ബാറ്റിങ് വെടിക്കെട്ടുമായി ഇഷാന്‍ കളിയിലെ താരമായി; പന്തുകൊണ്ട് തിളങ്ങിയത് ഹാര്‍ദ്ദികും; എന്നാല്‍ ഡ്രസ്സിംഗ് റൂമില്‍ എത്തിയപ്പോള്‍ ഇന്ത്യയുടെ ഇംപാക്ട് പ്ലേയറായത് ശിവം ദുബെ; ഫിനിഷിംഗിലെ മികവും ഫീല്‍ഡിംഗും എടുത്തുപറഞ്ഞ് ടീം ഫിസിയോ

Update: 2026-02-16 16:16 GMT

കൊളംബോ: ട്വന്റി 20 ലോകകപ്പിലെ ആവേശകരമായ പോരാട്ടത്തില്‍ പാക്കിസ്ഥാനെ 61 റണ്‍സിന് തകര്‍ത്ത് ഇന്ത്യ സൂപ്പര്‍-8ല്‍ എത്തിയതിന്റെ ആഘോഷത്തിലാണ് ടീം അംഗങ്ങളും ആരാധകരും. ബാറ്റുകൊണ്ട് വിസ്മയം തീര്‍ത്ത ഇഷാന്‍ കിഷനും പന്തുകൊണ്ട് തിളങ്ങിയ ഹാര്‍ദ്ദിക് പാണ്ഡ്യയുമാണ് ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായകമായത്.

എന്നാല്‍ മത്സരശേഷം ഇന്ത്യന്‍ ഡ്രസ്സിംഗ് റൂമില്‍വെച്ച് നല്‍കുന്ന ഇംപാക്ട് പ്ലേയര്‍ സ്വന്തമാക്കിയത് ഇഷാനോ ഹാര്‍ദ്ദിക്കോ ആയിരുന്നില്ല എന്നതാണ് ശ്രദ്ധേയം. ബാറ്റിംഗിലും ഫീല്‍ഡിംഗിലും നിര്‍ണ്ണായക പ്രകടനം കാഴ്ചവെച്ച ഓള്‍ റൗണ്ടര്‍ ശിവം ദുബെയാണ് ഡ്രസിംഗ് റൂമിലെ 'ഇംപാക്ട് പ്ലെയര്‍' മെഡല്‍ സ്വന്തമാക്കിയത്. ഹാര്‍ദിക്കിന്റെയും കിഷന്റെയും ബുമ്രയുടെയുമെല്ലാം മികച്ച പ്രകടനങ്ങളെ മറികടന്നാണ് ദുബെ ഈ അംഗീകാരം നേടിയത്. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ഫിനിഷിംഗിലെ മികവും ഫീല്‍ഡിംഗിലെ മിന്നല്‍ ക്യാച്ചുകളുമായിരുന്നു താരത്തിന് അംഗീകാരം നേടിക്കൊടുത്തത്.

മത്സരശേഷം കൊളംബോയിലെ ആര്‍. പ്രേമദാസ സ്റ്റേഡിയത്തിലെ ഡ്രസിംഗ് റൂമില്‍ വെച്ച് നടന്ന ചടങ്ങില്‍ ടീം ഫിസിയോ യോഗേഷ് കുമാറാണ് മെഡല്‍ ജേതാവിനെ പ്രഖ്യാപിച്ചത്. സിക്‌സറുകള്‍ അടിക്കുന്നതിലും നിര്‍ണ്ണായകമായ ക്യാച്ചുകള്‍ എടുക്കുന്നതിലും ഇദ്ദേഹം മിടുക്കനാണ്. തന്റെ ഭക്ഷണക്രമത്തിന്‍രെ കാര്യത്തിലും ഇദ്ദേഹം വളരെ ശ്രദ്ധാലുവാണ്. ബാറ്റിംഗിലും ഫീല്‍ഡിംഗിലും ഇന്നത്തെ മത്സരത്തില്‍ അദ്ദേഹം വലിയ സ്വാധീനം ചെലുത്തി എന്നു പറഞ്ഞാണ് ശിവം ദുബെയുടെ പേര് യോഗേഷ് കുമാര്‍ പ്രഖ്യാപിച്ചത്.

മെഡല്‍ സ്വീകരിച്ച ശേഷം സംസാരിക്കവെ, തന്റെ ഫീല്‍ഡിംഗ് നിലവാരം മെച്ചപ്പെടുത്തിയതിന് ഇന്ത്യന്‍ ഫീല്‍ഡിംഗ് കോച്ച് ടി. ദിലീപിനാണ് ദുബെ നന്ദി പറഞ്ഞു. ഇതൊരു പ്രധാനപ്പെട്ട മത്സരമായിരുന്നു. നിര്‍ണ്ണായക റണ്‍സ് നേടാനും രണ്ട് ക്യാച്ചുകള്‍ എടുക്കാനും എനിക്ക് സാധിച്ചു. ഇതിനെല്ലാം പിന്നില്‍ എന്റെ പ്രചോദനമായ ദിലീപ് സാറാണ്- ദുബെ പറഞ്ഞു. മത്സരത്തില്‍ 17 പന്തില്‍ 27 റണ്‍സ് നേടിയ ദുബെ, ഫീല്‍ഡിംഗില്‍ രണ്ട് സുപ്രധാന ക്യാച്ചുകളും കൈക്കലാക്കിയിരുന്നു. ഇന്ത്യന്‍ ഡ്രസിംഗ് റൂമിലെ ഈ മെഡല്‍ ദാന ചടങ്ങ് ബിസിസിഐ തങ്ങളുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴി പങ്കുവെച്ചിരുന്നു.

Similar News