പോണ്ടിച്ചേരിക്ക് എതിരെ 84 പന്തില്‍ പുറത്താകാതെ 162 റണ്‍സ്; വിജയ് ഹസാരെ ട്രോഫിയില്‍ കേരളത്തിന് വീണ്ടും മിന്നും ജയം സമ്മാനിച്ച് വിഷ്ണു വിനോദ്; ത്രിപുരയ്ക്ക് എതിരെയും സെഞ്ചുറി; ആറ് മത്സരങ്ങളില്‍ നിന്നും 387 റണ്‍സ്; ഏത് ബാറ്റിങ് പൊസിഷനിലും തിളങ്ങുന്ന വിക്കറ്റ് കീപ്പര്‍ ബാറ്റര്‍; ഐപിഎല്ലില്‍ പഞ്ചാബ് നിരയില്‍ ഇടം ഉറപ്പിക്കാന്‍ മലയാളി താരം
അഹമ്മദാബാദ്: വിജയ് ഹസാരെ ട്രോഫിയില്‍ പുതുച്ചേരിക്കെതിരെ കേരളത്തിന് എട്ട് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയം സമ്മാനിച്ച് വിഷ്ണു വിനോദിന്റെ അപരാജിത സെഞ്ചുറി. 84 പന്തില്‍ 162 റണ്‍സുമായി പുറത്താകാതെ നിന്ന വിഷ്ണു വിനോദാണ് കേരളത്തിന്റെ ടോപ് സ്‌കോറര്‍. 13 ഫോറും 14 സിക്‌സും അടങ്ങുന്നതാണ് വിഷ്ണു വിനോദിന്റെ ഇന്നിംഗ്‌സ്. പുതുച്ചേരി ഉയര്‍ത്തിയ 248 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കേരളം വിഷ്ണു വിനോദിന്റെ അപരാജിത സെഞ്ചുറിയുടെയും ബാബാ അപരാജിതിന്റെ അര്‍ധസെഞ്ചുറിയുടെയും മികവില്‍ 29 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. ബാബാ അപരാജിത് 69 പന്തില്‍ 63 റണ്‍സുമായി വിജയത്തില്‍ വിഷ്ണുവിന് കൂട്ടായി. ജയത്തോടെ ആറ് മത്സരങ്ങളില്‍ നിന്നും പതിനാറ് പോയിന്റോടെ കേരളം രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു.
പവര്‍ പ്ലേയില്‍ ഓപ്പണര്‍മാരായ ക്യാപ്റ്റന്‍ രോഹന്‍ കുന്നുമ്മലിന്റെയും(8), ഇന്ത്യന്‍ താരം സഞ്ജു സാംസണിന്റെയും(11) വിക്കറ്റുകള്‍ നഷ്ടമായശേഷമായിരുന്നു വിഷ്ണു വിനോദും ബാബാ അപരാജിതും ചേര്‍ന്ന് പിരിയാത്ത മൂന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ 148 പന്തില്‍ 222 റണ്‍സെടുത്ത് കേരളത്തെ വിജയവര കടത്തിയത്. 40 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച വിഷ്ണു പിന്നീട് നേരിട്ട 23 പന്തില്‍ സെഞ്ചുറിയിലെത്തി. 63 പന്തിലാണ് വിഷ്ണു വിനോദ് ടൂര്‍ണമെന്റിലെ രണ്ടാം സെഞ്ചുറി പൂര്‍ത്തിയാക്കിയത്.
248 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കേരളത്തിന് നാലാം ഓവറില്‍ തന്നെ തിരിച്ചടിയേറ്റിരുന്നു. 14 പന്തില്‍ രണ്ട് ബൗണ്ടറി അടക്കം 11 റണ്‍സെടുത്ത സഞ്ജുവാണ് ആദ്യം മടങ്ങിയത്. പാര്‍ഥ് വഗാനിയുടെ പന്തില്‍ സഞ്ജു ബൗള്‍ഡായി പുറത്തായി. തൊട്ടടുത്ത ഓവറില്‍ രോഹന്‍ കുന്നുമല്ലിനെ(8) ഭൂപേന്ദറും ബൗള്‍ഡാക്കി മടക്കി. ജാര്‍ഖണ്ഡിനെതിരായ കഴിഞ്ഞ മത്സരത്തില്‍ ഇരുവരും കേരളത്തിനായി സെഞ്ചുറി നേടിയിരുന്നു. നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത പുതുച്ചേരി 47.4 ഓവറില്‍ 247 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. 54 പന്തില്‍ 57 റണ്‍സെടുത്ത ജസ്വന്ത് ശ്രീരാമാണ് പുതുച്ചേരിയുടെ ടോപ് സ്‌കോറര്‍. അജയ് രൊഹേറ 53 റണ്‍സെടുത്തു. കേരളത്തിലായി എം ഡി നിധീഷ് നാലു വിക്കറ്റ് വീഴ്ത്തി. രണ്ടാം വിക്കറ്റില്‍ രൊഹേറയും ശ്രീരാമും പുതുച്ചേരിയെ 100 കടത്തി ഭേദപ്പെട്ട സ്‌കോറിലെത്തച്ചത്. രൊഹേറയെ വീഴ്ത്തിയ അങ്കിത് ശര്‍മയാണ് കൂട്ടുകെട്ട് പൊളിച്ചത്.
