ഇന്ത്യ ചെറുതായില്ല, ഓവലില്‍ തോറ്റെന്നു കരുതിയ മത്സരത്തില്‍ ഇംഗ്ലണ്ടിനെ ചുരുട്ടിക്കൂട്ടിയതു കേവലം ഒറ്റ മണിക്കൂറില്‍; വിക്കറ്റ് പരിശോധിക്കാന്‍ അനുവദിയ്ക്കാഞ്ഞ കുറേറ്റര്‍ ലീ ഫോര്‍ട്ടീസിനോട് കയര്‍ക്കേണ്ടി വന്ന ഗൗതം ഗംഭീറും സംഘവും കളിക്കളം വിട്ടത് തലയുയര്‍ത്തി തന്നെ; ഓവല്‍ ടെസ്റ്റ് ചരിത്രമാകുമ്പോള്‍..

ഗംഭീറും സംഘവും കളിക്കളം വിട്ടത് തലയുയര്‍ത്തി തന്നെ; ഓവല്‍ ടെസ്റ്റ് ചരിത്രമാകുമ്പോള്‍..

Update: 2025-08-05 04:33 GMT

ലണ്ടന്‍: കഴിഞ്ഞ ചൊവ്വാഴ്ച ലണ്ടനില്‍ ഓവല്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമിനെ മനഃപൂര്‍വം കളിയാക്കാന്‍ എന്നോണം ഗ്രൗണ്ട് സ്റ്റാഫ് ക്യൂറേറ്റര്‍ ആയ ലീ ഫോര്‍ട്ടിസ് നടത്തിയ പെരുമാറ്റം ഇന്ത്യന്‍ ടീമിനെ മാത്രമല്ല ഓരോ ഇന്ത്യക്കാരന്റെയും അഭിമാനത്തെ തന്നെ ചോദ്യം ചെയ്യുന്നതായിരുന്നു. അതിനാല്‍ തന്നെ ഇന്നലെ നടന്ന അവസാനത്തെയും അഞ്ചാമത്തേയും ടെസ്റ്റ് മത്സരം ഇന്ത്യ തോറ്റിരുന്നെങ്കില്‍ ക്രിക്കറ്റ് പ്രേമികള്‍ മാത്രമല്ല ഓരോ ഇന്ത്യക്കാരന്റെയും നെഞ്ചു പിടച്ചേനെ. എന്നാല്‍ അഞ്ചു മത്സര പരമ്പരയില്‍ രണ്ടു കളി ജയിക്കുകയും ഒരു കളി സമനില പിടിക്കുകയും ചെയ്ത ഇംഗ്ലണ്ട് വ്യക്തമായ മേധാവിത്തതോടെയാണ് ഓവല്‍ ടെസ്റ്റിലേക്ക് പാഡണിഞ്ഞത്.

എന്നാല്‍ ഇന്ത്യയാകട്ടെ ഒരു കളി മാത്രം ജയിച്ചു നില്‍ക്കുന്നതിനാല്‍ ഓവലില്‍ അനിവാര്യമായ ജയം കൊണ്ട് മാത്രമേ ടെസ്റ്റ് പരമ്പര സമനിലയില്‍ തളയ്ക്കാനാകൂ എന്ന നിലയിലും ആയിരുന്നു. അതിനേക്കാള്‍ ഉപരി കഴിഞ്ഞ ചൊവ്വാഴ്ച്ച കുറേറ്ററുമായി നടന്ന വാക്കേറ്റവും ഇന്ത്യന്‍ കളിക്കാരുടെയും ആരാധകരുടെയും അഭിമാനത്തിന് ക്ഷതമേറ്റ സംഭവത്തിന് ഒരു ജയത്തില്‍ കുറഞ്ഞ ഒന്നുകൊണ്ടും രാജ്യത്തിന് തൃപ്തിയാകില്ല എന്ന സമ്മര്‍ദവും കൊണ്ടാണ് ഇന്ത്യന്‍ സംഘം കളത്തിലിറങ്ങിയതും.

