ബാബറിന്റെയും ഷഹീന്റെയും ലോകകപ്പ് സ്വപ്‌നങ്ങള്‍ തീര്‍ന്നു? നമീബിയയ്ക്കെതിരെ സൂപ്പര്‍ താരങ്ങള്‍ പുറത്തേക്ക്; യുവതാരങ്ങള്‍ കളിക്കും; ഇന്ത്യയോടേറ്റ നാണംകെട്ട തോല്‍വിയില്‍ നടപടിയുമായി പിസിബി; നഖ്വിയുടെ കസേര തെറിക്കുമോ? പാക്ക് ക്രിക്കറ്റിനെ പിടിച്ചുലച്ച് 'ദേശീയ ദുരന്തം'

Update: 2026-02-16 16:55 GMT

കൊളംബോ: ട്വന്റി 20 ലോകകപ്പില്‍ കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തില്‍ ഇന്ത്യയോടേറ്റ 61 റണ്‍സിന്റെ നാണംകെട്ട തോല്‍വിയുടെ ആഘാതത്തിലാണ് പാക്കിസ്ഥാന്‍. നിര്‍ണായക മത്സരത്തില്‍ പരാജയപ്പെട്ടതോടെ പാക്ക് ടീമിന്റെ സൂപ്പര്‍ 8 മോഹങ്ങള്‍ തുലാസിലാണ്. ഇതിനിടെ ഇന്ത്യയോട് പരാജയപ്പെട്ടതോടെ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനെ (PCB)തിരെ വിമര്‍ശനം കടുക്കുകയാണ്. മുഖം രക്ഷിക്കാന്‍ നിര്‍ണ്ണായക മത്സരങ്ങളില്‍ പരാജയപ്പെടുന്ന 'സീനിയര്‍ ശാപം' അവസാനിപ്പിക്കാന്‍ കര്‍ക്കശമായ നടപടികളിലേക്ക് പിസിബി നീങ്ങുമെന്നാണ് സൂചന.

നമീബിയയ്‌ക്കെതിരായ അടുത്ത മത്സരത്തില്‍ മുന്‍ ക്യാപ്റ്റന്‍ ബാബര്‍ അസമിനെയും പ്രീമിയര്‍ പേസര്‍ ഷഹീന്‍ ഷാ അഫ്രീദിയെയും ടീമില്‍ നിന്ന് ഒഴിവാക്കാന്‍ മാനേജ്മെന്റ് തീരുമാനിച്ചതായാണ് സൂചന. ഇന്ത്യക്കെതിരായ ഹൈ-വോള്‍ട്ടേജ് പോരാട്ടത്തില്‍ ഇരുവരും ദയനീയ പരാജയമായതോടെയാണ് നീക്കത്തിന് പിന്നില്‍. വമ്പന്‍ സ്‌കോറുകള്‍ പിന്തുടരുമ്പോള്‍ ബാബര്‍ പരാജയപ്പെടുന്നത് പതിവാകുന്നു. തുടക്കത്തില്‍ വിക്കറ്റുകള്‍ വീഴ്ത്തുന്നതില്‍ ഷഹീന്‍ പരാജയപ്പെടുന്നത് ടീമിനെ സമ്മര്‍ദ്ദത്തിലാക്കുന്നു എന്നാണ് ടീമുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

പിസിബി ചെയര്‍മാന്‍ മൊഹ്സിന്‍ നഖ്വി ടീമിന്റെ പ്രകടനത്തില്‍ അങ്ങേയറ്റം അസംതൃപ്തനാണ്. ഇന്ത്യ പരാജയം ഉറപ്പാക്കിയതോടെ മത്സരം അവസാനിക്കുന്നതിന് മുന്‍പേ അദ്ദേഹം സ്റ്റേഡിയം വിട്ടിരുന്നു. ടീം മാനേജര്‍ നവേദ് അക്രം ചീമ വഴി അദ്ദേഹം നല്‍കിയ സന്ദേശം വ്യക്തമാണ്: 'പ്രധാനപ്പെട്ട മത്സരങ്ങളിലെ ഇത്തരം പ്രകടനങ്ങള്‍ മനസ്സിലാക്കാന്‍ കഴിയുന്നതല്ല, അംഗീകരിക്കാനുമാവില്ല.' പിസിബിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ മുഖേന കടുത്ത ഭാഷയിലാണ് ചെയര്‍മാന്‍ തന്റെ അതൃപ്തി ടീമിനെ അറിയിച്ചിരിക്കുന്നത്.

