ആറ് സിക്സും നാല് ഫോറുമായി ബെന്‍ മനേന്റിയുടെ ബാറ്റിങ് വെടിക്കെട്ട്; പിന്തുണച്ച് ഗ്രാന്റ് സ്റ്റെവാര്‍ട്ടും; ഇംഗ്ലണ്ടിനെ വിറപ്പിച്ച് ഇറ്റലിയുടെ വീരോചിത പോരാട്ടം; മുന്‍ ലോകചാമ്പ്യന്മാര്‍ക്ക് നിറം മങ്ങിയ ജയം

Update: 2026-02-16 13:52 GMT

കൊല്‍ക്കത്ത: ട്വന്റി 20 ലോകകപ്പില്‍ ഇറ്റാലിയന്‍ ബാറ്റര്‍മാരുടെ വീരോചിത പോരാട്ടത്തില്‍ വിറച്ച മുന്‍ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിന് നിറം മങ്ങിയ ജയം. ഇംഗ്ലണ്ട് ഉയര്‍ത്തിയ കൂറ്റന്‍ ലക്ഷ്യത്തോട് അടുത്തെത്തിയ ശേഷമാണ് ഇറ്റലി പരാജയം സമ്മതിച്ചത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 202 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ ഇറ്റലിയുടെ ഇന്നിങ്സ് 178-ല്‍ അവസാനിച്ചതോടെ ഇംഗ്ലണ്ടിന് 24 റണ്‍സ് ജയം.

ഇറ്റലിക്കായി ബെന്‍ മനേന്റി 25 പന്തില്‍ 60 റണ്‍സും നേടി. ആര് സിക്സും നാല് ഫോറും അടങ്ങുന്നതാണ് മനേന്റിയുടെ ഇന്നിങ്സ്. 23 പന്തില്‍ അഞ്ച് സിക്സും രണ്ട് ബൗണ്ടറിയും സഹിതം 45 റണ്‍സ് നേടിയ ഗ്രാന്റ് സ്റ്റെവാര്‍ട്ടും ഇറ്റാലിയന്‍ നിരയില്‍ മികച്ചുനിന്നു. നാലാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 92 റണ്‍സിന്റെ കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. 11 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ഇറ്റലി നൂറ് റണ്‍സ് പിന്നിട്ടതോടെ ഇംഗ്ലണ്ട് പരാജയം മണത്തിരുന്നു.

തകര്‍പ്പന്‍ ബാറ്റിങ് പ്രകടനം കാഴ്ചവെച്ച വില്‍ ജാക്സാണ് പ്ലെയര്‍ ഓഫ് ദി മാച്ച്. ഇറ്റാലിയന്‍ താരം ബെന്‍ മനേന്റിയുടെ വെടിക്കെട്ട് നിറഞ്ഞ അര്‍ധസെഞ്ചുറി പ്രകടനം മത്സരം വിജയിപ്പിക്കാന്‍ ഉപകരിച്ചില്ല. 22 പന്തില്‍ മൂന്ന് ഫോറും നാല് സിക്സും സഹിതം 53 റണ്‍സ് നേടിയ ജാക്സാണ് ഇംഗ്ലണ്ടിന്റെ സൂപ്പര്‍ ഹീറോ.

ഇംഗ്ലണ്ടിനായി ടോം ബാന്റം (30), ഫില്‍ സാള്‍ട്ട് (28), സാം കറന്‍ (25), ജേക്കബ് ബെതല്‍ (23) എന്നിവരും തിളങ്ങി. ഇറ്റലിക്കായി ഗ്രാന്റ് സ്റ്റെവാര്‍ട്ട്, ക്രിഷന്‍ കലുഗമേജ് എന്നിവര്‍ രണ്ടുവീതം വിക്കറ്റുകള്‍ വീഴ്ത്തി. നാലോവറില്‍ ഒരു മെയ്ഡനടക്കം 18 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് വീഴഅത്തിയ ഇംഗ്ലണ്ടിന്റെ ജെമീ ഓവര്‍ട്ടന്‍ ആണ് ബൗളര്‍മാരില്‍ മികച്ചുനിന്നത്. സാം കറന്‍ മൂന്നോവറില്‍ 22 റണ്‍സ് വിട്ടുനല്‍കി മൂന്നും ജോഫ്ര ആര്‍ച്ചര്‍ രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.

അഫ്ഗാനിസ്താന് ആദ്യ ജയം; യു.എ.ഇ പുറത്ത്

ന്യൂഡല്‍ഹി: ട്വന്റി20 ലോകകപ്പില്‍ യു.എ.ഇക്കെതിരെ അഫ്ഗാനിസ്താന് അഞ്ച് വിക്കറ്റ് വിജയം. ഓള്‍റൗണ്ടര്‍ അസ്മത്തുള്ള ഒമര്‍സായിയുടെ പ്രകടനമാണ് അഫ്ഗാനിസ്താന്റെ വിജയത്തില്‍ നിര്‍ണായകമായത്. നാലോവറില്‍ 15 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റുകള്‍ വീഴ്ത്തിയ ഒമര്‍സായി, ബാറ്റിങ്ങിലും തിളങ്ങി. പുറത്താകാതെ 40 റണ്‍സ് നേടിയ താരം ടീമിനെ വിജയതീരത്ത് എത്തിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചു.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത യു.എ.ഇ നിശ്ചിത 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സെടുത്തു. സൊഹൈബ് ഖാന്റെ (48 പന്തില്‍ 68 ) അര്‍ധ ശതകമാണ് യു.എ.ഇയെ ഭേദപ്പെട്ട സ്‌കോറില്‍ എത്തിച്ചത്. അലിഷാന്‍ ഷറഫു 40 റണ്‍സ് നേടി. അഫ്ഗാന്‍ നിരയില്‍ ഒമര്‍സായിക്ക് പുറമെ മുജീബ് ഉര്‍ റഹ്‌മാനും മികച്ച രീതിയില്‍ പന്തെറിഞ്ഞു.

161 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ അഫ്ഗാനിസ്താന് തുടക്കത്തില്‍ തന്നെ ഓപണര്‍ റഹ്‌മാനുള്ള ഗുര്‍ബാസിനെ (പൂജ്യം) നഷ്ടമായി. എന്നാല്‍ ഇബ്രാഹിം സദ്രാന്‍ (41 പന്തില്‍ 53) ഇന്നിങ്‌സ് നയിച്ചു. ദര്‍വിഷ് റസൂലി 33 റണ്‍സ് നേടി മികച്ച പിന്തുണ നല്‍കി. അവസാന ഓവറുകളില്‍ ഒമര്‍സായി തകര്‍ത്തടിച്ചതോടെ 19.2 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ അഫ്ഗാനിസ്താന്‍ ലക്ഷ്യം കണ്ടു.

ടൂര്‍ണമെന്റിലെ ആദ്യ ജയത്തോടെ ഗ്രൂപ്പ് ഡിയില്‍ അഫ്ഗാനിസ്താന്‍ മൂന്നാം സ്ഥാനത്തെത്തി. ആറ് പോയിന്റുള്ള ദക്ഷിണാഫ്രിക്ക ഒന്നാം സ്ഥാനത്തും ന്യൂസിലന്‍ഡ് രണ്ടാം സ്ഥാനത്തുമാണ്. അഫ്ഗാനിസ്താന്റെ ഈ ജയത്തോടെ ദക്ഷിണാഫ്രിക്കയുടെ സൂപ്പര്‍ 8 പ്രവേശനം ഉറപ്പായി. യു.എ.ഇ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

Similar News