ഏഷ്യാകപ്പില്‍ പിന്മാറാനുള്ള പാക്കിസ്ഥാന്റെ തീരുമാനത്തില്‍ അവസാന നിമിഷം ട്വിസ്റ്റ്; സമ്മര്‍ദ്ദ തന്ത്രങ്ങള്‍ക്ക് ഒടുവില്‍ പാക്ക് ടീം ദുബായ് സ്റ്റേഡിയത്തില്‍ എത്തി; യുഎഇയ്ക്ക് എതിരായ മത്സരം ഒന്‍പത് മണിക്ക് ആരംഭിക്കുമെന്ന് എസിസി; ലാഹോറിലെയും ദുബായിലെയും നാടകീയ നീക്കങ്ങള്‍ ഫലം കാണാത്തതിന്റെ അതൃപ്തിയില്‍ പിസിബി; പ്രചരിച്ചത് അഭ്യൂഹങ്ങളെന്ന് പ്രതികരണം

പാകിസ്ഥാന്‍ താരങ്ങള്‍ ദുബായ് സ്റ്റേഡിയത്തില്‍; മത്സരം ഒന്‍പത് മണിക്ക്

Update: 2025-09-17 14:13 GMT

ദുബായ്: ഏഷ്യാകപ്പ് ക്രിക്കറ്റില്‍ നിന്നും പിന്മാറുമെന്ന സമ്മര്‍ദ്ദ തന്ത്രവും ഫലിക്കാതെ വന്നതോടെ യുഎഇയ്‌ക്കെതിരായ മത്സരത്തിന് തയ്യാറെടുത്ത് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീം. മത്സരത്തിനായി പാക്കിസ്ഥാന്‍ ടീം ദുബായ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ എത്തി. ആന്‍ഡി പൈക്രോഫ്റ്റിനെ റഫറി സ്ഥാനത്ത് നിന്നും മാറ്റാതെ കളിക്കില്ലെന്ന പാകിസ്ഥാന്റെ നിലപാട് ഐ സി സി അംഗീകരിക്കാതെ വന്നതോടെ ബഹിഷ്‌കരണ ഭീഷണി ഉയര്‍ത്തിയെങ്കിലും അനുനയ ശ്രമത്തിന് ഒടുവില്‍ വഴങ്ങുകയായിരുന്നു. ലാഹോറിലും ദുബായിലും നടന്ന നാടകീയ നീക്കങ്ങള്‍ ഫലം കണ്ടില്ല. തുടക്കത്തില്‍ മത്സരം പാകിസ്ഥാന്‍ ബഹിഷ്‌കരിക്കുമെന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നെങ്കിലും ഇപ്പോള്‍ ടീം ഈ തീരുമാനത്തില്‍ നിന്ന് പിന്നാക്കം പോയതായാണ് വിവരം. ഇന്ത്യന്‍ സമയം ഏഴ് മണി വരെ ഹോട്ടലില്‍ നിന്ന് ഇറങ്ങാന്‍ കൂട്ടാക്കാതിരുന്ന പാക് ടീം ഒടുവില്‍ ഏഴരയോടെ സ്റ്റേഡിയത്തിലേയ്ക്ക് യാത്ര തിരിക്കുകകയായിരുന്നു. മത്സരം തുടങ്ങാന്‍ ഒരു മണിക്കൂറെങ്കിലും വൈകുമെന്ന് ഉറപ്പായി.

ഇന്ത്യയുമായുള്ള ഹസ്തദാന വിവാദത്തിന്റെ ചുവടുപിടിച്ചാണ് അസാധാരണ സംഭവങ്ങള്‍. മാച്ച് റഫറി ആന്‍ഡി പൈക്രോഫ്റ്റിനെ മാറ്റണമെന്ന പാക് ആവശ്യം ഐസിസി തള്ളിയിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് പാക് സംഘം മത്സരം ബഹിഷ്‌കരിക്കാന്‍ ആലോചിച്ചത്. ഏഷ്യ കപ്പില്‍ ഗ്രൂപ്പ് ബിയില്‍ പാകിസ്താനും യുഎഇയും ഇന്ന് രാത്രി എട്ട് മണിക്ക് നേര്‍ക്കുനേര്‍ വരാനിരിക്കെയാണ് നാടകീയ സംഭവങ്ങള്‍. സല്‍മാന്‍ ആഗയുടെ നേതൃത്വത്തിലുള്ള പാക് സംഘം ദുബായില്‍ പരിശീലനത്തില്‍ പങ്കെടുത്തിരുന്നു. എന്നാല്‍ മത്സരത്തിന് മുന്നോടിയായി നടത്താനിരുന്ന വാര്‍ത്താ സമ്മേളനം പാകിസ്താന്‍ റദ്ദാക്കിയിരുന്നു. അതേസമയം അഭ്യൂഹങ്ങളാണ് പ്രചരിക്കുന്നതെന്നും മത്സരം ഒരു മണിക്കൂര്‍ വൈകുമെന്നും പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് പ്രതികരിച്ചു. മത്സരം ഉപേക്ഷിച്ചിട്ടില്ലെന്ന് ഐ സി സിയും ഒരു മണിക്കൂര്‍ വൈകുമെന്ന് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലും അറിയിച്ചു.

