വീറോടെ പൊരുതിയ ജാമി സ്മിത്തും വില്‍ ജാക്‌സും വീണതോടെ ചെറുത്തുനില്‍പ്പ് അവസാനിപ്പിച്ച് ഇംഗ്ലണ്ട്; അഡ്ലെയ്ഡ് ടെസ്റ്റില്‍ ഓസ്‌ട്രേലിയയ്ക്ക് 82 റണ്‍സിന്റെ തകര്‍പ്പന്‍ ജയം; രണ്ട് മത്സരങ്ങള്‍ ശേഷിക്കെ ആഷസ് കിരീടം നിലനിര്‍ത്തി ആതിഥേയര്‍

Update: 2025-12-21 04:56 GMT

അഡ്‌ലെയ്ഡ്: ആഷസ് ക്രിക്കറ്റ് പരമ്പരയില്‍ ഓസ്‌ട്രേലിയന്‍ ആധിപത്യം. ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ 82 റണ്‍സിനാണ് ഓസിസ് തകര്‍ത്തത്. രണ്ട് മത്സരങ്ങള്‍ കൂടി ബാക്കിയിരിക്കെയാണ് ഓസ്‌ട്രേലിയ കിരീടം നിലനിര്‍ത്തിയത്. 435 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ഇംഗ്ലണ്ട് 206-6 എന്ന നിലയില്‍ പരാജയം ഉറപ്പിച്ചാണ് അവസാന ദിനം ക്രീസിലെത്തിയതെങ്കിലും ജാമി സ്മിത്തിന്റെയും വില്‍ ജാക്‌സിന്റെയും ബ്രെയഡന്‍ കാര്‍സിന്റെയും അപ്രതീക്ഷിത ചെറുത്തുനില്‍പ് വിജയപ്രതീക്ഷ ഉയര്‍ത്തിയിരുന്നു. ജാമി സ്മിത്തിന്റെ അര്‍ധസെഞ്ചുറി കരുത്തില്‍ ലഞ്ചിന് പിരിയുമ്പോള്‍ ലഭിക്കുമ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 309 റണ്‍സെടുത്തിരുന്ന ഇംഗ്ലണ്ടിന് മൂന്ന് വിക്കറ്റ് കൈയിലിരിക്കെ ജയത്തിലേക്ക് 126 റണ്‍സായിരുന്നു വേണ്ടിയിരുന്നത്.

എന്നാല്‍ ലഞ്ചിനുശേഷം പൊരുതിനിന്ന വില്‍ ജാക്‌സിനെ(47) മിച്ചല്‍ സ്റ്റാര്‍ക്ക് പുറത്താക്കിയത് ഇംഗ്ലണ്ടിന് തിരിച്ചടിയായി. 39 റണ്‍സുമായി ഒരറ്റത്ത് ബ്രെയ്ഡന്‍ കാര്‍സ് പൊരുതിയെങ്കിലും ആദ്യ ഇന്നിഗ്‌സില്‍ അര്‍ധസെഞ്ചുറി നേടിയ ജോഫ്ര ആര്‍ച്ചറെ(3) സ്റ്റാര്‍ക്കും ജോഷ് ടങിനെ(1) സ്‌കോട് ബോളണ്ടും പുറത്താക്കിയതോടെ ഇംഗ്ലണ്ട് ലക്ഷ്യത്തിന് 86 റണ്‍സകലെ വീണു. 60 റണ്‍സെടുത്ത ജാമി സ്മിത്തിന്റെ വിക്കറ്റായിരുന്നു ഇന്ന് ഇംഗ്ലണ്ടിന് ആദ്യം നഷ്ടമായത്. ജാമി സ്മിത്തും വില്‍ ജാക്‌സും ചേര്‍ന്ന് ഏഴാം വിക്കറ്റില്‍ 91 റണ്‍സിന്റെ കൂട്ടുകെട്ടുയര്‍ത്തിയായിരുന്നു നേരത്തെ ഇംഗ്ലണ്ടിന് വിജയപ്രതീക്ഷ നല്‍കിയത്. എന്നാല്‍ 60 റണ്‍സെടുത്ത സ്മിത്തിനെ ലഞ്ചിന് മുമ്പ് വീഴ്ത്തിയ മിച്ചല്‍ സ്റ്റാര്‍ക്കാണ് ഓസീസ് വിജയം എളുപ്പമാക്കിയത്. ഓസ്‌ട്രേലിയക്കായി പാറ്റ് കമിന്‍സും മിച്ചല്‍ സ്റ്റാര്‍ക്കും നഥാന്‍ ലിയോണും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. സ്‌കോര്‍ ഓസ്‌ട്രേലിയ 371, 349, ഇംഗ്ലണ്ട് 286, 352.

