ഇതിനിയൊരിക്കലും ആവര്‍ത്തിക്കില്ലെന്ന് ബ്രാഡ്ഹോഗിന് ഓട്ടോഗ്രാഫ് നല്‍കിയ സച്ചിന്‍; സിഡ്നിയില്‍ കോലിയുടെ ക്യാച്ച് നഷ്ടമായപ്പോള്‍ സ്മിത്ത് പറഞ്ഞത് അടുത്ത സെഷനില്‍ കോലിയെ ഞങ്ങള്‍ പുറത്താക്കുമെന്ന്; രണ്ടും അതേ പോലെ നടന്നു; കോലി തെറ്റുകള്‍ ആവര്‍ത്തിക്കുമ്പോള്‍ സച്ചിന്റെ 'സിഡ്നി എപ്പിക്ക്' വീണ്ടും ചര്‍ച്ചകളില്‍
കോലി തെറ്റുകള്‍ ആവര്‍ത്തിക്കുമ്പോള്‍ സച്ചിന്റെ 'സിഡ്നി എപ്പിക്ക്' വീണ്ടും ചര്‍ച്ചകളില്‍
സിഡ്നി: ഒരിക്കല്‍ കൂടി വിരാട് കോഹ്ലി തന്റെ തെറ്റ് ആവര്‍ത്തിച്ച് സമാനരീതിയില്‍ ഔട്ടായപ്പോള്‍ വീണ്ടും സച്ചിന്‍ ടെന്‍ഡുള്‍ക്കര്‍ വിരാട് കോഹ്ലി താരതമ്യം സമൂഹമാധ്യമങ്ങളിലും ക്രിക്കറ്റ് നിരീക്ഷകര്‍ക്കിടയിലും സജീവ ചര്‍ച്ചയായി മാറുകയാണ്.കോഹ്ലി വീണ്ടും ചെറിയ സ്‌കോറില്‍ പുറത്തായതിനേക്കാള്‍ ആരാധകരെപ്പോലും ചൊടിപ്പിക്കുന്നത് ഔട്ടായ രീതിയാണ്.ഈ അഞ്ചു ടെസ്റ്റുകളിലും ഒരേ രീതിയിലാണ് കോഹ്ലി ഓസ്്ട്രേലിയന്‍ കെണിയില്‍ വീണത്.തനിക്കായി എതിര്‍ ടീം ഒരുക്കിയ കെണിയില്‍ ഒരു തവണ വീണാല്‍ പിന്നീടൊരിക്കലും അതിന് അവസരം നല്‍കാത്ത സച്ചിനും തനിക്കായി ഒരുക്കുന്ന കെണിയില്‍ എപ്പോഴും വീണ് വിക്കറ്റ് കളയുന്ന കോഹ്ലിയുമെന്ന രീതിയിലാണ് ഇപ്പോള്‍ താരതമ്യം നടക്കുന്നത്.
2007 ലെ ഇന്ത്യ- ഓസ്ട്രേലിയ ഏകദിന പരമ്പരയില്‍ സച്ചിനെ ബൗള്‍ഡാക്കിയ ശേഷം ബ്രാഡ് ഹോഗ് എന്ന ഒസ്ട്രേലിയന്‍ സ്പിന്നര്‍ തന്റെ ആരാധനാ പാത്രം കൂടിയായ സച്ചിനോട് ഒരു ഓട്ടോഗ്രാഫ് ആവശ്യപ്പെട്ടിരുന്നു.അന്ന് തന്റെ ഒപ്പിനോപ്പം സച്ചിന്‍ ഹോഗിന് എഴുതി നല്‍കിയ വാചനം ഇത് ഇനി ഒരിക്കലും സംഭവിക്കില്ല ഹോഗി എന്നായിരുന്നു.പിന്നീട് ഒരിക്കല്‍ പോലും കരിയറില്‍ സച്ചിനെ പുറത്താക്കാന്‍ ഹോഗിന് സാധിച്ചില്ല.ഇതിനോട് ചേര്‍ത്ത് വായിക്കാന്‍ പറ്റുന്നതായിരുന്നു ഒസ്ട്രേലിയന്‍ താരം സ്റ്റീവ് സ്മിത്തിന്റെ ഇന്നലത്തെ പ്രതികരണം.സിഡ്നി ടെസ്റ്റില്‍ ലഞ്ചിന് തൊട്ടുമുന്നെയുള്ള സെഷനില്‍ കോഹ്ലിയുടെ ക്യാച്ച് എടുത്തെങ്കിലും നിലത്ത് തൊട്ടതിനാല്‍ അമ്പയര്‍ നോട്ടൗട്ട് വിധിക്കുന്നു.