ഇന്ത്യയ്ക്ക് തലകുനിച്ചു ഇംഗ്ലണ്ടില്‍ നിന്നും മടങ്ങുവാന്‍ ആകുമായിരുന്നില്ലയ. ആദ്യ നാലുദിവസവും കാര്യമായ മേല്‍ക്കൈ നേടാനാകാതെ കളി സമനിലയിലേക്ക് നീങ്ങുകയും അതുവഴി ഇംഗ്ലണ്ട് പരമ്പര സ്വന്തമാക്കുകയും ചെയ്യും എന്നതായിരുന്നു പൊതുവെ പ്രതീക്ഷ. എന്നാല്‍ നാലാം ദിവസത്തെ അവസാന മണിക്കൂറുകളും ഇന്നലെ അഞ്ചാം ദിനത്തിലെ ആദ്യ മണിക്കൂറും കൊണ്ട് ഇന്ത്യന്‍ ബൗളര്‍മാര്‍ ഇംഗ്ലണ്ടിന്റെ നട്ടെല്ലൊടിച്ചു ചുരുട്ടിക്കൂട്ടിയിട്ടപ്പോള്‍ ഒരു കളി ജയിക്കുക മാത്രമല്ല ടീമിനെ അപമാനിക്കാന്‍ ശ്രമിച്ച ഇംഗ്ലണ്ട് സ്റ്റേഡിയം ജീവനക്കാരുടെ അഹങ്കാരത്തെയും ക്രിക്കറ്റിനെ കുറിച്ച് ഇന്ത്യയ്ക്ക് എന്തറിയാം എന്ന ധ്വനിപ്പിക്കുന്ന ദാര്‍ഷ്ട്യത്തിനും കൂടിയാണ് ഇന്ത്യന്‍ ടീം മറുപടി നല്‍കിയത്. ഓരോ ഇന്ത്യക്കാരന്റെയും അഭിമാനമായാണ് ഇന്നലെ ഓവലില്‍ ഇന്ത്യന്‍ ടീം തലയുയര്‍ത്തി നിന്നത്. ഇന്ത്യയെ തലകുനിച്ചു മടക്കി അയക്കാം എന്ന നേരിയ പ്രതീക്ഷ എങ്കിലും ഉണ്ടായിരുന്നവര്‍ക്ക് തികച്ചും അപ്രതീക്ഷിതമായി കളി ഇന്ത്യ ജയിച്ചു കയറുന്നത് കണ്ടു തലകുനിച്ചു നില്‍ക്കാന്‍ മാത്രമായിരുന്നു വിധി ഒരുക്കിയ നിയോഗം.

ഓവല്‍ ടെസ്റ്റില്‍ ആദ്യ ഇന്നിങ്സില്‍ 224 ഓള്‍ ഔട്ട്, രണ്ടാം ഇന്നിങ്‌സ് 396 ഓള്‍ ഔട്ട് എന്നതായിരുന്നു ഇന്ത്യയുടെ സ്‌കോര്‍ ബോര്‍ഡ്. മറുപടി ബാറ്റിംഗ് നടത്തിയ ഇംഗ്ലണ്ട് ആദ്യ ഇന്നിംഗ്സ് 247 ഓള്‍ ഔട്ട്, രണ്ടാം ഇന്നിങ്‌സ് 367 ഓള്‍ ഔട്ട് എന്ന നിലയില്‍ എത്തിയതോടെയാണ് ഇന്ത്യയ്ക്ക് ഏകദിന മത്സരത്തെ തോല്‍പിക്കുന്ന ആവേശത്തോടെ ആറു റണ്‍സ് വിജയത്തിന് ഓവല്‍ ടെസ്റ്റ് സ്വന്തമാക്കാനായത്. ഒപ്പം ടെസ്റ്റ് പരമ്പരയും സമനിലയിലായി.

ജൂണ്‍ 20നു ലീഡ്‌സില്‍ നടന്ന ആദ്യ ടെസ്റ്റ് അഞ്ചു വിക്കറ്റിന് ഇംഗ്ലണ്ട് ആധികാരികമായി സ്വന്തമാക്കുക ആയിരുന്നു. ജൂലൈ രണ്ടിന് നടന്ന രണ്ടാം ടെസ്റ്റ് ബര്‍മിങാമില്‍ ഇന്ത്യന്‍ ആരാധകരെ കോരിത്തരിപ്പിച്ചു 336 റണ്‍സ് വിജയം നേടി ഇന്ത്യ കൃത്യമായ മറുപടി നല്‍കുമ്പോള്‍ പരമ്പര ഓരോ കളിവീതം ജയിച്ചു ഇരുവര്‍ക്കും അഭിമാന പോരാട്ടത്തിന് വീണ്ടും അവസരം നല്‍കുക ആയിരുന്നു. എന്നാല്‍ ജൂലായ് പത്തിന് ലോര്‍ഡ്‌സില്‍ നടന്ന മൂന്നാം ടെസ്റ്റ് 22 റണ്‍സിന് ജയിച്ചു ഇംഗ്ലണ്ട് പരമ്പരയില്‍ മേല്‍ക്കൈ നേടി.

