സെഞ്ചുറിയോടെ ടെസ്റ്റ് ക്രിക്കറ്റിലേക്ക് ഗംഭീര തിരിച്ചുവരവ്; കാത്തിരിപ്പിന്റെ 797 ദിവസങ്ങള്‍; ഇന്ത്യന്‍ വിക്കറ്റ് കീപ്പറുടെ ഏറ്റവും കൂടുതല്‍ ടെസ്റ്റ് സെഞ്ചുറികളെന്ന ധോണിയുടെ റെക്കോഡിനൊപ്പം ഋഷഭ് പന്ത്
മിന്നും സെഞ്ചുറിയുമായി ഋഷഭ് പന്ത്
ചെന്നൈ: ബംഗ്ലാദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാമിന്നിങ്‌സില്‍ കിടിലന്‍ സെഞ്ചുറിയുമായി തിരിച്ചുവരവ് ഗംഭീരമാക്കി സ്റ്റാര്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഋഷഭ് പന്ത്. ടെസ്റ്റില്‍ താരത്തിന്റെ ആറാമത് സെഞ്ചുറി കൂടിയാണിത്. ഇതോടെ ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികള്‍ നേടുന്ന ഇന്ത്യന്‍ വിക്കറ്റ് കീപ്പറെന്ന റെക്കോഡില്‍ എം എസ് ധോണിക്ക് ഒപ്പമെത്താനും പന്തിനായി.
ബംഗ്ലാദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാം ദിനത്തില്‍ ഇന്ത്യയുടെ സ്‌കോര്‍ബോര്‍ഡിന് വേഗംകൂട്ടിയത് പന്തിന്റെ ഇന്നിങ്സായിരുന്നു. 128 പന്തില്‍ നിന്ന് നാല് സിക്സും 13 ഫോറുമടക്കം 109 റണ്‍സായിരുന്നു പന്തിന്റെ സമ്പാദ്യം. ടെസ്റ്റില്‍ താരത്തിന്റെ ആറാം സെഞ്ചുറി കൂടിയായിരുന്നു ഇത്.
2022 ഡിസംബറിലെ കാറപകടത്തിനു ശേഷം ഒരു വര്‍ഷത്തോളം കളിക്കളത്തില്‍നിന്ന് മാറിനിന്ന പന്തിന്റെ തിരിച്ചുവരവ് പുതുതലമുറയ്ക്ക് പ്രചോദനമാണ്. 797 ദിവസങ്ങള്‍ക്കൊടുവില്‍ ടെസ്റ്റില്‍ പന്ത് മൂന്നക്കത്തിലെത്തിയിരിക്കുകയാണ്. 2022 ജൂലായ് ഒന്നിന് ബര്‍മിങ്ങാമില്‍ ഇംഗ്ലണ്ടിനെതിരെയായിരുന്നു പന്തിന്റെ അവസാന ടെസ്റ്റ് സെഞ്ചുറി. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 2022 ജൂലായ് 17-ന് ശേഷമുള്ള ആദ്യ സെഞ്ചുറിയും. അന്ന് ഇംഗ്ലണ്ടിനെതിരായ ഏകദിനത്തില്‍ പന്ത് സെഞ്ചുറി നേടിയിരുന്നു.
ആറാം ടെസ്റ്റ് സെഞ്ചുറിയോടെ ഒരു ഇന്ത്യന്‍ വിക്കറ്റ് കീപ്പറുടെ ഏറ്റവും കൂടുതല്‍ ടെസ്റ്റ് സെഞ്ചുറികളെന്ന എം.എസ് ധോനിയുടെ റെക്കോഡിനൊപ്പമെത്താനും പന്തിനായി. സെഞ്ചുറി നേടിയ മറ്റൊരു ഇന്ത്യന്‍ താരം ശുഭ്മാന്‍ ഗില്ലിനൊപ്പം നാലാം വിക്കറ്റില്‍ പന്ത് കൂട്ടിച്ചേര്‍ത്ത 167 റണ്‍സ് ഇന്ത്യയുടെ രണ്ടാം ഇന്നിങ്സില്‍ നിര്‍ണായകമായി.
കാറപകടത്തില്‍ പരിക്കേറ്റതിന് ശേഷം ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയ ഋഷഭ് പന്തിന്റെ വലിയൊരു ഇടവേളക്ക് ശേഷമുള്ള ആദ്യ ടെസ്റ്റ് മത്സരമായിരുന്നു ബംഗ്ലാദേശിനെതിരായത്. ആദ്യ ഇന്നിങ്‌സില്‍ 39 റണ്‍സില്‍ പുറത്തായ താരം, രണ്ടാമിന്നിങ്‌സില്‍ 128 പന്തില്‍ നിന്ന് 109 റണ്‍സ് നേടിയാണ് പുറത്തായത്. 13 ബൗണ്ടറികളും നാല് സിക്‌സറുകളും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.