ഉച്ചഭക്ഷണത്തിന് പിരിഞ്ഞ സമയത്ത് ഇതേപ്പറ്റി ചോദിച്ചപ്പോള്‍ സ്മിത്ത് പറഞ്ഞത് അതില്‍ ഞങ്ങള്‍ക്ക് സങ്കടമില്ല കോഹ്ലിയെ അടുത്ത സെഷനില്‍ തന്നെ ഞങ്ങള്‍ പുറത്താക്കുമെന്ന്.കോഹ്ലിയുടെ ബലഹീനതയെക്കുറിച്ച് അത്രയെറെ ഉറപ്പ് ഓസ്ട്രേലിയക്ക് ഉണ്ടായിരുന്നുവെന്ന് ഉറപ്പിക്കുന്നതായിരുന്നു അ മറുപടി.അടുത്ത സെഷനില്‍ അക്ഷരം പ്രതി അത് സംഭവിക്കുകയും ചെയ്തു.സമാനരീതിയില്‍ തന്നെ കോഹ്ലിയെ കെണിയില്‍പ്പെടുത്തി ഓസ്ട്രേലിയ വീഴ്ത്തുകയും ചെയ്തു.ഈ സാഹചര്യത്തിലാണ് സച്ചിന്റെ സിഡ്നി എപ്പിക്ക് വീണ്ടും ചര്‍ച്ചകളില്‍ നിറയുന്നത്.തിരുത്തലുകള്‍ക്ക് കഴിയാതെ വിരാട് കോഹ്ലിയുടെ ഫോം കൂടുതല്‍ മോശമായ അവസ്ഥയിലേക്ക് വീണു കൊണ്ടിരിക്കുകയാണ്. ഓഫ് സ്റ്റമ്പിന് പുറത്ത് വരുന്ന പന്തുകളില്‍ എഡ്ജ് നല്‍കി പുറത്താവുന്ന രീതി ആവര്‍ത്തിക്കപ്പെടുന്നു.
കോഹ്ലി എന്നല്ല ക്രിക്കറ്റില്‍ പൊതുവെ ഏതൊരു ബാറ്ററായാലും ഇതുപോലൊരു ഫോമില്ലായ്മയിലേക്ക് വീഴുമ്പോള്‍ സ്വാഭാവികമായി ഉയര്‍ന്നു വരുന്ന ഉദാഹരണം സച്ചിന്റെ സിഡ്നിയിലെ 241 റണ്‍സിന്റെ എപ്പിക് ഇന്നിങ്‌സാകുന്നതില്‍ ഒട്ടും അദ്ഭുതപ്പെടാനില്ല.തനിക്ക്്
മുന്നേയും ഒപ്പവും ശേഷവും വന്നവരില്‍ നിന്നു സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്ന ഇതിഹാസത്തെ വേര്‍തിരിച്ചു നിര്‍ത്തുന്ന ഘടകങ്ങളില്‍ ഏറ്റവും പ്രധാനമായതാണ് സിഡ്നി എപ്പിക്.മറ്റൊരു പ്രധാന കാര്യം ഇപ്പോള്‍ കോഹ്ലി നേരിടുന്നത് പോലൊരു സാഹചര്യം ടെണ്ടുല്‍ക്കര്‍ക്ക് അയാളുടെ ഗ്ലോറിയസ് കരിയറില്‍ ഒരിക്കലും നേരിടേണ്ടി വന്നിട്ടില്ല എന്നതാണ്.ഇവിടെയാണ് ആരായിരുന്നു സച്ചിന്‍ എന്നതിന്റെ വ്യക്തമായ ഉത്തരം ലഭിക്കുന്നത്.