ഇന്ത്യയ്‌ക്കെതിരായ മത്സരം നിയന്ത്രിച്ച മാച്ച് റഫറി ആന്‍ഡി പൈക്രോഫ്റ്റിനെ ഏഷ്യാകപ്പില്‍നിന്ന് മാറ്റി നിര്‍ത്തണമെന്ന് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന് രണ്ടു തവണ കത്തയിച്ചിരുന്നെങ്കിലും അനുകൂല പ്രതികരണം ഉണ്ടായില്ല. അതിനു പിന്നാലെയാണ് പാക്ക് ടീം മത്സരം ബഹിഷ്‌കരിക്കുകയാണെന്ന് അഭ്യൂഹങ്ങള്‍ പരന്നത്.

ലാഹോറിലും ദുബായിലും നാടകീയ നീക്കങ്ങള്‍

നേരത്തെ പൈക്രോഫ്റ്റിനെ മാറ്റാന്‍ ധാരണ ഉണ്ടാക്കിയിട്ടില്ലെന്ന് ഐ സി സി വൃത്തങ്ങള്‍ അറിയിച്ചതോടെയാണ് പാകിസ്ഥാന്‍ ഏഷ്യാകപ്പില്‍ നിന്ന് പിന്മാറാനുള്ള തീരുമാനം പ്രഖ്യാപിക്കാനൊരുങ്ങിയത്. പി സി ബിയുടെ രണ്ടാമത്തെ മെയിലും ഐ സി സി തള്ളിയതോടെയാണ് ഇന്ന് യുഎഇയ്ക്ക് എതിരായ നിര്‍ണായക മത്സരം ഉപേക്ഷിക്കാന്‍ പാകിസ്ഥാന്‍ തീരുമാനിച്ചത്. ഇതിന് പിന്നാലെയാണ് പാകിസ്ഥാനെ അനുനയിപ്പിക്കാന്‍ തിരക്കിട്ട നീക്കം ഐ സി സി തുടങ്ങിയത്. ലാഹോറിലും ദുബായിലുമായി നാടകീയ നീക്കങ്ങള്‍ നടന്നുവെന്നാണ് വിവരം.ഇന്നത്തെ മത്സരത്തില്‍ നിന്ന് പിന്മാറിയാല്‍ പാകിസ്താന്‍ ഏഷ്യാകപ്പില്‍ നിന്ന് പുറത്താകുമായിരുന്നു. അങ്ങനെ സംഭവിച്ചാല്‍ യു എ ഇ സൂപ്പര്‍ ഫോറിലെത്തുമായിരുന്നു. എന്നാല്‍ മത്സരം നടക്കുമെന്ന റിപ്പോര്‍ട്ടുകളാണ് ഒടുവില്‍ പുറത്തുവന്നത്.

ഏഷ്യാ കപ്പില്‍ ഇന്ത്യയുമായുള്ള പോരാട്ടത്തില്‍ ഏഴ് വിക്കറ്റിന് പാകിസ്താന്‍ തോറ്റിരുന്നു. ഇതിന് പിന്നാലെയാണ് വിവാദങ്ങളുടെ തുടക്കം. ടോസിങ്ങിനിടെ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് പാക് നായകന്‍ സല്‍മാന്‍ ആഗയുമായി ഹസ്തദാനം ചെയ്യാന്‍ വിസമ്മതിച്ചു. ഇന്ത്യയുടെ വിജയത്തിന് ശേഷവും കളിക്കാര്‍ പരസ്പരം കൈ കൊടുക്കാതെയാണ് പിരിഞ്ഞത്. ഇതാണ് പാക് ക്രിക്കറ്റ് ബോര്‍ഡിനെ ചൊടിപ്പിച്ചത്.

ടോസ് സമയത്ത് ഇന്ത്യന്‍ ക്യാപ്റ്റനുമായി ഹസ്തദാനം ചെയ്യരുതെന്ന് പൈക്രോഫ്റ്റ്, ക്യാപ്റ്റന്‍ സല്‍മാന്‍ അലി ആഗയോട് ആവശ്യപ്പെട്ടിരുന്നുവെന്നും പൈക്രോഫ്റ്റിനെ ടൂര്‍ണമെന്റില്‍ നിന്ന് പുറത്താക്കണമെന്നുമാണ് പാകിസ്താന്‍ ഐസിസിയോട് ആവശ്യപ്പെട്ടിരുന്നത്. പൈക്രോഫ്റ്റ് അധികാരപരിധി ലംഘിച്ചെന്നും പക്ഷപാതം കാണിച്ചെന്നും പിസിബി ആരോപിച്ചു. പൈക്രോഫ്റ്റിനെ നീക്കാത്ത പക്ഷം ഏഷ്യാ കപ്പിലെ അടുത്ത കളികള്‍ ബഹിഷ്‌കരിക്കുമെന്നും പാകിസ്താന്‍ ഭീഷണി മുഴക്കി. ഐസിസിക്കു പുറമേ, ക്രിക്കറ്റിലെ നിയമങ്ങളുടെ ആധികാരിക ക്ലബ്ബായ എംസിസിക്കും പാകിസ്താന്‍ പരാതി നല്‍കിയിട്ടുണ്ട്. 

Tags:    

Similar News