സെഞ്ച്വറിയടിച്ച് പുറത്തായതിനു പിന്നാലെ പരിഹാസം; മുന്‍ ടീം അംഗങ്ങളെ ബാറ്റുകൊണ്ട് അടിക്കാനോങ്ങി പൃഥ്വി ഷാ; 'നന്ദിയുണ്ടേ'..., എന്ന് താരത്തെ പ്രകോപിപ്പിച്ചത് സര്‍ഫറാസിന്റെ സഹോദരന്‍
'നന്ദിയുണ്ടേ'..., എന്ന് പൃഥ്വി ഷായെ പ്രകോപിപ്പിച്ചത് സര്‍ഫറാസിന്റെ സഹോദരന്‍
മുംബൈ: രഞ്ജി ട്രോഫി സീസണിനു മുന്‍പുള്ള മുംബൈയ്‌ക്കെതിരായ സന്നാഹ മത്സരത്തില്‍ സെഞ്ചുറി നേടി പുറത്തായതിനു പിന്നാലെ മഹാരാഷ്ട്ര ബാറ്റര്‍ പൃഥ്വി ഷാ വിവാദ കുരുക്കില്‍. സെഞ്ചറി നേടിയ ശേഷം പുറത്തായപ്പോള്‍ മുംബൈ താരങ്ങളെ ബാറ്റു കൊണ്ട് അടിക്കാനോങ്ങിയാണു പൃഥ്വി ഷാ വിവാദത്തിനു വഴിയൊരുക്കിയത്. ഔട്ടായപ്പോള്‍ മുംബൈ താരങ്ങള്‍ പരിഹസിച്ചപ്പോഴായിരുന്നു പൃഥ്വിയുടെ നീക്കം. എന്നാല്‍ ഇന്ത്യന്‍ യുവതാരം മുഷീര്‍ ഖാന്റെ വാക്കുകളാണ് പൃഥ്വി ഷായെ പ്രകോപിപ്പിച്ചതെന്നാണു പുറത്തുവരുന്ന വിവരം. മത്സരത്തില്‍ 220 പന്തുകള്‍ നേരിട്ട പൃഥ്വി ഷാ 181 റണ്‍സാണു നേടിയത്. 21 ഫോറുകളും മൂന്നു സിക്‌സുകളും താരം ബൗണ്ടറി കടത്തിയിരുന്നു.
മുഷീര്‍ ഖാന്റെ പന്തിലാണ് പൃഥ്വി ഷാ മത്സരത്തില്‍ പുറത്താകുന്നത്. ഗ്രൗണ്ട് വിടുന്നതിനിടെ മുഷീര്‍ 'നന്ദിയുണ്ട്' എന്നു പറഞ്ഞതോടെയാണ് പൃഥ്വി ഷാ മറുപടിയുമായി തിരിച്ചുവന്നത്. മുംബൈ താരങ്ങളോടു തര്‍ക്കിച്ച പൃഥ്വി ഷാ ബാറ്റുകൊണ്ട് അടിക്കാനായി വീശി. എന്നാല്‍ മുംബൈ താരങ്ങളുടെ ശരീരത്തില്‍ ബാറ്റു തട്ടിയിരുന്നില്ല. ഫീല്‍ഡ് അംപയര്‍ ഇടപെട്ടാണ് പൃഥ്വി ഷായെ ഗ്രൗണ്ടില്‍നിന്നു കൊണ്ടുപോയത്. മുഷീര്‍ ഖാന്റെ നന്ദി പ്രകടനമാണ് പ്രശ്‌നങ്ങളുടെ തുടക്കമെന്ന് മുംബൈ, മഹാരാഷ്ട്ര ടീം മാനേജ്‌മെന്റുകളും സ്ഥിരീകരിച്ചിട്ടുണ്ട്.