സച്ചിന്റെ സിഡ്നി എപ്പിക്ക്
സച്ചിന്‍ ടെണ്ടുല്‍ക്കറുടെ കരിയറിലെ ഏറ്റവും മോശം സമയമായിരുന്നു 2003-2004 കാലഘട്ടം.2002 ഒക്റ്റോബറിന് ശേഷം ഒന്നര കൊല്ലത്തോളം ഒരു സെഞ്ച്വറി നേടാന്‍ പോലും സച്ചിന് സാധിച്ചിരുന്നില്ല.ഓഫ് സ്റ്റമ്പിന് പുറത്ത് വരുന്ന പന്ത് കളിക്കുമ്പോഴാണ് സച്ചിന്‍ കൂടുതലും ഔട്ടായിരുന്നത്.ഓസീസ് പര്യടനത്തില്‍ ഇത് മറികടക്കാന്‍ സച്ചിന്‍ ത്ന്നെ ഒരു തന്ത്രം മെനഞ്ഞു.കവര്‍ ഡ്രൈവ് കളിക്കില്ല. ആ ദൃഡനിശ്ചയം ഫലം കണ്ടു.2004ലെ ഇന്ത്യയും ഓസ്ട്രേലിയയും തമ്മില്‍ നടന്ന നാലാം ടെസ്റ്റില്‍ ഒരു കവര്‍ ഡ്രൈവുപോലും കളിക്കാതെ സച്ചിന്‍ നേടിയത് 241 റണ്‍സ്. ആ ഐതിഹാസിക ഇന്നിങ്സ് പിറന്നിട്ട് ജനുവരി 3 ന് 21 വര്‍ഷം പൂര്‍ത്തിയായിരിക്കുന്നു.
നിലവിലെ ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് നടക്കുന്ന സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ തന്നെയാണ് സച്ചിന്റെ ഈ ഇന്നിങ്സ് പിറന്നത്.436 പന്തില്‍ 241 റണ്‍സ് നേടിയ ഈ ഇന്നിങ്സ് സച്ചിന്റെ കരിയറിലെ തന്നെ മികച്ച ഒരു ഇന്നിങ്സായാണ് കണക്കാകപ്പെടുന്നത്.2003-04ലില്‍ നടന്ന ഇന്ത്യ-ഓസ്ട്രേലിയ പരമ്പരയിലെ ആദ്യ മൂന്ന് ടെസ്റ്റുകളിലെ ആറ് ഇന്നിങ്സിലും സച്ചിന് റണ്‍സ് കണ്ടെത്താന്‍ സാധിച്ചില്ല.0,1 ,37,0,44 എന്നിങ്ങനെ അദ്ദേഹത്തിന്റെ നിലവാരം വച്ച് തികച്ചും ശോചനീയമായ 5 ഇന്നിംഗ്‌സുകള്‍ക്ക് ശേഷമാണ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ 2004ല്‍ സിഡ്‌നിയിലെ നാലാം ടെസ്റ്റില്‍ ക്രീസിലെത്തുന്നത്.
നാലാം ടെസ്റ്റില്‍ ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ സച്ചിന്‍ ഓഫ് സ്റ്റമ്പിന് പുറത്ത് വരുന്ന ഒരു പന്തും കളിക്കേണ്ട എന്ന് തീരുമാനിച്ചു.തന്റെ ഇഷ്ട ഷോട്ടായ കവര്‍ ഡ്രൈവ് പൂര്‍ണമായും ഒഴിവാക്കിയാണ് സച്ചിന്‍ ആ ഒരു ഇന്നിങ്സ് കളിച്ചത്.ആദ്യ ദിനം 128 റണ്‍സിന് 2 വിക്കറ്റ് വീണപ്പോള്‍ ബാറ്റിങ്ങിനിറങ്ങിയ സച്ചിന്‍ ഒന്നാം ഇന്നിങ്‌സ് 705ന് 7 വിക്കറ്റെന്ന നിലയില്‍ ഡിക്ലയര്‍ ചെയ്യുമ്പോഴും ക്രീസ്ില്‍ ഉണ്ടായിരിന്നു
.അന്നത്തെ ഓസീസ് ബൗളിങ് നിരയായ ബ്രറ്റ് ലീ, ഗില്ലസ്പ്പീ, നാതന്‍ ബ്രാക്കന്‍ എന്നിവര്‍ സച്ചിനെ ഔട്ടാക്കാനായി ഓഫ് സ്റ്റമ്പിന് പുറത്ത് തന്നെ പന്ത് എറിഞ്ഞുകൊണ്ടിരുന്നു. എന്നാല്‍ സച്ചിന്‍ എല്ലാ പന്തും ലീവ് ചെയ്തു. ഓഫ് സ്റ്റമ്പില്‍ വരുന്ന പന്തുകള്‍ ലീവ് ചെയ്തും, സ്റ്റമ്പില്‍ വരുന്ന പന്തുകളില്‍ സ്‌ട്രെയ്റ്റ് ഡ്രൈവും ലെഗ് സൈഡിലേക്കും കളിച്ചുകൊണ്ട് സച്ചിന്‍ റണ്‍ ഉയര്‍ത്തി.സച്ചിന്റെ ഈ ഐതിഹാസിക ഇന്നിങ്സ് ഇന്നും പുതുതലമുറയിലെ താരങ്ങള്‍ നോക്കി കാണുന്ന ഒരു ഇന്നിങ്സാണ്.
