സ്വന്തം മണ്ണില്‍ പാകിസ്ഥാന് കനത്ത തിരിച്ചടി; ത്രിരാഷ്ട്ര പരമ്പരയില്‍ ടീമിന് ദയനീയ തോല്‍വി; അഞ്ച് വിക്കറ്റ് ജയവുമായി ന്യൂസിലന്‍ഡ് ത്രിരാഷ്ട്ര പരമ്പര ജേതാക്കള്‍

Update: 2025-02-15 08:03 GMT

കറാച്ചി: സ്വന്തം മണ്ണില്‍ അരങ്ങേറുന്ന ചാമ്പ്യന്‍സ് ട്രോഫി പോരാട്ടത്തില്‍ മികവ് പ്രതീക്ഷിക്കുന്ന പാകിസ്ഥാന് കനത്ത തിരിച്ചടി. ത്രിരാഷ്ട്ര ഏകദിന പോരാട്ടത്തിന്റെ ഫൈനലില്‍ തോല്‍വി വഴങ്ങി അവര്‍ കിരീടം അടിയറവ് വച്ചു. 5 വിക്കറ്റ് ജയവുമായി ന്യൂസിലന്‍ഡ് ത്രിരാഷ്ട്ര പരമ്പര ജേതാക്കളായി. ഫൈനലില്‍ അനായാസ വിജയമാണ് കിവികള്‍ നേടിയത്. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാനെ 242 റണ്‍സില്‍ ഒതുക്കിയ കിവികള്‍ 45.2 ഓവറില്‍ 5 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 243 റണ്‍സെടുത്താണ് വിജയവും പരമ്പരയും നേടിയത്.

ഡാരില്‍ മിച്ചല്‍ (57), ടോം ലാതം (56) എന്നിവര്‍ അര്‍ധ സെഞ്ച്വറി നേടി. ഡെവോണ്‍ കോണ്‍വെ (48), കെയ്ന്‍ വില്ല്യംസന്‍ (34), ഗ്ലെന്‍ ഫിലിപ്സ് (പുറത്താകാതെ 20) എന്നിവരും തിളങ്ങി. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാനെ വില്‍ ഒ റൂര്‍ക്കിയുടെ മിന്നും ബൗളിങാണ് വെട്ടിലാക്കിയത്. താരം 9.3 ഓവറില്‍ 43 റണ്‍സ് വഴങ്ങി 4 വിക്കറ്റുകള്‍ വീഴ്ത്തി. മിച്ചല്‍ ബ്രാസ്വെല്‍, ക്യാപ്റ്റന്‍ മിച്ചല്‍ സാന്റ്നര്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി. ജേക്കബ് ഡഫി, നതാന്‍ സ്മിത്ത് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

പാകിസ്ഥാന്‍ നിരയില്‍ ക്യാപ്റ്റന്‍ മുഹമ്മദ് റിസ്വാനാണ് ടോപ് സ്‌കോററായത്. താരം 46 റണ്‍സെടുത്തു. ആഘ സല്‍മാന്‍ (45), തയ്യബ് താഹിര്‍ (38), ബാബര്‍ അസം (29), ഫഹീം അഷ്റഫ് (22), നസിം ഷാ (19) എന്നിവരും പൊരുതി.

Tags:    

Similar News