ജെഫ്രി വാന്‍ഡര്‍സെയുടെ പന്തില്‍ ക്ലീന്‍ ബൗള്‍ഡ്; രോഷത്തില്‍ ബാറ്റുകൊണ്ട് സ്റ്റംപിലടിച്ച് ബാബര്‍ അസം; ലംഘിച്ചത് ഐസിസി പെരുമാറ്റച്ചട്ടത്തിലെ പ്രധാന വകുപ്പ്; വന്‍ തുക പിഴ, ഡീമെറിറ്റ് പോയിന്റും
റാവല്‍പിണ്ടി: ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിനിടെ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് പാക്കിസ്ഥാന്‍ ബാറ്റര്‍ ബാബര്‍ അസമിന് പിഴ ചുമത്തി രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി). മാര്‍ച്ച് ഫീയുടെ പത്തു ശതമാനമാണ് പിഴ. ഒപ്പം താക്കീതും നല്‍കി. 24 മാസത്തിനുള്ളില്‍ കുറ്റകൃത്യം വീണ്ടും ആവര്‍ത്തിച്ചാല്‍ വിലക്ക് ഉള്‍പ്പെടെയുള്ള നടപടിയെടുക്കും.
മത്സരത്തിന്റെ 21ാം ഓവറില്‍ ബാബര്‍ പുറത്തായപ്പോഴാണ് പിഴയ്ക്കു കാരണമായ സംഭവം അരങ്ങേറിയത്. ലങ്കന്‍ ബോളര്‍ ജെഫ്രി വാന്‍ഡര്‍സെ എറിഞ്ഞ പന്തില്‍ ക്ലീന്‍ ബൗള്‍ഡായ ബാബര്‍, ക്രീസ് വിടുന്നതിനു മുന്‍പ് രോഷത്തോടെ ബാറ്റു കൊണ്ടു സ്റ്റംപില്‍ അടിക്കുകയായിരുന്നു. 52 പന്തില്‍ 34 റണ്‍സെടുത്താണ് താരം ഔട്ടായത്.
ഐസിസി പെരുമാറ്റച്ചട്ടത്തിലെ ആര്‍ട്ടിക്കിള്‍ 2.2 ബാബര്‍ ലംഘിച്ചതായി ഐസിസി കണ്ടെത്തി. രാജ്യാന്തര മത്സരത്തിനിടെ ക്രിക്കറ്റ് ഉപകരണങ്ങള്‍ അല്ലെങ്കില്‍ വസ്ത്രങ്ങള്‍, ഗ്രൗണ്ട് ഉപകരണങ്ങള്‍ മറ്റു ഫിറ്റിങ്ങുകള്‍ തകര്‍ക്കരുതെന്നാണ് ഈ വകുപ്പില്‍ പറയുന്നത്. പിഴയ്ക്കു പുറമെ ഒരു ഡീമെറിറ്റ് പോയിന്റും താരത്തിനു കിട്ടി. 24 മാസത്തിനുള്ളില്‍ കുറ്റകൃത്യം വീണ്ടും ആവര്‍ത്തിച്ചാല്‍ വിലക്ക് ഉള്‍പ്പെടെയുള്ള നടപടി നേരിടേണ്ടി വരും.
മത്സരത്തില്‍ ശ്രീലങ്കയ്‌ക്കെതിരെ ആറു വിക്കറ്റ് ജയം നേടിയ പാക്കിസ്ഥാന്‍, പരമ്പര തൂത്തുവാരിയിരുന്നു(3 - 0). ശ്രീലങ്ക: 45.2 ഓവറില്‍ 211. പാക്കിസ്ഥാന്‍ 44.4 ഓവറില്‍ 4ന് 215. 3 വിക്കറ്റുകളുമായി ശ്രീലങ്കയെ ചെറിയ സ്‌കോറിലൊതുക്കിയ മീഡിയം പേസര്‍ മുഹമ്മദ് വാസിമാണ് പ്ലെയര്‍ ഓഫ് ദ് മാച്ച്. രണ്ടാം മത്സരത്തില്‍ സെഞ്ചറിയടക്കം 165 റണ്‍സ് നേടിയ ബാബറാണ് പരമ്പരയിലെ ടോപ് സ്‌കോറര്‍. രണ്ടാം മത്സരത്തിലായിരുന്നു ബാബറിന്റെ സെഞ്ചറി. 2023 ഓഗസ്റ്റില്‍ നടന്ന ഏഷ്യാ കപ്പിനു ശേഷം ആദ്യമായിട്ടായിരുന്നു ബാബറിന്റെ സെഞ്ചറി നേട്ടം.