ടി20 ലോകകപ്പില്‍ ഇന്ന് ആദ്യ സെമി; കൊല്‍ക്കത്തയില്‍ ദക്ഷിണാഫ്രിക്കയും ന്യൂസിലന്‍ഡും ഏറ്റുമുട്ടും; കരുത്തരുടെ പോരാട്ടത്തില്‍ ആരാകും വിജയികള്‍
ടി20 ലോകകപ്പില്‍ ഇന്ന് ആദ്യ സെമി; കൊല്‍ക്കത്തയില്‍ ദക്ഷിണാഫ്രിക്കയും ന്യൂസിലന്‍ഡും ഏറ്റുമുട്ടും
കൊല്‍ക്കത്ത: ടി20 ലോകകപ്പില്‍ ഇന്ന് ദക്ഷിണാഫ്രിക്ക - ന്യൂസിലന്‍ഡ് ആദ്യ സെമി ഫൈനല്‍ ഇന്ന് നടക്കും. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സ് സ്റ്റേഡിയത്തില്‍ രാത്രി ഏഴിനാണ് കളി. ഗ്രൂപ്പ് ഘട്ടത്തില്‍ ന്യൂസിലന്‍ഡിനെതിരെ നേടിയ ആധികാരിക ജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ദക്ഷിണാഫ്രിക്ക ഇന്ന് കളത്തില്‍ ഇറങ്ങുന്നത്. ഇന്നത്തെ മത്സരത്തില്‍ വിജയിച്ചാല്‍ തുടര്‍ച്ചയായി രണ്ട് തവണ ഫൈനലിലെത്തുന്ന ടീമായി സൗത്ത് ആഫ്രിക്ക മാറും.
പേസര്‍മാരാണ് ആഫ്രിക്കന്‍ ടീമിനെ നയിക്കുന്നത്. ലുന്‍ഗി എന്‍ഗിഡി, കഗീസോ റബാദ, മാര്‍കോ യാന്‍സെണ്‍, കോര്‍ബിന്‍ ബോഷ് എന്നിവരുള്‍പ്പെട്ട പേസ് നിര ലോകകപ്പിലെ മികച്ച സംഘമാണ്. ക്യാപ്റ്റന്‍ എയ്ദന്‍ മാര്‍ക്രമാണ് ബാറ്റിങ് നിരയുടെ കരുത്ത്. കിവീസിനെതിരെ 44 പന്തില്‍ 86 റണ്ണാണ് ഗ്രൂപ്പ് ഘട്ടത്തില്‍ നേടിയത്. റ്യാന്‍ റിക്കിള്‍ടണ്‍, ഡെവാള്‍ഡ് ബ്രെവിസ്, ഡേവിഡ് മില്ലര്‍, ട്രിസ്റ്റണ്‍ സ്റ്റബ്‌സ് തുടങ്ങിയ വമ്പന്‍ നിരയാണുള്ളത്. ഓപ്പണര്‍ ക്വിന്റണ്‍ ഡി കോക്കിന്റെ മോശം പ്രകടനം മാത്രമാണ് ആശങ്ക.
ഐസിസി വേദികളിലെ നോക്കൗട്ട് മത്സരങ്ങളില്‍ ദക്ഷിണാഫ്രിക്കയെ മൂന്ന് തവണ തോല്‍പ്പിച്ചുണ്ട് ന്യൂസലന്‍ഡ് തോല്‍പ്പിച്ചിട്ടുണ്ട്. 2011, 2015 ഏകദിന ക്രിക്കറ്റ് ലോകകപ്പിലും 2025ലെ ചാംപ്യന്‍സ് ട്രോഫിയിലുമാണ് കിവീസ് ദക്ഷിണാഫ്രിക്കയെ തകര്‍ത്തത്. സൂപ്പര്‍ എട്ടില്‍ ലങ്കയ്‌ക്കെതിരെ നേടിയ ഒറ്റ ജയമാണ് കിവീസിന് സെമിയിലേക്കുള്ള വഴിയൊരുക്കിയത്. അവസാന മത്സരത്തില്‍ ഇംഗ്ലണ്ടിനോട് ടീം തോറ്റിരുന്നു. ക്യാപ്റ്റന്‍ സാന്റ്‌നെറുടെ ഓള്‍ റൗണ്ട് മികവാണ് കിവീസിന്റെ കരുത്ത്. മറ്റൊരു ഓള്‍ റൗണ്ടര്‍ ഗ്ലെന്‍ ഫിലിപ്‌സും മുതല്‍ക്കൂട്ടാണ്. കോള്‍ മക്കോന്‍ഷിയുടെ പ്രകടനവും നിര്‍ണായകമാകും. ബാറ്റിങ്ങില്‍ തെളിയാത്ത രചിന്‍ രവീന്ദ്ര ലങ്കന്‍ പിച്ചുകളില്‍ മികച്ച ബൗളിങ് പ്രകടനമായിരുന്നു പുറത്തെടുത്തത്.
ദക്ഷിണാഫ്രിക്കന്‍ ടീം:
ക്വിന്റണ്‍ ഡി കോക്ക്, എയ്ദന്‍ മാര്‍ക്രം (ക്യാപ്റ്റന്‍), റ്യാന്‍ റിക്കിള്‍ടെണ്‍, ഡെവാള്‍ഡ് ബ്രെവിസ്, ഡേവിഡ് മില്ലര്‍, ട്രിസ്റ്റണ്‍ സ്റ്റബ്‌സ്, മാര്‍കോ യാന്‍സെണ്‍, കോര്‍ബിന്‍ ബോഷ്, കഗീസോ റബാദ, കേശവ് മഹാരാജ്, ലുന്‍ഗി എന്‍ഗിഡി.
ന്യൂസിലന്‍ഡ്:
ടിം സീ-ഫെര്‍ട്ട്, ഫിന്‍ അല്ലെന്‍, രചിന്‍ രവീന്ദ്ര, ഗ്ലെന്‍ ഫിലിപ്‌സ്, ഡാരില്‍ മിച്ചെല്‍, മാര്‍ക് ചാപ്മാന്‍, മിച്ചെല്‍ സാന്റ്‌നെര്‍ (ക്യാപ്റ്റന്‍), കോള്‍ മക്കോന്‍ഷി/ജയിംസ് നീഷം, മാറ്റ് ഹെന്റി/ജേക്കബ് ഡഫി, ഇഷ് സോധി, ലോക്കി ഫെര്‍ഗൂസന്‍.
