പിതാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് പിന്നാലെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലെ വിവാഹ ചിത്രങ്ങളും വീഡിയോകളും അപ്രത്യക്ഷമായി; പിന്നാലെ പോസ്റ്റുകള്‍ മുക്കി സഹ താരങ്ങളും; സ്മൃതി മന്ദാനയുമായുള്ള വിവാഹം റദ്ദാക്കിയെന്ന് അഭ്യൂഹം; പ്രതിശ്രുത വരന്‍ പലാഷ് മുച്ചാലിന്റെ രഹസ്യ ചാറ്റും
സാംഗ്ലി: ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം താരം സ്മൃതി മന്ദാനയുടെയും സംഗീത സംവിധായകൻ പലാഷ് മുച്ചലിൻ്റെയും വിവാഹം മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെയാണ് മാറ്റിവെച്ചത്. സ്മൃതിയുടെ പിതാവ് ശ്രീനിവാസ് മന്ദാനയ്ക്ക് അപ്രതീക്ഷിതമായി നെഞ്ചുവേദനയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെടുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തതാണ് ഈ തീരുമാനത്തിന് പിന്നിലെ പ്രധാന കാരണമായി പറയപ്പെടുന്നത്. എന്നാൽ പലാഷ് മുച്ചാലിന്റെതെന്ന് പറയപ്പെടുന്ന ഒരു ചാറ്റിന്റെ സ്‌ക്രീൻഷോട്ട് ഇതിന് പിന്നാലെ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
മേരി ഡി കോസ്റ്റയെന്ന പേരിലുള്ള അക്കൗണ്ടിലൂടെയാണ് പലാഷുമായി നടത്തിയ വാട്സ് ആപ്പ് ചാറ്റിന്‍റെ സ്ക്രീന്‍ ഷോട്ടുകൾ സമൂഹമാധ്യമത്തിലൂടെ പുറത്തുവിട്ടത്. ഇത് സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തു. എന്നാല്‍ ഇത് പലാഷുമായുള്ളതാണോ എന്ന കാര്യത്തില്‍ ഇതുവരെ സ്ഥിരീകരണമില്ല. പിതാവിനോട് അതീവ അടുപ്പം സൂക്ഷിക്കുന്ന സ്മൃതി മന്ദാന, അദ്ദേഹത്തിൻ്റെ ആരോഗ്യനില പൂർണ്ണമായും മെച്ചപ്പെടുന്നതുവരെ വിവാഹ ചടങ്ങുകളുമായി മുന്നോട്ട് പോകേണ്ടതില്ലെന്ന് തീരുമാനമെടുക്കുകയായിരുന്നു.
ഇതിനെത്തുടർന്ന്, വരനായ പലാഷ് മുച്ചലിനും മാനസിക സമ്മർദ്ദം കാരണം നേരിയ അസ്വസ്ഥതകളോടെ ആശുപത്രിയിൽ ചികിത്സ തേടേണ്ടി വന്നു. അദ്ദേഹം പിന്നീട് ഡിസ്ചാർജ് ചെയ്യപ്പെട്ടു. വിഷയത്തിൽ പലാഷിൻ്റെ സഹോദരിയും ഗായികയുമായ പാലക് മുച്ചൽ സോഷ്യൽ മീഡിയയിലൂടെ പ്രതികരിക്കുകയും, ഈ അഭ്യൂഹങ്ങളെല്ലാം തള്ളിക്കളയുകയും ചെയ്തു. സ്മൃതിയുടെ പിതാവിൻ്റെ ആരോഗ്യപരമായ കാരണങ്ങൾകൊണ്ടാണ് വിവാഹം മാറ്റിവെച്ചതെന്നും, ഈ നിർണ്ണായക സമയത്ത് കുടുംബത്തിൻ്റെ സ്വകാര്യതയെ മാനിക്കണമെന്നും അവർ അഭ്യർത്ഥിച്ചു.
എന്നാൽ സ്മൃതി മന്ദാന തൻ്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്ന് വിവാഹവുമായി ബന്ധപ്പെട്ട എല്ലാ പോസ്റ്റുകളും നീക്കം ചെയ്തതും അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടിയിട്ടുണ്ട്. നിലവിൽ, ഇരു കുടുംബങ്ങളും ശ്രീനിവാസ് മന്ദാനയുടെ ആരോഗ്യനില മെച്ചപ്പെടുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. വിവാഹത്തിൻ്റെ പുതിയ തീയതിയെക്കുറിച്ച് ഔദ്യോഗിക വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. സ്മൃതിയുടെ സഹതാരങ്ങളായ ജെമീമ റോഡ്രിഗസ്, ശ്രേയങ്ക പാട്ടീൽ എന്നിവർ തങ്ങളുടെ പ്രൊഫൈലുകളിൽ പങ്കുവെച്ച വിവാഹ നിശ്ചയത്തിന്റെ വീഡിയോയും ഈ കൂട്ടത്തിൽ നീക്കം ചെയ്യപ്പെട്ടു.
