കൊളംബോയിലെ ഹോട്ടല്‍ ലോബിയില്‍ കാമുകി മഹികയ്ക്കൊപ്പം ഹാര്‍ദ്ദിക് പാണ്ഡ്യ; ബാത്ത്‌റോബ് ധരിച്ചെത്തിയ താരത്തെ കണ്ട് അമ്പരന്ന് ആരാധകര്‍; കഴുത്തിനു പിന്നില്‍ പുതിയ ടാറ്റൂ; പ്രണയദിനത്തിലെ ചിത്രങ്ങള്‍ വൈറലാകുന്നു

Update: 2026-02-14 17:23 GMT

കൊളംബോ: ട്വന്റി20 ലോകകപ്പിലെ നിര്‍ണായക മത്സരത്തില്‍ പാക്കിസ്ഥാനെ നേരിടാന്‍ കൊളംബോയിലെത്തിയ ഇന്ത്യന്‍ താരങ്ങളുടെ ചിത്രങ്ങളും വീഡിയോകളും സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇന്ത്യന്‍ താരങ്ങള്‍ക്ക് കര്‍ശന നിയന്ത്രണമാണ് ബിസിസിഐ ഏര്‍പ്പെടുത്തിയിരിക്കുന്നത്. താരങ്ങള്‍ക്ക് കുടുംബത്തോടൊപ്പം താമസിക്കാന്‍ പോലും അനുവാദമില്ല. കുടുംബത്തെ ഒപ്പം കൂട്ടാമെങ്കിലും ടീം ഹോട്ടലില്‍ താമസിപ്പിക്കരുതെന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

ഞായറാഴ്ച പാക്കിസ്ഥാനെതിരായ മത്സരത്തിനു മുന്നോടിയായി വെള്ളിയാഴ്ച രാത്രിയാണ് ഇന്ത്യന്‍ ടീം കൊളംബോയിലെത്തിയത്. ബിസിസിഐ നിയന്ത്രണങ്ങളുണ്ടെങ്കിലും ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ, കാമുകി മഹിക ശര്‍മയുമായാണ് കൊളംബോയിലെത്തിയത്. ഇരുവരും ഒരുമിച്ച് വിമാനത്താവളത്തില്‍നിന്നു പുറത്തേയ്ക്കു വരുന്ന ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെ ടീം ഹോട്ടലിലും മഹികയെ കണ്ടു. മഹികയുടെ കൈപിടിച്ച് ഹാര്‍ദിക് ടീം ഹോട്ടലിനുള്ളില്‍ നടക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങള്‍ പ്രചരിച്ചു. ഹോട്ടലിലെ ലോബിയിലൂടെ ഇരുവരും നടക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്.

അതേസമയം, ബാത്ത്‌റോബ് ധരിച്ചാണ് ഹാര്‍ദിക് ഹോട്ടലിനുള്ളിലൂടെ നടക്കുന്നതെന്നാണ് ആരാധകരെ അമ്പരിപ്പിച്ചത്. ഇതോടെ ഇതു സംബന്ധിച്ച് ചര്‍ച്ച സമൂഹമാധ്യമങ്ങളില്‍ കൊഴുത്തു. എന്നാല്‍ ഹാര്‍ദിക്കിനെ സന്ദര്‍ശിക്കാനെത്തിയ മഹികയെ ടീം ഹോട്ടലില്‍നിന്നു യാത്രയാക്കാനാകും ഹാര്‍ദിക് ആ വേഷത്തിലെത്തിയതെന്നാണ് കരുതുന്നത്.

വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതിന് തൊട്ടുപിന്നാലെ, ഹാര്‍ദിക് പുതിയൊരു ടാറ്റൂ കുത്തിയ വാര്‍ത്തയും പുറത്തുവന്നു. വാലന്റൈന്‍സ് ദിനത്തോട് അനുബന്ധിച്ചാണ് താരം പുതിയ പച്ചക്കുത്തിയത്. കഴുത്തിനു പിന്നിലുള്ള ടാറ്റൂവില്‍ രണ്ട് പുള്ളിപ്പുലികളും മഹികയുടെ പേരിന്റെ ആദ്യാക്ഷരമായ 'എം' ഉം ആണുള്ളത്. ഇരുവരും തമ്മിലുള്ള ബന്ധത്തിന്റെ പ്രതീകമാണ് രണ്ടു പുള്ളിപ്പുലികളും.

2025 ഒക്ടോബറില്‍, ഹാര്‍ദിക്കിന്റെ ജന്മദിനത്തിലാണ് മഹികയുമായുള്ള പ്രണയം താരം സ്ഥിരീകരിച്ചത്. ജന്മദിനാഘോഷത്തിനായി വിദേശത്ത് ഒരുമിച്ചു പോയതിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയും ചെയ്തു. മഹിക, പങ്കുവച്ച ഒരു ചിത്രത്തില്‍ ഹാര്‍ദിക് പാണ്ഡ്യയുടെ ജഴ്‌സി നമ്പറായ 33 പ്രത്യക്ഷപ്പെട്ടതോടെയാണ് ഇരുവരും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങള്‍ ആദ്യമായി ഉയരുന്നത്. ഇരുവരും സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച ചിത്രങ്ങളില്‍ പലതും ഒരേ സ്ഥലങ്ങളില്‍നിന്നുള്ളതായിരുന്നെന്നും ആരാധകര്‍ കണ്ടെത്തി.

ഏഷ്യ കപ്പിനിടെ പരുക്കേറ്റ ഹാര്‍ദിക്, ന്യൂസീലന്‍ഡിനെതിരായ ട്വന്റി20 പരമ്പരയ്ക്കാണ് ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തിയത്. നിലവില്‍ ഉഗ്രന്‍ ഫോമിലുള്ള താരം, നമീബിയക്കെതിരായ മത്സരത്തില്‍ പ്ലെയര്‍ ഓഫ് ദ് മാച്ചായിരുന്നു. അര്‍ധസെഞ്ചറി കൂടാതെ ബോളിങ്ങില്‍ രണ്ടു വിക്കറ്റും താരം വീഴ്ത്തി.

Similar News