സച്ചിനും വി വി എസ് ലക്ഷമണും ചേര്‍ന്ന് നാലാം വിക്കറ്റില്‍ 353 റണ്‍സിന്റെ കൂട്ടുക്കെട്ട് ഉയര്‍ത്തിയതാണ് ഇന്ത്യയെ 705 റണ്ണെന്ന കൂറ്റന്‍ ഒന്നാം ഇന്നിങ്‌സ് സ്‌കോറിലേക്കെത്തിച്ചത്. മത്സരത്തിന്റെ രണ്ടാം ഇന്നിങ്‌സിലും സച്ചിന്‍ 60 റണ്ണുമായി നോട്ടൗട്ടായിരുന്നു. എന്നാല്‍ അഞ്ച് ദിവസം നീണ്ടുനിന്ന മത്സരം സമനിലയില്‍ അവസാനിച്ചു.നിലവില്‍ വിരാട്ട് കോഹ്ലിയുടെ മോശം ഫോമിനെ മറികടക്കാന്‍ ഗവാസ്‌കര്‍ അദ്ദേഹത്തോട് സച്ചിന്റെ ഈ ഇന്നിങ്സ് കണ്ട് പഠിക്കാന്‍ നിര്‍ദേശിച്ചിരുന്നു.
എന്താണ് വിരാട് കോഹ്ലിക്ക് സംഭവിക്കുന്നത്?
പതിവുപോലെ സിഡ്‌നി ടെസ്റ്റിലും ഓഫ് സ്റ്റമ്പ് കെണിയില്‍ വീഴുകയായിരുന്നു വിരാട് കോലി.ഇത്തവണ സ്‌കോട്ട് ബോളണ്ടിന്റെ ഓഫ് സ്റ്റമ്പിന് പുറത്തുപോയ പന്തില്‍ ബാറ്റുവെച്ചാണ് കോലി പുറത്തായത്.കോലിയുടെ പോരാട്ടം 32-ാം ഓവറില്‍ ബോളണ്ട് അവസാനിപ്പിച്ചു. 69 പന്തില്‍ നിന്ന് 17 റണ്‍സെടുത്തായിരുന്നു കോലിയുടെ മടക്കം. ഒരു ബൗണ്ടറി പോലും താരത്തിന്റെ ഇന്നിങ്‌സില്‍ ഉണ്ടായിരുന്നില്ല. പരമ്പരയിലുടനീളം ഓഫ് സ്റ്റമ്പ് ലൈനില്‍ പന്തെറിഞ്ഞ് കോലിയുടെ വീഴ്ത്തുന്ന പതിവ് ഇത്തവണയും ഓസീസ് ഫലപ്രദമായി നടപ്പാക്കി. പരമ്പരയില്‍ ഇത് ആറാം തവണയാണ് കോലി ഓഫ് സ്റ്റമ്പിന് പുറത്തുപോകുന്ന പന്തില്‍ എഡ്ജ് ആയി പുറത്താകുന്നത്.