വിക്കറ്റ് പരിശോധിക്കാന്‍ എത്തിയ ടീം നേരിട്ടത് അപമാനം, വിജയത്തിനുള്ള രസതന്ത്രമായി മാറിയതും ആ വാക്കേറ്റം തന്നെ

ജൂലൈ 23നു നടന്ന നാലാം ടെസ്റ്റ് സമനിലയിലുമായി. ഇതോടെയാണ് ഓവലിലെ അഞ്ചാം ടെസ്റ്റ് പിരിമുറുക്കത്തില്‍ എത്തിച്ചതും പരിശീലനത്തിന് എത്തിയ ഇന്ത്യന്‍ ടീമിന് അപമാന ക്ഷതം സംഭവിക്കുന്നതും. ഇതേത്തുടര്‍ന്ന് അഞ്ചാം ടെസ്റ്റ് എങ്ങനെയും ജയിച്ച് ഇംഗ്ലണ്ടിന് അവരുടെ മണ്ണില്‍ തന്നെ മറുപടി നല്‍കണം എന്ന ചിന്ത ടീമിലും കളിക്കാരിലും വളര്‍ന്നു. മൈതാനത്തു നടന്ന അനിഷ്ടകരമായ സംഭവം ലോകമെങ്ങും മാധ്യമങ്ങളില്‍ വാര്‍ത്ത ആയതോടെ എങ്ങനെയും ജയിക്കുക എന്നത് ഇംഗ്ലണ്ടിനേക്കാള്‍ ആവശ്യമായി മാറിയതും ഇന്ത്യയ്ക്ക് തന്നെ ആയിരുന്നു. എന്നാല്‍ കളി തുടങ്ങിയപ്പോള്‍ വിചാരിച്ചതു പോലെ അത്ര എളുപ്പമായിരുന്നില്ല ബാറ്റ്സ്മാന്‍മാര്‍ മങ്ങിയ മത്സരത്തിലെ സ്‌കോര്‍ നില.

ഇതോടെയാണ് അവസാന ദിവസങ്ങളില്‍ മുഴുവന്‍ സമ്മര്‍ദ്ദവും ബൗളര്‍മാരുടെ ചുമലിലായത്. ഇക്കൂട്ടത്തില്‍ തന്നെ മുഹമ്മദ് സിറാജ്, പ്രസിദ്ധ കൃഷ്ണ എന്നിവര്‍ നിഷ്‌കരുണം ഇംഗ്ലണ്ടിന്റെ ബാറ്റിംഗ് നിരയെ അരിഞ്ഞു വീഴ്ത്തിയപ്പോള്‍ ഒരിക്കല്‍ കൂടി ഇന്ത്യന്‍ ദേശീയ ബോധം കൂടിയാണ് അവരിലൂടെ ജനകോടികളിലേക്ക് എത്തിയത്. ക്രിക്കറ്റ് വെറും ഒരു കായിക ഇനമല്ലാതെ ജനങ്ങള്‍ നെഞ്ചിലേറ്റുന്നതും ഇത്തരം പകരം വീട്ടലുകള്‍ സാധിക്കുന്നത് ക്രിക്കറ്റ് മൈതാനങ്ങളില്‍ കൂടിയാണ് എന്നത് കൊണ്ടുമാണ്.

