നാല് സിക്സറും എട്ട് ഫോറുകളും അടക്കം 44 പന്തില്‍ 86 റണ്‍സ്; മുന്നില്‍ നിന്ന് പട നയിച്ച് ക്യാപ്റ്റന്‍ എയ്ഡന്‍ മാര്‍ക്രം; ന്യൂസിലാന്‍ഡിനെ ഏഴ് വിക്കറ്റിന് കീഴടക്കി ദക്ഷിണാഫ്രിക്കയ്ക്ക് മൂന്നാം ജയം
അഹമ്മദബാദ്: ട്വന്റി 20 ലോകകപ്പിലെ ഗ്രൂപ്പ് ഡി യിലെ സൂപ്പര്‍ പോരാട്ടത്തില്‍ ന്യൂസിലാന്‍ഡിനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് ദക്ഷിണാഫ്രിക്ക. ക്യാപ്റ്റന്‍ എയ്ഡന്‍ മാര്‍ക്രത്തിന്റെ വെടിക്കെട്ട് ഇന്നിങ്സാണ് പ്രോട്ടീസിന് തുണയായത്. ആദ്യം ബാറ്റ് ചെയ്ത് ന്യൂസിലാന്‍ഡ് മുന്നോട്ടുവെച്ച ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സ് എന്ന വിജയലക്ഷ്യം 17 പന്തുകള്‍ ബാക്കിനില്‍ക്കെ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ പ്രോട്ടീസ് മറികടക്കുകയായിരുന്നു.
മാര്‍ക്രം 44 പന്തില്‍ നാല് സിക്സറും എട്ട് ഫോറുകളും അടക്കം 86 റണ്‍സുമായി പുറത്താകാതെ നിന്നു. ഡീ കോക്ക് (20 ), റയാന്‍ റിക്കില്‍ട്ടന്‍(21 ), ഡെവാള്‍ഡ് ബ്രവിസ്(21 ), ഡേവിഡ് മില്ലര്‍(24*) എന്നിവരും ഭേദപ്പെട്ട സംഭാവന നല്‍കി.
നേരത്തെ ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ കിവികള്‍ക്ക് വേണ്ടി മാര്‍ക്ക് ചാംപ്മാന്‍ 48 റണ്‍സും ഡാരില്‍ മിച്ചല്‍ 32 റണ്‍സും ഫിന്‍ അലന്‍ 31 റണ്‍സും നേടി. പ്രോട്ടീസിന് വേണ്ടി മാര്‍ക്കോ യാന്‍സണ്‍ നാല് വിക്കറ്റ് നേടി. ജയത്തോടെ മൂന്ന് മത്സരങ്ങളും ജയിച്ച് ദക്ഷിണാഫ്രിക്ക ഗ്രൂപ്പ് ഡി യില്‍ ആറ് പോയിന്റുമായി ഒന്നാമതെത്തി. മൂന്ന് മത്സരങ്ങളില്‍ നിന്ന് രണ്ട് ജയവുമായി ന്യൂസിലാന്‍ഡ് രണ്ടാമതാണ്.