5, 100*, 7, 11, 3, 36, 5, 17 എന്നിങ്ങനെയാണ് ഈ പരമ്പരയിലെ കോലിയുടെ സ്‌കോറുകള്‍.പിഴവ് തിരുത്താന്‍ കോഹ്ലി ശ്രമിക്കുന്നില്ലെന്ന് തീര്‍ത്തും പറയാന്‍ പറ്റില്ല.ഓഫ് സ്റ്റമ്പില്‍ നിയന്ത്രണം സാധ്യമാക്കുന്നതിനായി കുറേക്കൂടെ സൈഡ് ഓണ്‍ ആയ സ്റ്റാന്‍സ് എടുത്തു കൊണ്ടാണ് അദ്ദേഹം സിഡ്നിയില്‍ എത്തിയത്.പക്ഷെ ഇര്‍ഫാന്‍ പത്താന്‍ പറഞ്ഞത് പോലെ ലിമിറ്റഡ് സ്‌ട്രോക്കുകള്‍ മാത്രം കൈവശമുള്ള ഒരു ബാറ്ററെ പോലെ കോഹ്ലി കളിക്കുന്നത് ആശയക്കുഴപ്പം ഉണ്ടാക്കുന്നുണ്ട്. ഒരു ഷോട്ട് നിങ്ങള്‍ ഒഴിവാക്കുമ്പോള്‍, ഒരു ഏരിയ നിങ്ങള്‍ ഒഴിവാക്കുമ്പോള്‍ മറ്റൊരു ഏരിയ തുറന്നെടുക്കണം, മറ്റു സ്‌ട്രോക്കുകള്‍ കളിയിലേക്ക് വരണം.പക്ഷെ നിര്‍ഭാഗ്യവശാല്‍ അത് ഇപ്പോള്‍ കോഹ്ലിയില്‍ സംഭവിക്കുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം
കോഹ്ലിയില്‍ ഇനിയും ക്രിക്കറ്റ് ബാക്കിയുണ്ട് എന്ന് തന്നെയാണ് ക്രിക്കറ്റ് നിരീക്ഷര്‍ ഉള്‍പ്പടെ കരുതുന്നത്.പക്ഷെ അതിന് എല്ലാവരും ഒരുപോലെ നിര്‍ദ്ദേശിക്കുന്നത് ടെക്‌നിക്കല്‍ അഡ്ജസ്റ്റ്‌മെന്റുകള്‍ക്കൊപ്പം ചെയ്യേണ്ട ഒരു കാര്യം, ആഭ്യന്തര ക്രിക്കറ്റിലേക്ക് മടങ്ങുക എന്നത് തന്നെയാണ്.ഈ ഫോര്‍മാറ്റ് ഏതെങ്കിലുമൊരു ലെവലില്‍ കളിച്ചേ മതിയാവൂ.2020 മുതലുള്ള 5 സീസണില്‍ നാലിലും 30 നു താഴെയാണ് ശരാശരി എന്നത് കോഹ്ലിയുടെ ഈ ഫോര്‍മാറ്റിലെ ഫോമില്ലായ്മ എത്രത്തോളം സീരിയസ് ആണെന്നത് വ്യക്തമാക്കുന്നതാണ്.ഇത് പരിഹരിക്കാന്‍ കഴിയാത്ത പക്ഷംഅത് താരത്തിന്റെ മഹത്വത്തെ കൂടെയാണ് ബാധിക്കുന്നത്.പ്രത്യേകിച്ചും രോഹിത് ശര്‍മ്മയ്ക്കെതിരെ നടപടി ഉണ്ടാവുകയും യുവതാരങ്ങള്‍ അവസരങ്ങള്‍ക്കായി പുറത്ത് കാത്തിരിക്കുകയും ചെയ്യുമ്പോള്‍.
