ഇന്ത്യയോട് തോറ്റു, യുഎസ്എ രണ്ടാമത്; സൂപ്പര്‍ 8 ഉറപ്പിക്കാന്‍ പാക്കിസ്ഥാന് ഇന്ന് 'ജീവന്മരണ' പോരാട്ടം; ബാബറിനും അഫ്രീദിക്കും പണികിട്ടുമോ? സൂപ്പര്‍ താരങ്ങളെ പുറത്തിരുത്താന്‍ പാക് നീക്കം; മഴ കളി മുടക്കിയാല്‍ ആര് കടക്കും?
കൊളംബോ: ഇന്ത്യക്കെതിരായ നിര്‍ണായക മത്സരത്തിലെ കനത്ത തോല്‍വിക്ക് പിന്നാലെ സൂപ്പര്‍ 8 ഉറപ്പിക്കാന്‍ ജീവന്‍ മരണ പോരാട്ടത്തിന് പാക്കിസ്ഥാന്‍. ബുധനാഴ്ച നടക്കുന്ന മത്സരത്തില്‍ നമീബിയയാണ് പാക്കിസ്ഥാന്റെ എതിരാളികള്‍. തോറ്റാല്‍ പുറത്താകുമെന്നിരിക്കേ സല്‍മാന്‍ ആഗയ്ക്കും സംഘത്തിനും അതിനിര്‍ണായകമാണ് മത്സരം. നാലു ഗ്രൂപ്പിലെ ഏഴു ടീമുകള്‍ നിലവില്‍ സൂപ്പര്‍ എട്ട് ഉറപ്പിച്ചിട്ടുണ്ട്. ഇന്ത്യ ഉള്‍പ്പെട്ട എ ഗ്രൂപ്പിലെ രണ്ടാമത്തെ ടീമിനെ മാത്രമാണ് ഇനി അറിയാനുള്ളത്.
ഗ്രൂപ്പ് എയില്‍ മൂന്ന് കളികളില്‍ മൂന്നും ജയിച്ച ഇന്ത്യ ആറു പോയന്റോടെയാണ് സൂപ്പര്‍ എട്ടിലെത്തിയത്. നാല് മത്സരങ്ങള്‍ പൂര്‍ത്തിയാക്കി നാല് പോയന്റ് നേടിയ യുഎസ്എയാണ് രണ്ടാമത്. മൂന്ന് കളികളില്‍ നിന്ന് നാല് പോയന്റ് തന്നെയുള്ള പാക്കിസ്ഥാന്‍ മൂന്നാം സ്ഥാനത്താണ്. -0.403 എന്ന മോശം നെറ്റ് റണ്‍റേറ്റാണ് പാക്കിസ്ഥാനെ മൂന്നാം സ്ഥാനത്താക്കിയത്.
സൂപ്പര്‍ എട്ടിലെത്താന്‍ നമീബിയക്കെതിരായ അവസാന ഗ്രൂപ്പ് മത്സരം പാക്കിസ്ഥാന് ജയിച്ചേ തീരു. മത്സരം ജയിക്കാനായാല്‍ നാല് കളികളില്‍ നിന്നായി ആറ് പോയന്റോടെ പാക്കിസ്ഥാന്‍ സൂപ്പര്‍ എട്ടിലെത്തും. രണ്ടാം മത്സരത്തില്‍ ഇന്ത്യയെ വിറപ്പിച്ച നമീബിയ മികച്ച പോരാട്ടവീര്യം പുറത്തെടുക്കുന്ന ടീമാണ്. നമീബിയ തിളങ്ങിയാല്‍ നേട്ടം യുഎസ്എയ്ക്കാണ്. പാക്കിസ്ഥാന്‍ പരാജയപ്പെട്ടാല്‍ നാല് കളികളില്‍ നിന്ന് നാല് പോയന്റുള്ള യുഎസ്എ നെറ്റ് റണ്‍റേറ്റിന്റെ ബലത്തില്‍ സൂപ്പര്‍ എട്ടിലെത്തും.
ഇനി എന്തെങ്കിലും കാരണം മൂലം പാക്കിസ്ഥാന്‍-നമീബിയ മത്സരം ഉപേക്ഷിച്ച് പോയന്റ് പങ്കുവെയ്ക്കേണ്ടി വന്നാലും പാക്കിസ്ഥാന്‍ സൂപ്പര്‍ എട്ടിലെത്തും. മത്സരം ഉപേക്ഷിച്ചാല്‍ പാക്കിസ്ഥാന് അഞ്ചുപോയിന്റാകും. അതോടെ യുഎസ്എയെ മറികടക്കാം. മത്സരത്തിന് മഴ ഭീഷണി നിലനില്‍ക്കുന്നുണ്ട്.
അതേ സമയം ടീമിലെ സൂപ്പര്‍ താരങ്ങളായ ബാബര്‍ അസമും ഷഹീന്‍ അഫ്രീദിയും ഫോമിലല്ലാത്തത് പാകിസ്ഥാനെ വലയ്ക്കുന്നുണ്ട്. സ്പിന്നര്‍മാര്‍ക്ക് മുന്നില്‍ ബാബര്‍ അസം വീണ്ടും പതറുന്നത് വലിയ ആശങ്കയാണ്. പവര്‍പ്ലേയിലും ഡെത്ത് ഓവറുകളിലും ഷഹീന്‍ അഫ്രീദി റണ്‍സ് വിട്ടുകൊടുക്കുന്നതും ടീമിന് തിരിച്ചടിയാവുന്നു. ഇരുവരുടെയും ടീമിലെ സ്ഥാനം പോലും ഇപ്പോള്‍ ചോദ്യം ചെയ്യപ്പെടുകയാണ്. ഇന്ന് നമീബിയക്കെതിരെ ഇരുവരെയും പാകിസ്ഥാന്‍ പുറത്തിരുത്തുമെന്നും റിപ്പോര്‍ട്ടുണ്ട്.
ടൂര്‍ണമെന്റില്‍ നിന്ന് ഇതിനോടകം പുറത്തായ നമീബിയയ്ക്ക് ഇത് അഭിമാന പോരാട്ടമാണ്. തുടര്‍ച്ചയായ മൂന്ന് തോല്‍വികള്‍ ഏറ്റുവാങ്ങിയ അവര്‍ക്ക് പാകിസ്ഥാനെ അട്ടിമറിച്ചുകൊണ്ട് ലോകകപ്പിനോട് വിടപറയാനാകും ശ്രമം.
