വിജയ് ഹസാരെയില്‍ 36 പന്തില്‍ സെഞ്ചുറി; 16 ഫോറുകളും 15 സിക്സറുകളും; അതിവേഗ 150 റണ്‍സും; അതിവേഗ ഡബിള്‍ സെഞ്ചുറി നഷ്ടമായത് പത്ത് റണ്‍സിന്; ലോക റെക്കോര്‍ഡുമായി ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് വൈഭവ് സൂര്യവംശി; ഡിവില്ലിയേഴ്‌സിന്റെ റെക്കോര്‍ഡും പഴങ്കഥയാക്കി പതിനാലുകാരന്‍

Update: 2025-12-24 07:04 GMT

റാഞ്ചി: വിജയ് ഹസാരെ ട്രോഫിയില്‍ ബാറ്റിങ് വെടിക്കെട്ടുമായി കൗമാരതാരം വൈഭവ് സൂര്യവംശി. അരുണാചല്‍ പ്രദേശിനെതിരായ പ്ലേറ്റ് ഗ്രൂപ്പ് മത്സരത്തില്‍ സെഞ്ചുറിയോടെ താരം കത്തിക്കയറി. 36 പന്തിലാണ് വൈഭവിന്റെ സെഞ്ചുറി നേട്ടം. മത്സരത്തില്‍ 84 പന്തില്‍ നിന്ന് താരം 190 റണ്‍സെടുത്തു. ഒട്ടേറെ റെക്കോഡുകളും താരം സ്വന്തം പേരിലാക്കി. ലിസ്റ്റ് എ ക്രിക്കറ്റില്‍ ഒരു ഇന്ത്യന്‍ ബാറ്ററുടെ വേഗതയേറിയ രണ്ടാമത്തെ സെഞ്ചുറിയാണിത്. 10 ഫോറും എട്ട് സിക്‌സും അടങ്ങുന്നതായിരുന്നു പതിനാലുകാരനായ വൈഭവിന്റെ വെടിക്കെട്ട് സെഞ്ചുറി. ഇതിന് പുറമെ 54 പന്തില്‍ 150 റണ്‍സ് തികച്ച വൈഭവ് ലിസ്റ്റ് എ ക്രിക്കറ്റിലെ അതിവേഗ 150 റണ്‍സിന്റെ ലോക റെക്കോര്‍ഡും സ്വന്തമാക്കി. 64 പന്തില്‍ 150 റണ്‍സടിച്ച സാക്ഷാല്‍ എ ബി ഡിവില്ലിയേഴ്‌സിന്റെ റെക്കോര്‍ഡാണ് വൈഭവ് മറികടന്നത്.

2024ലെ വിജയ് ഹസാരെ ട്രോഫിയില്‍ അരുണാചലിനെതിരെ 35 പന്തില്‍ സെഞ്ചുറി തികച്ച പഞ്ചാബ് താരം അന്‍മോല്‍പ്രീത് സിംഗിന്റെ പേരിലാണ് ലിസ്റ്റ് എ ക്രിക്കറ്റിലെ ഇന്ത്യന്‍ താരത്തിന്റെ വേഗമേറിയ സെഞ്ചുറിയുടെ റെക്കോര്‍ഡ്. നേരിയ വ്യത്യാസത്തിലാണ് വൈഭവിന് റെക്കോര്‍ഡ് നഷ്ടമായത്. 40 പന്തില്‍ സെഞ്ചുറി തികച്ച യൂസഫ് പത്താന്‍, 42 പന്തില്‍ സെഞ്ചുറി തികച്ച അഭിഷേക് ശര്‍മ എന്നിവരെയാണ് വൈഭവ് ഇന്ന് പിന്നിലാക്കിയത്. അതേസമയം, ലിസ്റ്റ് എ ക്രിക്കറ്റിലെ അതിവേഗ സെഞ്ചുറിയുടെ റെക്കോര്‍ഡ് ഓസ്‌ട്രേലിയന്‍ താരം ജേക്ക് ഫ്രേസര്‍ മക്ഗുര്‍കിന്റെ പേരിലാണ്. 2023ല്‍ ടാസ്മാനിയക്കെതിരെ സൗത്ത് ഓസ്‌ട്രേലിയക്കായി 29 പന്തിലാണ് മക്ഗുര്‍ഗ് സെഞ്ചുറിയിലെത്തി അതിവേഗ സെഞ്ചുറിയുടെ റെക്കോര്‍ഡിട്ടത്. 31 പന്തില്‍ സെഞ്ചുറി തികച്ച എ ബി ഡിവില്ലിയേഴ്‌സാണ് ഏകദിന ക്രിക്കറ്റിലെ ഏറ്റവും വേമേറിയ സെഞ്ചുറി നേടിയ രണ്ടാമത്തെ താരം.