ഇതിഹാസമാണെങ്കില്‍ കൂടെ സാഹചര്യങ്ങളോട് പൊരുത്തപ്പെട്ടു പിഴവുകള്‍ തിരുത്താന്‍ ശ്രമിക്കാതെ ഇതുവരെയുള്ള നേട്ടങ്ങള്‍ മറയാക്കി തീര്‍ത്തും കാഷ്വലായി തുടര്‍ന്നു പരാജയങ്ങള്‍ ആവര്‍ത്തിച്ചു കൊണ്ടിരിക്കാന്‍ ഒരു ഗെയിമിലും സാധിക്കില്ല..ഈ സഹചര്യത്തിലാണ് സമൂഹമാധ്യമത്തില്‍ ഉള്‍പ്പടെ സച്ചിന്‍- കോഹ്ലി താരതമ്യം വീണ്ടും ചര്‍ച്ചയാകുന്നത്.എന്ത്കൊണ്ടു കോഹ്ലി എന്നതിന്റെ ഉദാഹരണം പലരും വിലയിരുത്തുന്നുണ്ട്.അതില്‍ ശ്രദ്ധേയമായ കുറിപ്പുകളിലൊന്നാണ് നെല്‍സണ്‍ ജോസഫിന്റെത്.സിഡ്നി എപ്പിക്കിനെ കൂടി ചേര്‍ത്തുവായിച്ചാണ് നെല്‍സന്റെ താരതമ്യം.അദ്ദേഹം സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ..
എവിടെയാണ് സച്ചിന്‍ ലെജന്‍ഡായി മാറുന്നതെന്ന് പല തവണ ആലോചിച്ചിട്ടുള്ളതാണ്.ഒരു ഉത്തരം കിട്ടിയിരുന്നു.വിരാട് കോഹ്ലിയുടെ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ പുറത്താവലുകള്‍ കാണുമ്പൊ ആ ഉത്തരം ഒന്നുകൂടി ഉറപ്പിക്കപ്പെടുകയാണ്.ഓഫ് സ്റ്റമ്പിനു
വെളിയില്‍ ബൗള്‍ ചെയ്താല്‍ മാത്രം മതി പുറത്താക്കാന്‍ എന്ന നിലയിലേക്ക് തരം താഴുന്നത് കോഹ്ലിയെന്നല്ല ഏത് ലോക
നിലവാരത്തിലുള്ള ബാറ്റര്‍ക്കും നന്നല്ല.അവിടെയാണ് സച്ചിനെ ഓര്‍മിക്കുന്നത്.
ഓസ്ട്രേലിയയുമായുള്ള 2004 സീരിസ്. ഓഫ് സ്റ്റമ്പിനു വെളിയില്‍ പോവുന്ന പന്തില്‍ ബാറ്റ് വച്ച് പുറത്താവുന്നത് ഒന്നിലധികം തവണ സച്ചിന്‍ ആവര്‍ത്തിക്കുന്നു.സിഡ്നിയില്‍ സച്ചിന്‍ ക്രീസിലേക്ക് ഇറങ്ങുന്നത് ഒരുപക്ഷേ തന്റെ ആവനാഴിയിലെ ഏറ്റവും മനോഹരമായ ഒരു ഷോട്ട് മായ്ചു കളഞ്ഞിട്ടാണ്. കവര്‍ ഡ്രൈവ്..ഒന്നിനു പിറകെ ഒന്നായി ഓഫ് സ്റ്റമ്പിനു വെളിയില്‍ വരുന്ന പന്തുകള്‍ ലീവ് ചെയ്യുന്നു. അന്ന് സച്ചിന്‍ പ്രദര്‍ശിപ്പിച്ചത് അസാമാന്യമായ മനക്കരുത്താണ്.ഒരൊറ്റ കവര്‍ ഡ്രൈവ് പോലും കളിക്കാതെ, പുറത്താവാതെ നേടുന്നത് 241 റണ്ണുകള്‍.
പലരും ആ ഇന്നിങ്ങ്സിനെക്കുറിച്ച് എഴുതിയത് നിങ്ങള്‍ കണ്ടുകാണും.എന്നാല്‍ അവിടെ മാത്രമായി ഒതുങ്ങുന്നില്ല സച്ചിന്റെ ഷോട്ടുകളെക്കുറിച്ചുള്ള ഓര്‍മകള്‍.ഒരുസമയത്ത് സച്ചിന്‍ കളിക്കുമായിരുന്ന ഏറ്റവും മനോഹരമായ ഒരു ഷോട്ടുണ്ടായിരുന്നു.സൈറ്റ് സ്‌ക്രീനിന്റെ മുന്നില്‍ വന്ന് ലാന്‍ഡ് ചെയ്യുമായിരുന്ന ഒരു ലോഫ്റ്റഡ് ഷോട്ട്. ഓര്‍മ ശരിയാണെങ്കില്‍ ഒരു സമയം കഴിഞ്ഞ് സച്ചിന്‍ ആ ഷോട്ട് കളിക്കുന്നത് ഒഴിവാക്കുകയായിരുന്നു - ബാക് ഇഞ്ചുറി മൂലം.