220 പന്തില്‍ 181 റണ്‍സെടുത്ത ഷാ ഒടുവില്‍ ഇന്ത്യന്‍ താരം സര്‍ഫറാസ് ഖാന്റെ സഹോദരന്‍ മുഷീര്‍ ഖാന്റെ പന്തിലാണ് പുറത്താകുന്നത്. പുറത്തായതിനു പിന്നാലെ മുഷീറിന്റെ ആഘോഷവും മുംബൈ താരങ്ങളുടെ പരിഹാസവും ഷായെ പ്രകോപിപ്പിക്കുകയായിരുന്നു. വലിയ വാക്കേറ്റവും കയ്യാങ്കളിയുമാണ് പിന്നീട് അരങ്ങേറിയത്. മുന്‍ ടീം അംഗങ്ങളെ ബാറ്റുവീശി അടിക്കാനൊരുങ്ങിയ ഷായെ, സഹ ബാറ്ററാണ് തടഞ്ഞത്. മുഷീറിന്റെ കോളറില്‍ ഷാ പിടിച്ചതായും റിപ്പോര്‍ട്ടുണ്ട്. അമ്പയര്‍മാര്‍ ഇടപെട്ട് ഏറെ പണിപ്പെട്ടാണ് തര്‍ക്കം അവസാനിപ്പിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
മത്സരത്തില്‍ മഹാരാഷ്ട്രയുടെ അര്‍ഷിന്‍ കുല്‍ക്കര്‍ണിയുമായി 305 റണ്‍സിന്റെ കൂട്ടുകെട്ടും ഷാ പടുത്തുയര്‍ത്തിയിരുന്നു. തന്നെ പുറത്താക്കിയ ടീമിനെതിരേ ഇരട്ട സെഞ്ചുറിയിലേക്ക് കുതിക്കുമ്പോഴാണ് താരം പുറത്താകുന്നത്. മോശം ഫോം കാരണം ഇന്ത്യന്‍ ടീമില്‍ നിന്നും പുറത്തായ ഷാ കളത്തിനകത്തും പുറത്തും മോശം പെരുമാറ്റം കാരണം കുപ്രസിദ്ധനാണ്. ഒരു തിരിച്ചിവരവിന് ശ്രമിക്കവെ മികച്ച ബാറ്റിങ് പുറത്തെടുത്ത ശേഷമാണ് താരം ഇപ്പോള്‍ വീണ്ടും വിവാദത്തിലായിരിക്കുന്നത്.
ഇന്ത്യന്‍ ക്രിക്കറ്റ് താരം സര്‍ഫറാസ് ഖാന്റെ സഹോദരനാണ് മുഷീര്‍ ഖാന്‍. ''ഇതൊരു സന്നാഹ മത്സരമാണ്. അവരെല്ലാം മുന്‍പ് ഒരുമിച്ചു കളിച്ചിട്ടുള്ള താരങ്ങളാണ്. ഇങ്ങനെയുള്ള സംഭവങ്ങള്‍ ചിലപ്പോഴൊക്കെ നടക്കാം. അതില്‍ ഒരു പ്രശ്‌നവുമില്ല.'' മഹാരാഷ്ട്ര ക്യാപ്റ്റന്‍ അങ്കിത് ഭാവ്‌നെ മാധ്യമങ്ങളോടു പ്രതികരിച്ചു. കഴിഞ്ഞ 8 വര്‍ഷക്കാലം ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ മുംബൈ ടീമില്‍ അംഗമായിരുന്ന പൃഥ്വി ഷായെ കഴിഞ്ഞവര്‍ഷം മുംബൈ ടീമില്‍നിന്ന് ഒഴിവാക്കിയിരുന്നു. അച്ചടക്ക ലംഘനവും ഫിറ്റ്‌നസ് പ്രശ്‌നങ്ങളും ചൂണ്ടിക്കാട്ടിയാണ് മുംബൈ ടീം പൃഥ്വിയെ കയ്യൊഴിഞ്ഞത്. തുടര്‍ന്നാണ് ഈ സീസണില്‍ താരം മഹാരാഷ്ട്ര ടീമിലേക്ക് കൂടുമാറിയത്.