വൈഭവ് 54 പന്തില്‍ 150 റണ്‍സ് കടന്ന് ഏകദിന ക്രിക്കറ്റിലെ അതിവേഗ 150യുടെ ലോക റെക്കോര്‍ഡ് സ്വന്തമാക്കിയിരുന്നു. വെസ്റ്റ് ഇന്‍ഡീസിനെതിരെ ദക്ഷിണാഫ്രിക്കന്‍ ഇതിഹാസം എ ബി ഡിവില്ലിയേഴ്‌സ് 64 പന്തില്‍ 150 റണ്‍സടിച്ചതിന്റെ ലോക റെക്കോര്‍ഡാണ് വൈഭവ് 10 പന്ത് വ്യത്യാസത്തില്‍ പിന്നിലാക്കിയത്. 150 കടന്നതിനുശേഷവും അടി തുടര്‍ന്ന വൈഭവ് ഏകദിന ക്രിക്കറ്റിലെ അതിവേഗ ഡബിള്‍ സെഞ്ചുറിയുടെ റെക്കോര്‍ഡും സ്വന്തം പേരിലാക്കുമെന്ന് കരുതിയെങ്കിലും 84 പന്തില്‍ 190 റണ്‍സെടുത്ത് പുറത്തായി. 16 ഫോറും 15 സിക്‌സും അടങ്ങുന്നതാണ് വൈഭവിന്റെ ഇന്നിംഗ്‌സ്. ടേക്കി നേറിയുടെ പന്തില്‍ ഡോറിയക്ക് ക്യാച്ച് നല്‍കിയാണ് വൈഭവ് മടങ്ങിയത്.103 പന്തില്‍ ഏകദിന ഡബിള്‍ തികച്ച ന്യൂസിലന്‍ഡ് താരം ചാഡ് ജെയ്‌സണ്‍ ബോവസിന്റെ റെക്കോര്‍ഡ് കൈയകലത്തിലാണ് സൂര്യവന്‍ഷിക്ക് നഷ്ടമായത്.

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ബിഹാറിനായി വൈഭവും മംഗള്‍ മഹ്റൗറുമാണ് ഓപ്പണ്‍ ചെയ്തത്. വൈഭവ് പതിവുപോലെ വെടിക്കെട്ട് നടത്തിയപ്പോള്‍ ടീം സ്‌കോര്‍ കുതിച്ചു. മംഗളിനെ ഒരുവശത്തുനിര്‍ത്തിക്കൊണ്ട് വൈഭവ് ഒറ്റക്കായിരുന്നു ബിഹാര്‍ ഇന്നിങ്സ് മുന്നോട്ടുകൊണ്ടുപോയത്. 12-ാം ഓവറില്‍ സെഞ്ചുറിയുമെത്തി. 36 പന്തിലാണ് താരം മൂന്നക്കം തൊട്ടത്. അതോടെ റെക്കോഡ് ബുക്കിലും ഇടംനേടി. ലിസ്റ്റ് എ ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ സെഞ്ചുറി നേടുന്ന രണ്ടാമത്തെ താരമായി വൈഭവ് മാറി. 35 പന്തില്‍ സെഞ്ചുറി നേടിയ പഞ്ചാബ് താരം അന്‍മോള്‍പ്രീത് സിങ്ങാണ് പട്ടികയില്‍ തലപ്പത്ത്. ലിസ്റ്റ് എ ക്രിക്കറ്റില്‍ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞതാരമായും ഈ പതിനാലുകാരന്‍ മാറി.

മത്സരത്തില്‍ 33 റണ്‍സെടുത്ത മംഗള്‍ പുറത്തായെങ്കിലും വണ്‍ഡൗണായി ഇറങ്ങിയ പിയുഷ് സിങ്ങിനെ ഒരുവശത്തുനിര്‍ത്തി വൈഭവ് പിന്നെയും അടി തുടര്‍ന്നു. അതോടെ ബിഹാര്‍ വേഗത്തില്‍ 200 കടന്നു. അരുണാചല്‍ പ്രദേശ് ബൗളര്‍മാരെ വൈഭവ് നിലത്തുനിര്‍ത്തിയില്ല. ഫോറുകളും സിക്സറുകളും കൊണ്ട് മൈതാനത്ത് റണ്ണൊഴുകി. 150 റണ്‍സും കടന്ന് വൈഭവ് വെടിക്കെട്ട് തുടര്‍ന്നു. എന്നാല്‍ ഇരട്ടസെഞ്ചുറിക്ക് 10 റണ്‍സ് അകലെ പുറത്തായി. 84 പന്തില്‍ നിന്ന് 190 റണ്‍സാണ് വൈഭവിന്റെ സമ്പാദ്യം. 16 ഫോറുകളും 15 സിക്സറുകളും അടങ്ങുന്നതാണ് ഇന്നിങ്സ്. അരുണാചലിന് എതിരെ ബിഹാര്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 46 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 511 റണ്‍സ് എന്ന നിലയാണ്.

Tags:    

Similar News