിനെ സ്വന്തമാക്കുന്നത്.


ചെന്നൈയില്‍ സഞ്ജുവിന്റെ റോള്‍ എന്തായിരിക്കുമെന്ന് വ്യക്തമല്ല. ഋതുരാജ് ഗെയ്കവാദാണ് നിലവില്‍ ടീമിനെ നയിക്കുന്നത്. ഏറെ നാളത്തെ ചര്‍ച്ചകള്‍ക്കും അഭ്യൂഹങ്ങള്‍ക്കും ശേഷമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. ഔദ്യോഗിക പ്രഖ്യാപനം വന്നയുടനെയാണ് സഞ്ജു രാജസ്ഥാന്‍ റോയല്‍സിനെ കുറിച്ച് സംസാരിച്ചിരുന്നു. സഞ്ജു സോഷ്യല്‍ മീഡിയയില്‍ കുറിച്ചിട്ടതിങ്ങനെ... ''പരിമിതമായ സമയം മാത്രമെ നമ്മള്‍ ഇവിടെയുള്ളൂ. ഞാന്‍ എന്റെ എല്ലാം രാജസ്ഥാന്‍ റോയല്‍സ് വേണ്ടി സമര്‍പ്പിച്ചു. ഇവര്‍ക്കൊപ്പം ക്രിക്കറ്റ് ഒരുപാട് ആസ്വദിച്ചു. ജീവതകാലം മുഴുവന്‍ ഓര്‍ത്തുവെക്കാനുള്ള ബന്ധങ്ങളുണ്ടാക്കി. ഫ്രാഞ്ചൈസിയിലുള്ള എല്ലാവരേയും എന്റെ കുടുംബം പോലെയാണ് കണ്ടത്. എന്നാലിപ്പോള്‍ ഞാന്‍ മുന്നോട്ടുപോവുകയാണ്. എല്ലാവരോടും കടപ്പെട്ടിരിക്കും.'' സഞ്ജു സോഷ്യല്‍ മീഡിയയില്‍ വ്യക്തമാക്കി.

രാജസ്ഥാന്‍ റോയല്‍സിനൊപ്പം 11 സീസണുകള്‍. 4027 റണ്‍സ്. രണ്ട് സെഞ്ച്വറിയും 23 അര്‍ദ്ധ ശതകങ്ങളും. 192 സിക്‌സറുകള്‍ 144 ഇന്നിങ്‌സുകളില്‍ നിന്ന് പലമൈതാനങ്ങളില്‍ പല ഗ്യാലറികളില്‍ പല ദൂരത്തില്‍ നിക്ഷേപിക്കപ്പെട്ടു. ടീമിനെ നയിച്ചത് 2021 മുതല്‍. 2022ല്‍ ഫൈനലിലെത്തിച്ചു. ഐപിഎല്ലിന്റെ ഉദ്ഘാടന സീസണില്‍ കിരീടം നേടിയതിന് ശേഷം രാജസ്ഥാന്‍ റോയല്‍സിനെ ആദ്യമായി ഫൈനലിലെത്തിക്കാന്‍ സഞ്ജു മുന്നില്‍ നിന്ന് നയിക്കേണ്ടി വന്നു. വലിയ സ്റ്റാര്‍ഡമുള്ളൊരു സംഘവുമായായിരുന്നില്ല സഞ്ജിന്റെ നായകവേഷം. യുവതാരങ്ങളാല്‍ സമ്പന്നമായ നിരയുമായായിരുന്നു കുതിപ്പ്.

Similar News