ആഷ്ലി ജൈല്‍സ് ആണെന്ന് തോന്നുന്നു ഇംഗ്ലണ്ടിനെതിരെ കളിക്കുന്ന സമയത്ത് തുടര്‍ച്ചയായി ലെഗ് സൈഡില്‍ ബൗള്‍ ചെയ്ത് റണ്‍ തടയാന്‍ ശ്രമിച്ചത്. ഒരിക്കല്‍ സച്ചിന്‍ ഔട്ടാവുകയും ചെയ്തു ഫ്രസ്ട്രേറ്റഡായി ഷോട്ട് കളിക്കാന്‍ ശ്രമിച്ചപ്പോള്‍.എന്നാല്‍ പിന്നീട് ലെഗ് സൈഡില്‍ വരുന്ന പന്തുകളെ കീപ്പര്‍ക്ക് പോലും പിടികിട്ടാത്ത രീതിയില്‍ പാഡില്‍ സ്‌കൂപ് എന്ന ഷോട്ടിലൂടെ ബൗണ്ടറിയില്‍ എത്തിച്ചു തുടങ്ങിയപ്പൊ ആ പ്രശ്നമങ്ങ് തീര്‍ത്തതും കണ്ടു.
അതുപോലെ തന്നെ ഓസീസ് ബൗളര്‍മാര്‍ - ബ്രെറ്റ് ലീ ആണെന്ന് തോന്നുന്നു -തുടര്‍ച്ചയായി ബൗണ്‍സറുകള്‍ എറിഞ്ഞു തുടങ്ങിയപ്പൊഴാണ് അതിനു മറുപടിയായി അപ്പര്‍ കട്ടുകള്‍ കളിച്ചുതുടങ്ങിയത്.തുടര്‍ച്ചയായി വന്ന ഇഞ്ചുറികള്‍ സച്ചിന്റെ പല ഷോട്ടുകളും കാണാമറയത്താക്കിയിട്ടുണ്ട്.പക്ഷേ അതനുസരിച്ച് സച്ചിന്‍ പുതിയ ഷോട്ടുകള്‍ പലതും പെര്‍ഫെക്റ്റാക്കുകയും ചെയ്തിട്ടുണ്ട്.കപില്‍ ദേവിന്റെ കൂടെയും സച്ചിന്‍ കളിച്ചിട്ടുണ്ട്.മഹേന്ദ്രസിങ്ങ് ധോണിയുടെ കൂടെയും സച്ചിന്‍ കളിച്ചിട്ടുണ്ട്.
പിഴവുകള്‍ ആവര്‍ത്തിക്കുന്നതിനെക്കാള്‍ തിരിച്ചറിയുന്നതും ഒഴിവാക്കുന്നതുമായിരുന്നു സച്ചിന്റെ ശീലമെന്ന് തോന്നിയിട്ടുണ്ട് പലപ്പൊഴും
ആ രണ്ട് കാര്യങ്ങള്‍ കൊണ്ടാണ്.മാറ്റങ്ങളോട് അഡാപ്റ്റ് ചെയ്യുന്നതും പിഴവുകള്‍ ഒഴിവാക്കുന്നതും.1989 മുതല്‍ 2013 വരെ നീണ്ട 24 വര്‍ഷം - ഒന്നിലധികം ജെനറേഷനുകളിലെ ക്രിക്കറ്റിങ്ങ് ലെജന്‍ഡുകള്‍ക്കൊപ്പം സച്ചിന്റെ പേരും വായിക്കാന്‍ കഴിയുന്നത്.ടെസ്റ്റില്‍ നിന്ന് ട്വന്റി ട്വന്റി വരെ നീളുന്ന ക്രിക്കറ്റിന്റെ എവല്യൂഷന്റെ സാക്ഷിയായി കളത്തിലുണ്ടായത്.... ആ ഡ്യൂറബിലിറ്റിയാണ് സച്ചിനെ ലെജന്‍ഡ് ആക്കിയത്.കോഹ്ലി ചെയ്യേണ്ടതും അതായിരുന്നു.