വീറോടെ പൊരുതി സ്മിത്തും ജാക്‌സും

ആറുവിക്കറ്റിന് 207 റണ്‍സെന്ന നിലയില്‍ അഞ്ചാംദിനം ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ടിനുവേണ്ടി ജാമി സ്മിത്തും വില്‍ ജാക്‌സുമാണ് പൊരുതിയത്. ഓസീസ് ബൗളര്‍മാര്‍ക്ക് പിടികൊടുക്കാതെ ഇരുവരും പരമാവധി പിടിച്ചുനിന്നു. അവസാനദിനം നാലുവിക്കറ്റ് മാത്രം കൈയിലിരിക്കെ 228 റണ്‍സായിരുന്നു ഇംഗ്ലണ്ടിന് വേണ്ടിയിരുന്നത്. ഇരുവരും അര്‍ധസെഞ്ചുറി കൂട്ടുകെട്ട് പടുത്തുയര്‍ത്തിയതോടെ ടീം സ്‌കോര്‍ 250 കടന്നു. പിന്നാലെ അര്‍ധസെഞ്ചുറി തികച്ച ജാമി സ്മിത്ത് പുറത്തായി. 60 റണ്‍സാണ് സമ്പാദ്യം.

പിന്നീട് ഇംഗ്ലണ്ടിന്റെ പ്രതീക്ഷകളത്രയും വില്‍ ജാക്‌സിലായിരുന്നു. ബ്രൈഡന്‍ കാഴ്‌സുമായി ചേര്‍ന്ന് ജാക്‌സ് ടീമിനെ മുന്നൂറ് കടത്തുകയും ചെയ്തു. എന്നാല്‍, അധികനേരം താരത്തിനും പിടിച്ചുനില്‍ക്കാനായില്ല. 47 റണ്‍സെടുത്ത താരത്തെ സ്റ്റാര്‍ക് കൂടാരം കയറ്റി. മൂന്ന് റണ്‍സെടുത്ത ജൊഫ്ര ആര്‍ച്ചറിനേയും സ്റ്റാര്‍ക് വീഴ്ത്തിയതോടെ ഇംഗ്ലണ്ട് തോല്‍വി മണത്തു. ടീം 349-9 എന്ന നിലയിലേക്ക് വീണു. ബ്രൈഡന്‍ഡ കാഴ്‌സ് പിടിച്ചുനിന്നെങ്കിലും ജോഷ് ടങ്കിനെ പുറത്താക്കി ബോളണ്ട് ഓസീസിന് ജയവും പരമ്പരയും സമ്മാനിച്ചു.

ഇന്നലെ നാലാം ദിനം 435 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ഇംഗ്ലണ്ടിന് തുടക്കത്തിലെ ഓപ്പണര്‍ ബെന്‍ ഡക്കറ്റിനെ(4) നഷ്ടമായിരുന്നു. ഒല്ലി പോപ്പിനും(17) ക്രീസില്‍ അധികം ആയുസുണ്ടായില്ല. പാറ്റ് കമിന്‍സായിരുന്നു ഇരുവരെയും മടക്കിയത്. എന്നാല്‍ സാക്ക് ക്രോളിയും ജോ റൂട്ടും പിടിച്ചു നിന്നതോടെ ഇംഗ്ലണ്ടിന് ചെറിയ പ്രതീക്ഷയായി.ഇരുവരും ചേര്‍ന്ന് ഇംഗ്ലണ്ടിനെ 100 കടത്തി. എന്നാല്‍ നാലം ദിനം ചായക്ക് ശേഷം ജോ റൂട്ടിനെ(39) കൂടി മടക്കി പാറ്റ് കമിന്‍സ് ഇംഗ്ലണ്ടിന്റെ പ്രതീക്ഷ തകര്‍ത്തു.

ഹാരി ബ്രൂക്ക് ആക്രമണോത്സുകത മാറ്റിവെച്ച് പിടിച്ചു നിന്നെങ്കിലും നഥാന്‍ ലിയോണിനെ റിവേഴ്‌സ് സ്വീപ്പ് ചെയ്യാനുള്ള ശ്രമം വിനയായി. 30 റണ്‍സെടുത്ത ഹാരി ബ്രൂക്ക് പുറത്തായതിന് പിന്നാലെ ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ്(5), സാക് ക്രോളി(85) എന്നിവരെ കൂടി ലിയോണ്‍ മടക്കിയതോടെ1 177-3ല്‍ നിന്ന് ഇംഗ്ലണ്ട് 194-6ലേക്ക് കൂപ്പുകുത്തി. ഓസീസിനായി പാറ്റ് കമിന്‍സും നഥാന്‍ ലിയോണും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.

നേരത്തെ 271-4 എന്ന ശക്തമായ നിലയിലാണ് ഓസീസ് നാലാം ദിനം ക്രീസിലിറങ്ങിയത്. 170 റണ്‍സടിച്ച ട്രാവിസ് ഹെഡും 72 റണ്‍സടിച്ച അലക്‌സ് ക്യാരിയും ചേര്‍ന്ന് ഓസീസ് ലീഡ് 400 കടത്തിയെങ്കിലും പിന്നീടാര്‍ക്കും പിടിച്ചു നില്‍ക്കാനായില്ല. ജോഷ് ഇംഗ്ലിസ്(10), കമിന്‍സ്(6), ലിയോണ്‍(0), ബോളണ്ട്(1) എന്നിവര്‍ എളുപ്പം മടങ്ങിയപ്പോള്‍ മിച്ചല്‍ സ്റ്റാര്‍ക്ക് ഏഴ് റണ്‍സുമായി പുറത്താകാതെ നിന്നു.ഇംഗ്ലണ്ടിനായി ബ്രെയ്ഡന്‍ കാര്‍സ് മൂന്നും ജോഷ് ടങ് നാലും വിക്കറ്റെടുത്തു.

Tags:    

Similar News