ഐപിഎല്ലില്‍ മിന്നിക്കാന്‍ മലയാളി താരം
ആദ്യ മത്സരത്തില്‍ ത്രിപുരയ്ക്ക് എതിരെയും വിഷ്ണു വിനോദ് സെഞ്ചുറി നേടിയിരുന്നു. ടൂര്‍ണമെന്റില്‍ ആറ് ഇന്നിംഗ്‌സുകളില്‍ നിന്നും താരം അടിച്ചുകൂട്ടിയത് 387 റണ്‍സാണ്. ഏത് ബാറ്റിങ് പൊസിഷനിലും തിളങ്ങുന്ന വിഷ്ണു ഇത്തവണയും പഞ്ചാബ് കിങ്‌സിനൊപ്പമാണുള്ളത്. ഈ സീസണില്‍ ഗംഭീര പ്രകടനം നടത്താനാവുമെന്നാണ് താരം പ്രതീക്ഷിക്കുന്നത്
കേരള ക്രിക്കറ്റില്‍ നിന്ന് സഞ്ജു സാംസണിന് ശേഷം ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന മലയാളി താരങ്ങളില്‍ ഒരാളാണ് വിഷ്ണു വിനോദ്. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ വിഷ്ണു വിനോദ് ഏത് ബാറ്റിങ് പൊസിഷനിലും മികച്ച കണക്കുകള്‍ അവകാശപ്പെടാന്‍ സാധിക്കുന്ന താരമാണ്. അതിവേഗം റണ്‍സുയര്‍ത്തുന്ന വിഷ്ണു കേരളത്തിനായും ഐപിഎല്ലിലും മികച്ച പ്രകടനം പുറത്തെടുത്ത് കൈയടി നേടുകയാണ്. അഞ്ച് തവണ ഐപിഎല്‍ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സിനൊപ്പവും കസറിയ വിഷ്ണു ഇത്തവണ പഞ്ചാബ് കിങ്‌സിനൊപ്പമാണ്. മിനി താരലേലത്തിന് മുമ്പ് പഞ്ചാബ് വിഷ്ണു വിനോദിനെ നിലനിര്‍ത്തിയിരിക്കുകയാണ്. അവസാന സീസണില്‍ ഒരു മത്സരത്തില്‍ പോലും വിഷ്ണുവിന് അവസരം ലഭിച്ചിരുന്നില്ല. മിന്നുന്ന ഫോമിലുള്ള താരത്തിന് ഇത്തവണ അവസരം ലഭിച്ചേക്കും.
ടീം മാനേജ്‌മെന്റ് പൂര്‍ണ്ണ പിന്തുണയാണ് നല്‍കുന്നതെന്നും അദ്ദേഹം പ്രതികരിച്ചു. 'ഇത്തവണയും പഞ്ചാബ് കിങ്‌സിനൊപ്പമാണുള്ളത്. അവസാന സീസണില്‍ കളിക്കാന്‍ അവസരം ലഭിക്കാതെ പോയി. എന്നാല്‍ ഇത്തവണ പ്ലേയിങ് 11ല്‍ ഇടം പ്രതീക്ഷിക്കുന്നു. ടീം മാനേജ്‌മെന്റ് എന്നില്‍ വിശ്വാസം അര്‍പ്പിക്കുന്നുണ്ടെന്ന് തന്നെയാണ് കരുതുന്നത്. ജോഷ് ഇന്‍ഗ്ലിസ് വിദേശ വിക്കറ്റ് കീപ്പറായി കഴിഞ്ഞ സീസണില്‍ ടീമിലുണ്ടായിരുന്നു. എന്നാല്‍ ഇത്തവണ അവനെ പരിഗണിച്ചിട്ടില്ല. വിക്കറ്റ് കീപ്പര്‍മാരായി ഞാനും മിച്ച് ഓവനും പ്രഭ്‌സിംറാന്‍ സിങ്ങുമാണുള്ളത്. എന്റെ മികവില്‍ വിശ്വാസം അര്‍പ്പിച്ചതുകൊണ്ടാവണം ഇന്‍ഗ്ലിസിനെ ഇത്തവണ പഞ്ചാബ് പരിഗണിക്കാതിരുന്നത്. പ്ലേയിങ് 11ല്‍ അവസരം ലഭിക്കുമെന്ന് തന്നെയാണ് കരുതുന്നത്' വിഷ്ണു പറഞ്ഞു.