അസാധാരണമായി തോല്‍വിയില്‍ നിന്നും മടങ്ങിയെത്തി വിജയം കൈവരിച്ച മത്സരം എന്ന നിലയിലും ഓവലില്‍ നടന്ന അഞ്ചാം ടെസ്റ്റ് ചരിത്രത്തില്‍ തിളങ്ങി നില്‍ക്കും. നാലാം ദിനം ഇംഗ്ലണ്ടിന്റെ രണ്ടു ബാറ്റ്സ്മാന്‍മാര്‍ സെഞ്ചുറി നേടി സേഫ് ആക്കിയ മത്സരമാണ് സിറാജും കൃഷ്ണയും ചേര്‍ന്ന് തിരിച്ചു പിടിച്ചത്. ഞായറാഴ്ചത്തെ അവസാന ഓവറുകളും തിങ്കളാഴ്ചത്തെ ആദ്യ മണിക്കൂറും കൊണ്ടാണ് കൈവിട്ട കളി ഇരുവരും ചേര്‍ന്ന് തിരിച്ചു പിടിച്ചത്.

ഇന്ത്യ രണ്ടാം ഇന്നിങ്സില്‍ നേടിയ 374 റണ്‍സ് പിന്തുടര്‍ന്ന ഇംഗ്ലണ്ട് അപ്രതീക്ഷിതമായി 367ല്‍ ഓള്‍ ഔട്ട് ആകുക ആയിരുന്നു. ഇതോടെ ത്രസിപ്പിക്കുന്ന ആറു റണ്‍സ് വിജയം ഇന്ത്യക്ക് ഒപ്പമായി. ആദ്യ ഇന്നിങ്സില്‍ നാലും രണ്ടാം ഇന്നിങ്സില്‍ ഒന്‍പതും വിക്കറ്റുകള്‍ നേടി ഒന്‍പതു കളിക്കാരെ വീഴ്ത്തിയ സിറാജ് തന്നെയാണ് ഈ ടെസ്റ്റിലെ ഇന്ത്യന്‍ വിജയ ശില്‍പി. സിറാജ് എറിഞ്ഞ ആറു ഓവറുകളില്‍ ഇംഗ്ലണ്ട് ബാറ്റ്സ്മാന്മാര്‍ക്ക് ഒരു റണ്‍സ് പോലും എടുക്കാന്‍ ആയില്ല എന്നത് 31കാരനായ സിറാജിന്റെ വേഗ ബൗളിങ്ങിനുള്ള അംഗീകാരം കൂടിയായി ഇനി റെക്കോര്‍ഡ് കണക്കുകള്‍ തിളങ്ങി നില്‍ക്കും.

അവസാന ദിവസമായ ഇന്നലെ നാലു വിക്കറ്റുകള്‍ കയ്യില്‍ ഇരിക്കെ വെറും 35 റണ്‍സ് എന്ന നിസാരമായ വിജയലക്ഷ്യം ആയിരുന്നു ഇംഗ്ലണ്ടിന് ഉണ്ടായിരുന്നത്. എന്നാല്‍ 11 മണിയോടെ തുടങ്ങിയ കളി 12 മണിക്ക് മുന്‍പായി തന്നെ തീര്‍ത്തെടുക്കാന്‍ സിറാജിനും കൃഷ്ണയ്ക്കുമായി എന്നതാണ് ഏറ്റവും സവിശേഷതയായി ഇപ്പോള്‍ മാറിയിരിക്കുന്നത്.

ഒരു പക്ഷെ ഗൗതം ഗംഭീറും ലീ ഫോര്‍ട്ടീസും തമ്മില്‍ വിക്കറ്റ് പരിശോധനയ്ക്കിടെ തര്‍ക്കവും വാക്കേറ്റവും ഉണ്ടായിരുന്നില്ലെങ്കില്‍ അഞ്ചാം ടെസ്റ്റ് ആരും അധികം അറിയാതെ കടന്നു പോയേനെ. എന്നാല്‍ അനിഷ്ടകരമായ ആ സംഭവം ലോകമെങ്ങും മാധ്യമങ്ങള്‍ ഏറ്റെടുത്തപ്പോള്‍ എങ്ങനെയും ജയിച്ചേ തീരൂ എന്ന വികാരാവേശമാണ് ഇന്ത്യന്‍ കളിക്കാരില്‍ നിറഞ്ഞത്. ആ വിജയശപഥം നിറവേറ്റാന്‍ നിയോഗം ലഭിച്ചത് സിറാജിനും കൃഷ്ണയ്ക്കും ആയി എന്നതും ഇന്ത്യന്‍ ക്രിക്കറ്റിലെ തിളക്കമുള്ള വിജയകഥയായി ഇനിയെന്നും അവശേഷിക്കും.

Tags:    

Similar News