ശരിക്കും സൂപ്പറായത് പഞ്ചാബ് കിങ്‌സ്; ലക്നൗ സൂപ്പര്‍ ജയന്റ്സിനെ 8 വിക്കറ്റിന് തകര്‍ത്തു; തുടര്‍ച്ചയായ രണ്ടാം ജയവുമായി ശ്രേയസ്സും സംഘവും; ലക്നൗവിന് രണ്ടാം തോല്‍വി

ലക്നൗവിന് രണ്ടാം തോല്‍വി

Update: 2025-04-01 18:02 GMT

ലക്നൗ:സ്വന്തം കാണികള്‍ക്ക് മുന്നിലും ലക്നൗവിന് സൂപ്പറാകാന്‍ കഴിഞ്ഞില്ല.സണ്‍റൈസേഴ്സിനെതിരെ പുറത്തെടുത്ത പോരാട്ട വീര്യം അപ്പാടെ മറന്നപ്പോള്‍ പഞ്ചാബ് കിങ്ങ്സിനോടും ലക്നൗവിന് തോല്‍വി.ലക്നൗ 172 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബ് 22 പന്തുകള്‍ ബാക്കി നില്‍ക്കെ എട്ട് വിക്കറ്റിനാണ് വിജയിച്ച് കയറിയത്.ലക്‌നൗവിന്റെ ഹോം മൈതാനത്ത് പഞ്ചാബ് വിജയം കുറിച്ചത്.ഓപ്പണര്‍ പ്രഭ്‌സിംറാന്‍ സിംഗിന്റെ വെടിക്കെട്ട് അര്‍ദ്ധ സെഞ്ച്വറിയാണ് അനായാസ ജയത്തിന് വഴിയൊരുക്കിയത്. പ്രഭ്‌സിംറാന്‍ തന്നെയാണ്് കളിയിലെ താരവും.സ്‌കോര്‍: ലക്‌നൗ 171-7 (20) ്യു പഞ്ചാബ് 177-2 (16.2)

മൂന്ന് മത്സരങ്ങളില്‍ നിന്ന് എല്‍എസ്ജിയുടെ രണ്ടാം തോല്‍വിയാണിത്.കളിച്ച രണ്ട് മത്സരങ്ങളും വിജയിച്ച പഞ്ചാബ് പട്ടികയില്‍ ടോപ് ഫോറിലേക്ക് ഉയര്‍ന്നു.പ്രഭ്‌സിമ്രാന്‍ സിങിനെക്കൂടാതെ ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍,നേഹല്‍ വധേര എന്നിവരുടെ വെടിക്കെട്ട് ബാറ്റിങ്ങാണ് പഞ്ചാബിന്റെ ജയം എളുപ്പമാക്കിയത്.മൂന്നാം ഓവറില്‍ പ്രിയാന്‍ശ് ആര്യയെ (8) നഷ്ടപ്പെട്ട ശേഷം മൈതാനത്ത് പഞ്ചാബിന്റെ ബാറ്റിങ് വിരുന്നായിരുന്നു. 34 പന്തില്‍ നിന്ന് മൂന്ന് സിക്‌സും ഒമ്പത് ഫോറുമടക്കം 69 റണ്‍സെടുത്ത പ്രഭ്‌സിമ്രാനാണ് അവരുടെ ടോപ് സ്‌കോറര്‍. ശ്രേയസ് അയ്യര്‍ വെറും 30 പന്തില്‍ നിന്ന് നാലു സിക്‌സും മൂന്ന് ഫോറുമടക്കം 52 റണ്‍സോടെ പുറത്താകാതെ നിന്നു.

25 പന്തുകള്‍ നേരിട്ട നേഹല്‍ വധേര 43 റണ്‍സുമായി പുറത്താകാതെ നിന്നു. നാലു സിക്‌സും മൂന്ന് ഫോറുമടങ്ങുന്നതായിരുന്നു നേഹലിന്റെ ഇന്നിങ്‌സ്.രണ്ടാം വിക്കറ്റില്‍ പ്രഭ്‌സിമ്രാന്‍-ശ്രേയസ് അയ്യര്‍ സഖ്യം 84 റണ്‍സും മൂന്നാം വിക്കറ്റില്‍ ശ്രേയസ്-നേഹല്‍ സഖ്യം 67 റണ്‍സും സ്‌കോര്‍ബോര്‍ഡിലേക്ക് ചേര്‍ത്തു.പഞ്ചാബ് ഇന്നിങ്‌സില്‍ വീണ രണ്ടു വിക്കറ്റുകളും സ്വന്തമാക്കിയത് ലഖ്‌നൗ സ്പിന്നര്‍ ദിഗ്വേഷ് സിങ്ങായിരുന്നു.

നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ലക്നൗ,നിശ്ചിത 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തിലാണ് 171 റണ്‍സെടുത്തത്.30 പന്തില്‍ അഞ്ച് ഫോറും രണ്ടു സിക്സും ഹിതം 44 റണ്‍സെടുത്ത വിന്‍ഡീസ് താരം നിക്കൊളാസ് പുരാന്‍ ഒരിക്കല്‍ക്കൂടി ലക്നൗവിന്റെ ടോപ് സ്‌കോററായി.ഒരു ഘട്ടത്തില്‍ മൂന്നിന് 35 റണ്‍സ് എന്ന നിലയില്‍ തകര്‍ന്ന ലക്നൗവിനെ,നാലാം വിക്കറ്റില്‍ പുരാന്‍ ആയുഷ് ബദോനി സഖ്യം പടുത്തുയര്‍ത്തിയ അര്‍ധസെഞ്ചറി കൂട്ടുകെട്ടാണ് ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്.40 പന്തില്‍ ഇരുവരും ചേര്‍ന്ന് ലക്നൗ സ്‌കോര്‍ ബോര്‍ഡില്‍ എത്തിച്ചത് 54 റണ്‍സ്. ബദോനി 44 പന്തില്‍ ഒരു ഫോറും മൂന്നു സിക്സും സഹിതം 41 റണ്‍സെടുത്ത് പുറത്തായി.

ബാറ്റര്‍മാരെ ബോളര്‍മാര്‍ വരുതിക്കു നിര്‍ത്തുന്നതായിരുന്നു ഇന്നിങ്സിലുടനീളം കണ്ടതെങ്കില്‍,അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച് 12 പന്തില്‍ 27 റണ്‍സെടുത്ത അബ്ദുല്‍ സമദിന്റെ പ്രകടനം ശ്രദ്ധേയമായി.രണ്ടു വീതം സിക്സും ഫോറും സഹിതമാണ് സമദ് 27 റണ്‍സെടുത്തത്.ആറാം വിക്കറ്റില്‍ ബദോനി സമദ് സഖ്യം വെറും 21 പന്തില്‍ നിന്നും 47 റണ്‍സടിച്ചു കൂട്ടിയതും ലക്നൗ ഇന്നിങ്സില്‍ നിര്‍ണായകമായി.18 പന്തില്‍ നാലു ഫോറും ഒരു സിക്സും സഹിതം 28 റണ്‍സെടുത്ത ഓപ്പണര്‍ എയ്ഡന്‍ മര്‍ക്രമാണ് ലക്നൗ നിരയില്‍ തിളങ്ങിയ മറ്റൊരു താരം.

അതേസമയം, ഓപ്പണര്‍ മിച്ചല്‍ മാര്‍ഷ് (0), ക്യാപ്റ്റന്‍ ഋഷഭ് പന്ത് (അഞ്ച് പന്തില്‍ രണ്ട്) എന്നിവര്‍ നിരാശപ്പെടുത്തി.ഡേവിഡ് മില്ലര്‍ 18 പന്തില്‍ മൂന്നു ഫോറുകളോടെ 19 റണ്‍സെടുത്ത് പുറത്തായി.ഷാര്‍ദുല്‍ ഠാക്കൂര്‍ മൂന്നു പന്തില്‍ മൂന്നു റണ്‍സുമായി പുറത്താകാതെ നിന്നു.

പഞ്ചാബിനായി അര്‍ഷ്ദീപ് സിങ് നാല് ഓവറില്‍ 43 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റെടുത്തു. ഇതില്‍ 20 റണ്‍സും അര്‍ഷ്ദീപ് എറിഞ്ഞ 18ാം ഓവറില്‍ അബ്ദുല്‍ സമദ് അടിച്ചെടുത്തതാണ്. ലോക്കി ഫെര്‍ഗൂസന്‍, ഗ്ലെന്‍ മാക്സ്വെല്‍, മാര്‍ക്കോ യാന്‍സന്‍, യുസ്വേന്ദ്ര ചെഹല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

Tags:    

Similar News