ഇതോടെ സ്മൃതിയും പലാശും തമ്മിൽ അകന്നുവോ എന്നുവരെയുള്ള ചോദ്യങ്ങൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു. എങ്കിലും, സ്മൃതിയുടെ പ്രൊഫൈലിൽ പലാശുമായി താൻ മുമ്പ് പങ്കുവെച്ച വ്യക്തിപരമായ ചിത്രങ്ങൾ ഇപ്പോഴും നിലനിർത്തുന്നുണ്ട് എന്ന വസ്തുത, ആരാധകരുടെ ആശങ്കകൾ അസ്ഥാനത്താണെന്ന് സൂചന നൽകുന്നു. വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങളും മെഹന്ദി പോലുള്ള പ്രീ-വെഡ്ഡിംഗ് ആഘോഷങ്ങളുടെ വീഡിയോകളുമാണ് താരങ്ങളും അവരുടെ സുഹൃത്തുക്കളും ഡിലീറ്റ് ചെയ്തത്. എങ്കിലും, സ്മൃതിയുടെ പ്രൊഫൈലിൽ പലശുമായി താൻ മുമ്പ് പങ്കുവെച്ച വ്യക്തിപരമായ ചിത്രങ്ങൾ ഇപ്പോഴും നിലനിർത്തുന്നുണ്ട്.
വിഷയം ചർച്ചയായതിനെ തുടർന്ന് സ്മൃതി മന്ദാനയുടെ മാനേജർ തുഹിൻ മിശ്ര വിഷയത്തിൽ വ്യക്തത വരുത്തിക്കൊണ്ട് രംഗത്തെത്തി. നിശ്ചയിച്ച വിവാഹം അനിശ്ചിതമായി മാറ്റിവച്ചതായി അദ്ദേഹം സ്ഥിരീകരിച്ചു. പിതാവിന്റെ ആരോഗ്യനില മോശമായി ആശുപത്രിയിൽ കഴിയുമ്പോൾ ഒരു ആഘോഷവുമായി മുന്നോട്ട് പോകാൻ സ്മൃതിക്ക് മാനസികമായി കഴിഞ്ഞിരുന്നില്ല. പിതാവിനോട് അതീവമായ സ്നേഹബന്ധം സൂക്ഷിക്കുന്ന താരം, അദ്ദേഹം പൂർണ്ണമായും സുഖം പ്രാപിച്ച ശേഷം മാത്രമേ ചടങ്ങുകൾ പുനരാരംഭിക്കൂ എന്ന് ഉറച്ച നിലപാടെടുക്കുകയായിരുന്നു.
"ആദ്യം മണിക്കൂറുകൾക്കുള്ളിൽ സ്ഥിതി മെച്ചപ്പെടുമെന്നാണ് കുടുംബം പ്രതീക്ഷിച്ചത്. എന്നാൽ, അദ്ദേഹത്തിന്റെ നില വഷളായതോടെ, ആരോഗ്യത്തിന് പ്രഥമ പരിഗണന നൽകാൻ അവർ ഉടനടി തീരുമാനമെടുത്തു. ഈ വൈകാരികമായ സാഹചര്യത്തിൽ ആഘോഷങ്ങളുമായി മുന്നോട്ട് പോകാനുള്ള മാനസികാവസ്ഥയിൽ സ്മൃതി ആയിരുന്നില്ല," മിശ്ര വിശദീകരിച്ചു.
നവംബർ 23 ഞായറാഴ്ച മഹാരാഷ്ട്രയിലെ സാംഗ്ലിയിലുള്ള ഫാം ഹൗസിൽ വെച്ച് നടത്താൻ നിശ്ചയിച്ചിരുന്ന വിവാഹത്തിൻ്റെ ഹൽദി, മെഹന്ദി, സംഗീത് ചടങ്ങുകൾ ദിവസങ്ങളായി ആഘോഷ പൂർവ്വം നടക്കുകയായിരുന്നു. എന്നാൽ ഞായറാഴ്ച രാവിലെ പ്രഭാതഭക്ഷണം കഴിക്കുന്നതിനിടെ ശ്രീനിവാസ് മന്ദാനയ്ക്ക് നെഞ്ചുവേദനയുണ്ടായി. അദ്ദേഹത്തെ ഉടൻതന്നെ സാംഗ്ലിയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. പ്രാഥമിക പരിശോധനയിൽ ഹൃദയാഘാതത്തിൻ്റെ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്നാണ് ഡോക്ടർമാർ നിരീക്ഷണത്തിലാക്കിയത്.
