ഹാര്‍ദിക്കിന്റെ പവര്‍ഫുള്‍ ഷോട്ട് തടയാന്‍ നോക്കി; മുടന്തിക്കൊണ്ട് ഗ്രൗണ്ട് വിട്ട് സിറാജ്! സൂപ്പര്‍ 8ന് മുമ്പ് ഇന്ത്യക്ക് കനത്ത പ്രഹരം; ഇടതുകാല്‍ മുട്ടിനേറ്റ പരിക്ക് വില്ലനാകുമോ? ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ബുംറയ്‌ക്കൊപ്പം ഇനി ആര്? കിരീടപ്പോരിലേക്ക് നീങ്ങുമ്പോള്‍ ആരാധകര്‍ക്ക് ചങ്കിടിപ്പ്

Update: 2026-02-21 06:43 GMT

അഹമ്മദാബാദ്: ട്വന്റി 20 ലോകകപ്പിലെ സൂപ്പര്‍-8 പോരാട്ടത്തില്‍ ഞായറാഴ്ച ദക്ഷിണാഫ്രിക്കയെ നേരിടാനിരിക്കെ ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയായി പേസര്‍ മുഹമ്മദ് സിറാജിന്റെ പരിക്ക്. വെള്ളിയാഴ്ച അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന പരിശീലനത്തിനിടെയാണ് സിറാജിന് പരിക്കേറ്റത്. നെറ്റ്‌സില്‍ ഹാര്‍ദിക് പാണ്ഡ്യയുടെ കരുത്തുറ്റ ഷോട്ടുകള്‍ നേരിടവെയാണ് അപ്രതീക്ഷിതമായി അപകടം സംഭവിച്ചത്. പാണ്ഡ്യ തൊടുത്ത ഒരു പവര്‍ഫുള്‍ സ്‌ട്രൈറ്റ് ഡ്രൈവ് തടയാന്‍ ശ്രമിക്കുന്നതിനിടെ പന്ത് സിറാജിന്റെ ഇടത് കാല്‍മുട്ടില്‍ നേരിട്ട് കൊള്ളുകയായിരുന്നു. പന്തുകൊണ്ട ഉടന്‍ തന്നെ വേദനകൊണ്ട് പുളഞ്ഞ സിറാജ് ഗ്രൗണ്ടില്‍ ഇരുന്നു. ഉടന്‍ തന്നെ ഫിസിയോയും ഹാര്‍ദിക് പാണ്ഡ്യയുള്‍പ്പെടെയുള്ള സഹതാരങ്ങളും അടുത്തേക്ക് എത്തിയെങ്കിലും മുടന്തിക്കൊണ്ടാണ് താരം ഗ്രൗണ്ട് വിട്ടത്.

ഈ ലോകകപ്പില്‍ ഇന്ത്യയെ പരിക്കുകള്‍ വിടാതെ പിന്തുടരുകയാണ്. ഹര്‍ഷിത് റാണയ്ക്ക് പകരക്കാരനായി ടീമിലെത്തിയ സിറാജിന് കൂടി പരിക്കേറ്റത് പേസ് നിരയുടെ കരുത്ത് കുറയ്ക്കും. ജസ്പ്രീത് ബുംറ, അഭിഷേക് ശര്‍മ്മ: അസുഖങ്ങള്‍ കാരണം ഗ്രൂപ്പ് ഘട്ടത്തില്‍ ഓരോ മത്സരങ്ങള്‍ നഷ്ടമായിരുന്നു. വാഷിംഗ്ടണ്‍ സുന്ദര്‍ പരിക്കുമൂലം ആദ്യ മത്സരങ്ങളില്‍ നിന്ന് വിട്ടുനിന്നിരുന്നു. ഇതിന് പിന്നാലെയാണ് സിറാജിന് പരിക്കേറ്റിരിക്കുന്നത്. സിറാജ് പിന്നീട് പരിശീലനത്തിന് ഇറങ്ങിയെങ്കിലും 24 മണിക്കൂറിന് ശേഷം മാത്രമേ താരം കളിക്കുമോ എന്ന കാര്യത്തില്‍ വ്യക്തത വരൂ. സിറാജിന് വിശ്രമം നല്‍കുകയാണെങ്കില്‍ അര്‍ഷ്ദീപ് സിംഗും ബുംറയും തന്നെയാകും ഇന്ത്യയുടെ പ്രധാന പേസ് കരുത്ത്.

ഹര്‍ഷിദ് റാണക്ക് പകരം ടീമിലെത്തിയ സിറാജ് ഒരു മത്സരം മാത്രമാണ് കളിച്ചത്. അമേരിക്കക്കെതിരായ മത്സരത്തില്‍ മൂന്ന് വിക്കറ്റ് നേട്ടവുമായി താരം തിളങ്ങി. ശേഷം നടന്ന ഇന്ത്യയുടെ മറ്റു മൂന്ന് മത്സരങ്ങളിലും സിറാജ് കളിച്ചിരുന്നില്ല. തുടര്‍ന്നുള്ള മത്സരങ്ങളില്‍ ജസ്പ്രീത് ബുംറയും അര്‍ഷ്ദീപുമാണ് കളിച്ചത്. എങ്കിലും സിറാജിന്റെ കാല്‍മുട്ടിലെ വേദന ആശങ്ക സൃഷ്ടിക്കുന്നില്ലെന്നാണ് ടീം ക്യാമ്പില്‍ നിന്നുള്ള റിപ്പോര്‍ട്ട്.

സിറാജിന്റെ പരിക്ക് ആശങ്കയുണ്ടാക്കുന്നുണ്ടെങ്കിലും, സ്പിന്‍ മാന്ത്രികന്‍ വരുണ്‍ ചക്രവര്‍ത്തിയുടെ ഫോം ടീമിന് ആശ്വാസമാണ്. ബൗളിംഗ് കോച്ച് മോണി മോര്‍ക്കലിന്റെ വിശ്വസ്തനായ വരുണ്‍ നിലവില്‍ 9 വിക്കറ്റുകളുമായി വിക്കറ്റ് വേട്ടയില്‍ രണ്ടാം സ്ഥാനത്തുണ്ട്. ബുംറ നല്‍കുന്ന പിന്തുണയില്‍ വരുണ്‍ വിക്കറ്റുകള്‍ വാരിക്കൂട്ടുമെന്നാണ് ടീം മാനേജ്മെന്റിന്റെ പ്രതീക്ഷ. കഴിഞ്ഞ ട്വന്റി 20 ലോകകപ്പ് ഫൈനലിന്റെ ആവര്‍ത്തനമാണ് ഞായറാഴ്ച നടക്കാന്‍ പോകുന്നത്. ഗ്രൂപ്പ് ഘട്ടത്തില്‍ തോല്‍വി അറിയാതെ കുതിക്കുന്ന ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഏറ്റുമുട്ടുമ്പോള്‍ ജയം ആര്‍ക്കൊപ്പം നില്‍ക്കുമെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

Similar News