രണ്ടുതവണ കളിക്കാന്‍ വിസമ്മതിച്ച് ഇന്ത്യന്‍ ടീമിന്റെ 'സര്‍ജിക്കല്‍ സ്‌ട്രൈക്ക്'; രാജ്യത്തിന്റെ പേരിന് കളങ്കമുണ്ടാക്കിയെന്ന് പിസിബി; ഇന്ത്യയുടെ പക്ഷം പിടിക്കുന്നുവെന്നും ആക്ഷേപം; ലെജന്‍ഡ്സ് ചാമ്പ്യന്‍ഷിപ്പില്‍ ഇനി പാക് ടീം കളിക്കില്ലെന്ന് ഭീഷണി
ലെജന്‍ഡ്സ് ചാമ്പ്യന്‍ഷിപ്പില്‍ ഇനി പാക് ടീം കളിക്കില്ലെന്ന് ഭീഷണി
ലഹോര്‍: ലെജന്‍ഡ്‌സ് ലോക ചാംപ്യന്‍ഷിപ്പില്‍ (ഡബ്ല്യുസിഎല്‍) നിന്നു പിന്‍വാങ്ങുന്നതായും അടുത്ത വര്‍ഷം മുതല്‍ ഇത്തരം സ്വകാര്യ ടൂര്‍ണമെന്റുകളില്‍ പങ്കെടുക്കില്ലെന്നും വ്യക്തമാക്കി പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് (പിസിബി). ലെജന്‍ഡ്‌സ് ചാമ്പ്യന്‍ഷിപ്പില്‍ കളിക്കുന്നതില്‍നിന്ന് പാക്കിസ്ഥാന്‍ ചാമ്പ്യന്‍സ് ടീമിനെ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് വിലക്കി. ഇതോടെ, അടുത്തവര്‍ഷത്തെ ചാമ്പ്യന്‍ഷിപ്പില്‍ പാക് ടീമുണ്ടാകില്ല. ഇത്തവണത്തെ ചാമ്പ്യന്‍ഷിപ്പുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് പാക് ബോര്‍ഡിന്റെ വിലക്കിന് കാരണം.
പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തവണത്തെ ഡബ്ല്യുസിഎല്‍ ടൂര്‍ണമെന്റില്‍ പാക്കിസ്ഥാനെതിരായ ഗ്രൂപ്പ് മത്സരത്തില്‍ നിന്നും സെമിഫൈനലില്‍ നിന്നും ഇന്ത്യന്‍ ടീം പിന്‍മാറിയിരുന്നു. ഇത് ക്രിക്കറ്റിന്റെ മാന്യതയ്ക്കു നിരക്കുന്നതല്ലെന്നും ടൂര്‍ണമെന്റ് അധികൃതര്‍ ഇന്ത്യയുടെ പക്ഷം പിടിച്ചെന്നും ആരോപിച്ചാണ് ടൂര്‍ണമെന്റില്‍ ഇനി പങ്കെടുക്കേണ്ടെന്ന് പാക്കിസ്ഥാന്‍ തീരുമാനിച്ചത്.
ചാമ്പ്യന്‍ഷിപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിലും സെമിഫൈനലിലും പാകിസ്ഥാന്‍ ടീമിനോട് കളിക്കാന്‍ ഇന്ത്യന്‍ ചാമ്പ്യന്‍സ് ടീം വിസമ്മതിച്ചിരുന്നു. പഹല്‍ഗാം ആക്രമണവും അതിനെത്തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലുകളും ചൂണ്ടിക്കാട്ടിയാണ് ഇന്ത്യന്‍ ടീം പിന്മാറിയത്. ഈ വിഷയത്തില്‍ സംഘാടകരുടെ നിലപാടിനോട് പാക് ക്രിക്കറ്റ് ബോര്‍ഡിന് അതൃപ്തിയുണ്ട്.