പാക് ക്രിക്കറ്റിലെ പുതിയ പ്രതിസന്ധി

നേരത്തെ നഖ്വി നടത്തിയ 'ഫീല്‍ഡ് മാര്‍ഷല്‍' പരാമര്‍ശം സൈനിക നേതൃത്വത്തെ ചൊടിപ്പിച്ചത് വലിയ വാര്‍ത്തയായിരുന്നു. അതിന് പിന്നാലെ ഇന്ത്യയോടേറ്റ ഈ തോല്‍വി കൂടി വന്നതോടെ നഖ്വിക്കും ടീമിനും മേല്‍ സമ്മര്‍ദ്ദം ഇരട്ടിയായിരിക്കുകയാണ്. കേവലം ഒരു തോല്‍വി എന്നതിലുപരി, പാകിസ്ഥാനില്‍ ഇത് ഒരു 'ദേശീയ ദുരന്തം' പോലെയാണ് ചര്‍ച്ച ചെയ്യപ്പെടുന്നത്. ഇന്ത്യയോടേറ്റ 61 റണ്‍സിന്റെ പരാജയം പാകിസ്ഥാന്‍ ക്രിക്കറ്റില്‍ വെറുമൊരു തോല്‍വിയല്ല, വലിയൊരു ശുദ്ധീകരണ കലശത്തിന്റെ തുടക്കമായി മാറിയിരിക്കുകയാണ്. ടീമിലെ സൂപ്പര്‍ താരങ്ങളായ ബാബര്‍ അസമിനെയും ഷഹീന്‍ ഷാ അഫ്രീദിയെയും ബെഞ്ചിലിരുത്താന്‍ മാനേജ്മെന്റ് തീരുമാനിച്ചതോടെ പാക് ക്രിക്കറ്റ് ലോകം ഞെട്ടലിലാണ്.

മത്സരത്തിന് ശേഷം ഡ്രസ്സിംഗ് റൂമില്‍ ഹെഡ് കോച്ച് മൈക്ക് ഹെസ്സന്‍ താരങ്ങളോട് നേരിട്ട് അതൃപ്തി രേഖപ്പെടുത്തി. താരങ്ങള്‍ അവരുടെ പൂര്‍ണ്ണ ശേഷിക്കൊത്ത് കളിച്ചില്ലെന്നും ഉത്തരവാദിത്തം കാണിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇതിന് പിന്നാലെ രാത്രി വൈകി നടന്ന മാനേജ്മെന്റ് യോഗത്തിലാണ് കടുത്ത തീരുമാനങ്ങളുണ്ടായത്. ബുധനാഴ്ച നമീബിയയ്‌ക്കെതിരെ നടക്കുന്ന മത്സരത്തില്‍ ബാബറിനും ഷഹീനും പകരം ഫഖര്‍ സമന്‍, നസീം ഷാ/സല്‍മാന്‍ മിര്‍സ എന്നിവരെ പരീക്ഷിക്കും. മധ്യനിരയില്‍ യുവതാരം ഖവാജ നാഫയെ ഉള്‍പ്പെടുത്തി ടീമിനെ അടിമുടി മാറ്റാനാണ് ഹെസ്സന്റെയും സംഘത്തിന്റെയും പദ്ധതി.

ലോകകപ്പ് കരിയര്‍ അവസാനിക്കുമോ?

ലഭിക്കുന്ന വിവരങ്ങള്‍ പ്രകാരം, നമീബിയയ്‌ക്കെതിരായ പുതിയ പരീക്ഷണം വിജയിക്കുകയാണെങ്കില്‍ ബാബര്‍ അസമിന്റെയും ഷഹീന്‍ അഫ്രീദിയുടെയും ഈ ലോകകപ്പിലെ ഇനിയുള്ള യാത്ര അവിടെ അവസാനിച്ചേക്കും. സൂപ്പര്‍-8 റൗണ്ട് ലക്ഷ്യമിടുന്ന പാകിസ്ഥാന് നമീബിയയ്‌ക്കെതിരായ വിജയം അനിവാര്യമാണ്. യുഎസ്എയെയും നെതര്‍ലന്‍ഡ്സിനെയും തോല്‍പ്പിച്ചെങ്കിലും ഇന്ത്യയോടേറ്റ പ്രഹരം ടീമിന്റെ ആത്മവിശ്വാസത്തെയും സമവാക്യങ്ങളെയും പാടെ തകര്‍ത്തിരിക്കുകയാണ്. ഈ മാറ്റങ്ങള്‍ വിജയിച്ചാല്‍ ബാബറിന്റെയും ഷഹീന്റെയും ലോകകപ്പ് യാത്ര അവിടെ തീരും.

Similar News