ബാറ്റിങ് വെടിക്കെട്ടുമായി ക്യാപ്റ്റന്‍ ഷായ് ഹോപ്പ്; പിന്തുണച്ച് ഷിംറോണ്‍ ഹെറ്റ്മയര്‍; നേപ്പാളിനെ ഒന്‍പത് വിക്കറ്റിന് തകര്‍ത്തു; സൂപ്പര്‍ എട്ടില്‍ കടക്കുന്ന ആദ്യ ടീമായി വെസ്റ്റിന്‍ഡീസ്
മുംബൈ: ട്വന്റി 20 ലോകകപ്പില്‍ ഗ്രൂപ്പ് സിയിലെ മത്സരത്തില്‍ നേപ്പാളിനെ ഒമ്പത് വിക്കറ്റിന് തോല്‍പ്പിച്ച് സൂപ്പര്‍ എട്ടില്‍ കടക്കുന്ന ആദ്യ ടീമായി വെസ്റ്റിന്‍ഡീസ്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത നേപ്പാള്‍ 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 133 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസ് 15.2 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. 44 പന്തില്‍ നിന്ന് മൂന്ന് സിക്സും അഞ്ച് ഫോറുമടക്കം 61 റണ്‍സോടെ പുറത്താകാതെ നിന്ന ക്യാപ്റ്റന്‍ ഷായ് ഹോപ്പ്, 32 പന്തില്‍ നിന്ന് രണ്ട് സിക്സും നാല് ഫോറുമടക്കം 46 റണ്‍സോടെ പുറത്താകാതെ നിന്ന ഷിംറോണ്‍ ഹെറ്റ്മയര്‍ എന്നിവരുടെ ഇന്നിങ്സുകളാണ് വിന്‍ഡീസിന്റെ ജയം എളുപ്പമാക്കിയത്. 17 പന്തില്‍ നിന്ന് 22 റണ്‍സെടുത്ത ബ്രാന്‍ഡന്‍ കിങ്ങിന്റെ വിക്കറ്റാണ് വിന്‍ഡീസിന് നഷ്ടമായത്.
ഓപ്പണിങ് വിക്കറ്റില്‍ ബ്രാന്‍ഡന്‍ - ഷായ് ഹോപ്പ് സഖ്യം 33 പന്തില്‍ നിന്ന് 43 റണ്‍സും രണ്ടാം വിക്കറ്റില്‍ ഷായ് ഹോപ്പ് - ഹെറ്റ്മയര്‍ സഖ്യം 59 പന്തില്‍ നിന്ന് 91 റണ്‍സും കൂട്ടിച്ചേര്‍ത്തു. ഗ്രൂപ്പ് സിയില്‍ മൂന്ന് കളികളില്‍ മൂന്നും ജയിച്ച് ആറ് പോയന്റോടെയാണ് വിന്‍ഡീസിന്റെ സൂപ്പര്‍ 8 പ്രവേശനം. ഇറ്റലിക്കെതിരെയാണ് വിന്‍ഡീസിന്റെ അവസാന ഗ്രൂപ്പ് മത്സരം.
നേരത്തെ വന്‍ തകര്‍ച്ചയോടെ തുടങ്ങിയ നേപ്പാളിനെ ദിപേന്ദ്ര സിങാണ് ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്. താരം 47 പന്തില്‍ മൂന്ന് സികസറും മൂന്ന് ഫോറുകളും അടക്കം 58 റണ്‍സ് നേടി. 15 പന്തില്‍ 26 റണ്‍സ് നേടി സോമപാല്‍ കാമിയും സംഭാവന നല്‍കി. ഖുശാല്‍ ഭുര്‍ട്ടെല്‍ (1), ആസിഫ് ഷെയ്ഖ് (11), ക്യാപ്റ്റന്‍ രോഹിത് പൗഡെല്‍ (5), ആരിഫ് ഷെയ്ഖ് (2), ലോകേഷ് ബാം (13) എന്നിവരെല്ലാം നിരാശപ്പെടുത്തി. നാല് ഓവറില്‍ 27 റണ്‍സിന് നാലു വിക്കറ്റ് വീഴ്ത്തിയ ജേസണ്‍ ഹോള്‍ഡറാണ് നേപ്പാളിനെ തകര്‍ത്തത്. വിജയത്തോടെ മൂന്ന് മത്സരങ്ങളും ജയിച്ച് ആറ് പോയിന്റോടെ വിന്‍ഡീസ് സൂപ്പര്‍ എട്ട് ഉറപ്പിച്ചു. മൂന്ന് മത്സരങ്ങളും തോറ്റ നേപ്പാളിന്റെ പ്രതീക്ഷകള്‍ അസ്തമിക്കുകയും ചെയ്തു.