വേള്‍ഡ് ചാമ്പ്യന്‍സ് ഓഫ് ലെജന്‍ഡ്സ് ടൂര്‍ണമെന്റില്‍ രണ്ടുതവണയാണ് ഇന്ത്യ പാകിസ്ഥാനെതിരേ കളിക്കില്ലെന്ന തീരുമാനമെടുത്തത്. ഗ്രൂപ്പ് സ്റ്റേജിലും സെമി ഫൈനലിലും ഇരുടീമുകളും നേര്‍ക്കുനേര്‍ വന്നു. എന്നാല്‍ ഇന്ത്യന്‍ താരങ്ങള്‍ പിന്മാറുകയായിരുന്നു. പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്ന് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം വഷളായതിനെ തുടര്‍ന്നാണ് ഇന്ത്യന്‍ ടീമിന്റെ തീരുമാനം. ലീഗ് ഘട്ടത്തില്‍ പാകിസ്ഥാനെതിരായ മത്സരത്തില്‍ നിന്ന് പിന്‍മാറിയിരുന്നെങ്കിലും സെമിയിലും ഇന്ത്യ അതേ നിലപാട് തുടരുമോ എന്ന സംശയം ഉണ്ടായിരുന്നു. എന്നാല്‍ മത്സരക്രമം തീരുമാനിച്ചയുടന്‍ പാകിസ്ഥാനെതിരേ സെമി കളിക്കാനില്ലെന്ന് ഇന്ത്യ അറിയിക്കുകയായിരുന്നു.
ഇന്ത്യയുടെ നിലപാടിന് പിന്നാലെ സ്വകാര്യ ലീഗുകളില്‍ പാകിസ്ഥാന്‍ എന്ന പേര് ഉപയോഗിക്കുന്നത് വിലക്കാനും പിസിബി തീരുമാനമെടുത്തതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. രണ്ടുതവണ ഇന്ത്യ കളിക്കാന്‍ വിസമ്മതിച്ചത് രാജ്യത്തിന്റെ പേരിന് കളങ്കമുണ്ടാക്കിയതായാണ് പിസിബിയുടെ വിലയിരുത്തല്‍. അതിനാല്‍ ഇനി മുതല്‍ സ്വകാര്യ ലീഗുകളില്‍ പാകിസ്ഥാന്‍ എന്ന പേര് ഉപയോഗിക്കുന്നതിന് വിലക്കുണ്ടായേക്കും. പേര് ഉപയോഗിക്കണമെങ്കില്‍ പിസിബിയുടെ അനുമതി വേണ്ടിവരും.
വിരമിച്ച ക്രിക്കറ്റ് താരങ്ങള്‍ പങ്കെടുത്ത ലെജന്‍ഡ്‌സ് ലോക ചാംപ്യന്‍ഷിപ്പില്‍ (ഡബ്ല്യുസിഎല്‍) ദക്ഷിണാഫ്രിക്ക വിജയിച്ചതിനു പിന്നാലെയാണ് പാക്ക് ക്രിക്കറ്റ് ബോര്‍ഡിന്റെ തീരുമാനം. ഫൈനലില്‍ പാക്കിസ്ഥാനെ 9 വിക്കറ്റിനു തകര്‍ത്താണ് ദക്ഷിണാഫ്രിക്ക ചാംപ്യന്‍മാരായത്. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 195 റണ്‍സ് നേടിയപ്പോള്‍ മറുപടി ബാറ്റിങ്ങില്‍ ദക്ഷിണാഫ്രിക്ക 16.5 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു.
60 പന്തില്‍ പുറത്താകാതെ 120 റണ്‍സ് നേടിയ എബി ഡിവില്ലിയേഴ്‌സിന്റെ ഇന്നിങ്‌സാണ് ദക്ഷിണാഫ്രിക്കയ്ക്ക് അനായാസ ജയമൊരുക്കിയത്. ടൂര്‍ണമെന്റില്‍ ഡിവില്ലിയേഴ്‌സിന്റെ മൂന്നാം സെഞ്ചറിയാണിത്. ഡിവില്ലിയേഴ്‌സ് തന്നെയാണ് ഫൈനലിലെയും ടൂര്‍ണമെന്റിലെയും താരം. ഇന്ത്യ പിന്മാറിയതോടെയാണ് പാക്കിസ്ഥാന്‍ ഫൈനലിനു നേരിട്ടു യോഗ്യത നേടിയത്.